26 February Wednesday

സംരംഭങ്ങള്‍ക്ക് സുഗമപാതയൊരുക്കി സര്‍ക്കാര്‍ വകുപ്പുകള്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 10, 2020

ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി ഇ പി ജയരാജനും പ്രവാസി വ്യവസായി എം എ യൂസഫലിക്കുമൊപ്പം


കൊച്ചി
കേരളത്തിൽ വ്യവസായ നിക്ഷേപ പാത സുഗമമാണെന്ന് വ്യക്തമാക്കി ‘അസെൻഡ് 2020’ ലോക നിക്ഷേപക സംഗമം. വ്യവസായ അനുമതികളെയും അനുബന്ധ സേവനങ്ങളെയും കുറിച്ചുള്ള ചർച്ചയിൽ സംരംഭകർക്കും അതാഗ്രഹിക്കുന്നവർക്കും ആത്മവിശ്വാസം പകരാനെത്തിയത് സംസ്ഥാനത്തെ വ്യവസായ പ്രോത്സാഹന ഏജൻസികളുടെ തലവന്മാർ. നൂതന പരിഷ്കരണനടപടികൾ ഒന്നൊന്നായി അവർ അവതരിപ്പിച്ചപ്പോൾ മുൻനിര വ്യവസായികൾ അടങ്ങിയ സദസ്സിന്റെ കൈയടി.
മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള വ്യവസായ പാർക്കുകൾ, ഏകജാലക സംവിധാനം, അനായാസ വായ്പകൾ തുടങ്ങിയ മികച്ച സൗകര്യങ്ങളാണ് കേരളം ഒരുക്കിയിരിക്കുന്നതെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ പറഞ്ഞു. സാമൂഹ്യം, ആരോഗ്യം, വിദ്യാഭ്യാസം, പൊതുഭരണം, ഇന്നോവേഷൻ എന്നീ അഞ്ച് മേഖലകളിലെ മികവ് നിക്ഷേപകരെ കേരളത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.

വ്യവസായ അനുമതിക്കുള്ള ഏകജാലക സംവിധാനമായ കെ സ്വിഫ്റ്റിന്റെ പ്രവർത്തനരീതി വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് വിശദീകരിച്ചു. കേരളത്തിൽ 1.31 ലക്ഷം ചെറുകിട യൂണിറ്റുകൾ 10,535 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. 8.64 ലക്ഷം തൊഴിലവസരങ്ങളും ഇവർ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


 

കേരളത്തിൽ പുതുതായിവരുന്ന വ്യവസായ പാർക്കുകളുടെ സവിശേഷതകൾ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ ബിജു വിശദീകരിച്ചു.
നവസംരംഭകരുടെ അപേക്ഷകൾക്ക് പ്രാരംഭ, അന്തിമ അനുമതി നൽകാൻ കെഎസ്ഐഡിസി സ്വീകരിക്കുന്ന നടപടികൾ മാനേജിങ്‌ ഡയറക്ടർ എം ജി രാജമാണിക്യം വിശദീകരിച്ചു. കിൻഫ്രയിലെ 24 പാർക്കുകളിലൂടെ 700 വ്യവസായ സ്ഥാപനങ്ങളാണ് കേരളത്തിൽ പ്രവർത്തിക്കുന്നതെന്ന് കിൻഫ്ര മാനേജിങ്‌ ഡയറക്ടർ സന്തോഷ് കോശി തോമസ് പറഞ്ഞു.

ഇതിലൂടെ 1750 കോടി രൂപയുടെ വ്യവസായ നിക്ഷേപമാണ് സംസ്ഥാനത്ത് എത്തിയത്. കിൻഫ്രയുടെ കൈവശം വ്യവസായം തുടങ്ങാൻ 7000 ഏക്കർ ലാൻഡ്‌ ബാങ്കാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top