27 February Thursday
ആയിരംപേർക്ക്‌ തൊഴിൽ നൽകുന്ന വ്യവസായങ്ങൾക്ക് ഭൂപരിഷ്കരണ നിയമത്തിൽ ഇളവ്

ജോലി നൽകിയാൽ വൻ ഇളവ്‌ ; വ്യവസായക്കുതിപ്പിന്‌ 13 പ്രഖ്യാപനം

സന്തോഷ്‌ ബാബുUpdated: Friday Jan 10, 2020


കൊച്ചി
കേരളത്തിന്റെ വ്യവസായ കുതിപ്പിന്‌ വേഗം കുട്ടുന്ന 13   പ്രഖ്യാപനങ്ങളോടെ ആഗോള നിക്ഷേപകസംഗമം–-‘അസെൻഡ് കേരള 2020’  തുടങ്ങി.  ബോൾഗാട്ടി ലുലു കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു.

ഒറ്റ തൊഴിൽ ദിനം പോലും നഷ്‌ടപ്പെടാതിരിക്കാൻ പ്രത്യേക സമിതി, 1000 പേരിൽ കൂടുതൽ ജോലി നൽകുന്ന സ്ഥാപനങ്ങൾക്ക്‌ ഭൂപരിഷ്‌കരണ ചട്ടങ്ങളിൽ ഇളവ്‌, പഞ്ചായത്തുറോഡുകളിൽ കെട്ടിട നിർമാണ നിബന്ധനകളിൽ ഇളവ്‌ അടക്കം നിക്ഷേപകരെ ആകർഷിക്കാനുതകുന്ന നടപടികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.  250 കോടി രൂപയിലേറെ നിക്ഷേപമുള്ളതോ ആയിരം പേർക്ക് നേരിട്ട് തൊഴിൽ കൊടുക്കുന്നതോ ആയ വ്യവസായങ്ങൾക്കാണ്‌ ഭൂപരിഷ്കരണനിയമത്തിൽ ഇളവ്. ഇവയ്‌ക്ക്‌ 15 ഏക്കറിലധികം ഭൂമി കൈവശം വയ്ക്കാമെന്ന മാറ്റവും കൊണ്ടുവരും. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ  പ്രോത്സാഹിപ്പിക്കും.

വ്യവസായങ്ങൾക്കായി പഞ്ചായത്തുകളിൽ റോഡിന്റെ വീതിക്ക് ആനുപാതികമായേ കെട്ടിടം നിർമിക്കാവൂ എന്ന നിയമം ഇളവുചെയ്യും.  എട്ടു മീറ്റർ വീതിയിലുള്ള റോഡിനുസമീപവും 18,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടം നിർമിക്കാം.

 

 

വ്യവസായ യൂണിറ്റുകൾക്ക് ആവശ്യമായ വൈദ്യുതി 30 ദിവസത്തിനുള്ളിൽ ലഭ്യമാക്കും.  അടുത്തുള്ള ജലസ്രോതസ്സിൽനിന്ന്‌ ആവശ്യമായ വെള്ളം എടുക്കാൻ അനുമതി നൽകും. അതോടൊപ്പം  മഴവെള്ളസംഭരണിയും നിർബന്ധമാക്കും. 20,000 ചതുരശ്ര മീറ്ററിൽ അധികമുള്ള ഫാക്ടറി ലേഔട്ട് പ്ലക്സുകൾക്ക് ഏകജാലക സംവിധാനത്തിലൂടെ പാരിസ്ഥിതികാനുമതി നൽകും.

നിലവിലുള്ള വ്യവസായശേഷി വർധിപ്പിക്കുമ്പോൾ കാലതാമസം വരാതിരിക്കാൻ വൈദ്യുതിയും വെള്ളവും ഫാസ്റ്റ് ട്രാക്കിലൂടെ അനുവദിക്കും. വ്യവസായ സ്ഥാപനങ്ങളുടെ വൈദ്യുതി കണക്‌ഷൻ അപ്​ഗ്രേഡ് ചെയ്യുമ്പോൾ അടയ്ക്കേണ്ട തുക ഗഡുക്കളാക്കി നൽകും. പുതിയ വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക്‌  ആദ്യ അഞ്ചുവർഷം പ്രതിമാസ സബ്സിഡി നൽകും.  തൊഴിലാളികളിൽ പുരുഷനേക്കാൾ 2000 രൂപ സ്ത്രീകൾക്ക്‌ കൂടുതൽ നൽകും.

സ്ത്രീകൾക്ക് രാത്രി ഏഴുമുതൽ രാവിലെ ആറുവരെ ഫാക്ടറികളിൽ ജോലി ചെയ്യാം.  താമസം, യാത്രാസൗകര്യം എന്നിവ ഉടമ സജ്ജീകരിക്കണം. തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കുന്നതിനുള്ള അനുമതി ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാക്കും. തൊഴിൽപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക സമിതികളുണ്ടാക്കും.

ആഗോള നിക്ഷേപ സംഗമം അസെൻഡ്‌ കേരള 2020 കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.   മന്ത്രി ഇ പി ജയരാജൻ, ചീഫ്‌ സെക്രട്ടറി  ടോം ജോസ്‌,  വ്യവസായികളായ, എം എ യൂസഫലി, രവി പിള്ള , വ്യവസായ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ  എന്നിവർ സമീപം    ഫോട്ടോ കെ എസ്‌ പ്രവീൺ കുമാർ

ആഗോള നിക്ഷേപ സംഗമം അസെൻഡ്‌ കേരള 2020 കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രി ഇ പി ജയരാജൻ, ചീഫ്‌ സെക്രട്ടറി ടോം ജോസ്‌, വ്യവസായികളായ, എം എ യൂസഫലി, രവി പിള്ള , വ്യവസായ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ എന്നിവർ സമീപം ഫോട്ടോ കെ എസ്‌ പ്രവീൺ കുമാർ


 


പ്രധാന വാർത്തകൾ
 Top