18 September Wednesday

കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ കാണിച്ചത് ക്രൂരമായ അനാസ്ഥ: പി ജയരാജന്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019

ധര്‍മശാല> ബക്കളം നെല്ലിയോട്ടെ പാര്‍ഥ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ക്രൂരമായ അനാസ്ഥയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. കെട്ടിടനിര്‍മാണ ചട്ടമനുസരിച്ച് കെട്ടിട നമ്പര്‍ നല്‍കാനുള്ള അധികാരം സെക്രട്ടറിക്കാണ്. സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ പോലും ചര്‍ച്ച ചെയ്യേണ്ടതില്ല.

സെക്രട്ടറിയാണ് ഇവിടെ ഗുരുതരമായ വീഴ്ച വരുത്തിയത്. അതേസമയം തെറ്റായ നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്താന്‍ ഭരണനേതൃത്വത്തിന് ബാധ്യതയുണ്ടെന്നും ഇക്കാര്യത്തില്‍ ചെയര്‍മാന്‍ പി കെ ശ്യാമളക്ക് ആദ്യഘട്ടത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ധര്‍മശാലയിലെ സിപിഐ എം വിശദീകരണ യോഗത്തില്‍  അദ്ദേഹം പറഞ്ഞു.

പാര്‍ഥ കണ്‍വന്‍ഷന്‍ സെന്ററിന്റെ നിര്‍മാണത്തില്‍ ചട്ടലംഘനമുണ്ടായിട്ടുണ്ടെന്നത് വസ്തുതയാണ്. ഇതു കണക്കിലെടുക്കാതെ അനുമതി നല്‍കിയിരുന്നെങ്കില്‍ അഴിമതി ആരോപണം വരുമായിരുന്നു. ഇതിനു പരിഹാരമായാണ് ജില്ലാ ടൗണ്‍പ്ലാനറും നഗരസഭാ ഉദ്യോഗസ്ഥരും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി അപാകങ്ങള്‍ തിരുത്തണമെന്നും സിപിഐ എം നിര്‍ദ്ദേശിച്ചത്.

 ഇതനുസരിച്ചു കാര്യങ്ങള്‍ മുന്നോട്ടു പോയി.  എന്നാല്‍ അവസാനഘട്ടത്തില്‍ ന്യായീകരിക്കാനാവാത്ത വിധം വീണ്ടും കാലതാമസമുണ്ടായി. നഗരസഭാ എന്‍ജിനിയര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ശേഷവും സെക്രട്ടറി വല്ലാത്ത പിടിവാശി കാണിച്ചു.   ചെയര്‍മാന്റെ നിലാപാട് കാരണമാണ് ഈ കാലതാമസമെല്ലാം ഉണ്ടായത് എന്നതരത്തിലുള്ള പ്രചാരണം അംഗമീകരിക്കാന്‍ കഴിയില്ല.

ഇവിടെ മാത്രമല്ല, സംസ്ഥാനത്താകെ ഇത്തരം പ്രശ്‌നങ്ങളുണ്ട്.  നിയമപരമായി ഉദ്യോഗസ്ഥര്‍ മാത്രമാണ് കുറ്റവാളികള്‍. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ ഇടപെട്ട് അതിവേഗം അനുമതി കൊടുപ്പിക്കാന്‍ ഭരണനേതൃത്വത്തിനു കഴിയേണ്ടതായിരുന്നു. സാജന്റെ കുടുംബം ചില ആക്ഷേപങ്ങള്‍ പാര്‍ടി മുമ്പാകെ ഉന്നയിച്ചിട്ടുണ്ട്.  ഇതെല്ലാം സവിസ്തരം പരിശോധിക്കും. ഏതുവിഷയവും പാര്‍ടിക്കെതിരെ ആയുധമാക്കാനാണ് രാഷ്ട്രീയ എതിരാളികളും വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുന്നതെന്നും പി ജയരാജന്‍ പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top