16 June Sunday

ഏഷ്യാനെറ്റ‌് സർവേ അശാസ‌്ത്രീയം ; ഉപതെരഞ്ഞെടുപ്പ‌്‌ ഫലം യാഥാർഥ്യം

വി ജയിൻUpdated: Sunday Feb 24, 2019

തിരുവനന്തപുരം
ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഫലസാധ്യത പ്രവചിച്ച‌് ഏഷ്യാനെറ്റ‌് ന്യൂസും ബംഗളൂരു ആസ്ഥാനമായ എ ഇസഡ‌് റിസർച്ച‌് പാർട‌്ണേഴ‌്സും നടത്തിയ സർവേയുടെ സാധുത  ചോദ്യംചെയ്യപ്പെടുന്നു.

കേരളത്തിന്റെ പൊതുവികാരം പ്രതിഫലിക്കുന്ന വിധത്തിൽ ജനാധിപത്യപരമായോ ശാസ‌്ത്രീയമായോ അല്ല സർവേ നടന്നതെന്ന‌് ഏഷ്യാനെറ്റ‌് ന്യൂസ‌് തന്നെ പറയുന്നു. 20 ലോക‌്സഭാ മണ്ഡലത്തിൽ 11 മണ്ഡലത്തിൽ മാത്രമാണ‌് സർവേ നടത്തിയത‌്. ഫെബ്രുവരി 14ന‌് കേരളത്തിലെ 17 ലോക‌്സഭാ മണ്ഡലത്തിലെ 30 തദ്ദേശഭരണ വാർഡുകളിലേക്ക‌് നടന്ന ഉപതെരഞ്ഞെടുപ്പിലെ ഫലമാണ‌് ഏഷ്യാനെറ്റ‌് സർവേയുടെ അശാസ‌്ത്രീയത  തുറന്നുകാട്ടുന്നത‌്.

തദ്ദേശ ഉപതെരഞ്ഞെടുപ്പ‌് നടന്ന 30 വാർഡ‌് കാസർകോട‌് മുതൽ തിരുവനന്തപുരംവരെയുള്ള 17 ലോക‌്സഭാ മണ്ഡലത്തിലായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, കോട്ടയം, എറണാകുളം, ചാലക്കുടി, തൃശൂർ, ആലത്തൂർ, പാലക്കാട‌്, പൊന്നാനി, കോഴിക്കോട‌്, വടകര, വയനാട‌്, കണ്ണൂർ, കാസർകോട‌് എന്നിവാണ‌് ഈ മണ്ഡലങ്ങൾ. 56,860 പേർ വോട്ട‌് രേഖപ്പെടുത്തിയിരുന്നു.

ഏഷ്യാനെറ്റ‌് സർവേയിൽ കാസർകോട‌്, വടകര, കോഴിക്കോട‌്, ആലത്തൂർ, പൊന്നാനി, തൃശൂർ, ചാലക്കുടി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ  11  മണ്ഡലത്തിലെ  5500 പേർ മാത്രമാണ‌് പങ്കെടുത്തത‌്.  ഇത‌് യാഥാർഥ്യമോ എന്നറിയില്ല. തദേശ സ്ഥാപനങ്ങളിലേക്ക‌് വോട്ട‌് ചെയ‌്തവരുടെ എണ്ണവും ഫലവും പൂർണമായും വസ‌്തുതയാണ‌്. ജനങ്ങളുടെ വോട്ടിൽ എൽഡിഎഫിന‌് 16 സീറ്റ‌് ലഭിച്ചപ്പോൾ യുഡിഎഫിന‌് 12 സീറ്റ‌്. ഏഷ്യാനെറ്റ‌് ന്യൂസ‌്–- എ ഇസഡ‌് റിസർച് പാർട‌്ണേഴ‌്സ‌് സർവേയിൽ യുഡിഎഫിന‌് നൽകുന്നത‌് 14 മുതൽ 16വരെ ലോക‌്സഭാ സീറ്റുകൾ. എൽഡിഎഫിന‌് മൂന്നുമുതൽ അഞ്ചുവരെ സീറ്റുകളും ബിജെപിക്ക‌് ഒന്നും.

