22 October Tuesday

അഴിമതി: ആന്റോ ആന്റണി എംപിയുടെ സഹോദരനെ ബാങ്കിൽനിന്ന‌് പിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

കോട്ടയം
പൂഞ്ഞാർ സർവീസ‌് സഹകരണ ബാങ്കിൽ വായ‌്പ നൽകിയതിലെ ക്രമക്കേട‌് കണ്ടെത്തിയതിനെ തുടർന്ന‌് കാരണക്കാരനായ ബാങ്ക‌് സെക്രട്ടറിയെ പിരിച്ചുവിട്ടു. ആന്റോ ആന്റണി എംപിയുടെ സഹോദരൻ ചാൾസ‌് ആന്റണിയെയാണ‌് താൽകാലിക അഡ‌്മിനിസ‌്ട്രേറ്റീവ‌് ഓഫീസറായ വി ആർ ജയൻ പിരിച്ചുവിട്ടത‌്.

അടുപ്പക്കാർക്ക‌് അനർഹമായ വായ‌്പ ലഭിക്കാൻ ഒത്താശ ചെയ‌്തതിനാണ‌് നടപടി. 2017–-18 വർഷത്തെ ഓഡിറ്റിലാണ‌് അപാകം കണ്ടെത്തിയത‌്. കഴിഞ്ഞ വർഷം ഡിസംബറിൽ ഭരണസമിതി പിരിച്ചുവിട്ട‌് ഭരണം താൽക്കാലിക അഡ‌്മിനിസ‌്ട്രേറ്റർക്ക‌് കൈമാറിയിരുന്നു. ഗുരുതരമായ നിരവധി കുറ്റങ്ങളാണ‌് ചാൾസ‌് ആന്റണിക്കെതിരെ അന്വേഷണത്തിൽ തെളിഞ്ഞത‌്. ആവശ്യമായ രേഖകൾ ഹാജരാക്കാതെ വായ‌്പാപേക്ഷകൾ കമ്മിറ്റിയിൽ ഹാജരാക്കി പാസാക്കി. ബാധ്യതാ സർട്ടിഫിക്കറ്റോ, കൈവശാവകാശ സർട്ടിഫിക്കറ്റോ പോലും ഉൾപ്പെടുത്തിയിരുന്നില്ല. ഒരേ വസ‌്തുവിന്റെ ഈട‌് സ്വീകരിച്ച‌് അതേ വസ‌്തുവിന‌് മതിപ്പുവില വ്യത്യസ‌്തമായി കാണിച്ചു. വസ‌്തുവിന്റെ വിലനിർണയം ശരിയായി നടത്തിയില്ല. ബാങ്കിലെ ഒമ്പത‌് അംഗങ്ങളുടെ പേരിൽ 85,90,000 രൂപ വായ‌്പക്കായി മതിയായ വിലയില്ലാത്ത ഒരേ വസ‌്തുവിന്റെ ഈടിൻമേൽ ചാൾസ‌് ആന്റണി ശുപാർശ ചെയ‌്തിട്ടുണ്ട‌്. ഇത്തരത്തിൽ മതിയായ ഈടില്ലാതെ നിരവധി വായ‌്പകൾക്ക‌് ചാൾസ‌് ഇടപെടൽ നടത്തി.

ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ടൊയോട്ട ഇന്നോവ കാർ ഉപയോഗിക്കുന്നതിന‌് ലോഗ‌് ബുക്ക‌് കൃത്യമായി എഴുതിയില്ല. ഇന്ധന ചെലവ‌് സംബന്ധിച്ച‌് കൃത്യമായ കണക്കില്ല. അഴിമതി മൂലം ബാങ്കിന്റെ വിശ്വാസ്യത ഇടിഞ്ഞതായി അഡ‌്മിനിസ‌്ട്രേറ്ററുടെ റിപ്പോർട്ടിൽ പറയുന്നു. അംഗങ്ങൾ നിക്ഷേപം പിൻവലിച്ചതായും റിപ്പോർട്ടിലുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top