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 56,860 പേർ വോട്ടു ചെയ‌്തപ്പോൾ എൽഡിഎഫിന‌് 25,698 വോട്ട‌് ലഭിച്ചു.  പോൾ ചെയ‌്ത വോട്ടിന്റെ 45.2  ശതമാനം. യുഡിഎഫിന‌് 21868 വോട്ടും(38.46 ശതമാനം) ബിജെപിക്ക‌് 7203 വോട്ടും(12.7 ശതമാനം). സ്വതന്ത്ര സ്ഥാനാർഥികൾക്ക‌് 1014 വോട്ടും(1.78 ശതമാനം) മറ്റുള്ളവർക്ക‌് 1077(1.88 ശതമാനം) വോട്ടും ലഭിച്ചു.
11  ലോക‌്സഭാ മണ്ഡലങ്ങളിലെ ആകെ 5500 പേരുടെ അഭിപ്രായം കണക്കിലെടുത്താണ‌് കേരളത്തിലാകെ നടക്കുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾ സംബന്ധിച്ച‌് ഏഷ്യാനെറ്റ‌്  പ്രവചനം നടത്തിയത‌്. ശബരിമലപ്രശ‌്നം യുഡിഎഫിന‌് നേട്ടമാകുമെന്നാണ‌് ഏഷ്യാനെറ്റ‌് സർവേ പറഞ്ഞത‌്. എന്നാൽ, ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ റാന്നി പഞ്ചായത്തിലെ പുതുശേരിമല പടിഞ്ഞാറ‌് വാർഡിൽ ജയിച്ചത‌് എൽഡിഎഫ‌്. ശബരിമല പ്രശ‌്നം കത്തിനിന്ന നവംബർ 29ന‌് നടന്ന ഉപതെഞ്ഞെടുപ്പിൽ 39ൽ 20 സീറ്റ‌് എൽഡിഎഫാണ‌് നേടിയത‌്.

യുഡിഎഫിന‌് 11 സീറ്റും ബിജെപിക്ക‌് രണ്ട‌് സീറ്റും ലഭിച്ചിരുന്നു. ഫെബ്രുവരി പകുതിയായപ്പോൾ ലോക‌്സഭാ തെരഞ്ഞെടുപ്പിനോട‌് വളരെ അടുത്തുകഴിഞ്ഞു. ഏഷ്യാനെറ്റ‌് സർവേക്കുശേഷമാണ‌് ഉപതെരഞ്ഞെടുപ്പ‌് നടന്നത‌്.

ഏഷ്യാനെറ്റ‌് സർവേയിൽ 18 ശതമാനം വോട്ടും ഒരു സീറ്റും വച്ചുനീട്ടുന്ന ബിജെപിക്ക‌് ഉപതെരഞ്ഞെടുപ്പിൽ 12.7 ശതമാനം വോട്ടാണ‌് ലഭിച്ചത‌്. യുഡിഎഫിന‌് 44 ശതമാനം വോട്ടിൽനിന്നാണ‌് 16 വരെ  സീറ്റ‌് പ്രവചിച്ചത‌്. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന‌് അതിൽ കൂടുതൽ വോട്ടുണ്ട‌്; 45.19 ശതമാനം. യുഡിഎഫിന‌് 38.46 ശതമാനം. 30 ശതമാനമെന്നത‌് പ്രവചനവും 45.19 ശതമാനം യാഥാർഥ്യവും. ജനങ്ങൾ നേരിട്ട‌് വോട്ട‌് നൽകി സൃഷ‌്ടിച്ച യഥാർഥ ജനവിധി മുന്നിലുള്ളപ്പോഴാണ‌് സാങ്കൽപ്പിക സർവേയുമായി ഏഷ്യാനെറ്റ‌് ജനങ്ങളെ കബളിപ്പിക്കാനിറങ്ങിയത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top