17 January Sunday

ചൂപ്പറാണ്‌ അങ്കണവാടികളും ; ജില്ലയിലെ 2858 അങ്കണവാടികൾ വികസനത്തിന്റെ പാതയിൽ

ശ്രീരാജ‌് ഓണക്കൂർUpdated: Tuesday Nov 24, 2020


കൊച്ചി
സംസ്ഥാനത്തെ മികച്ച അങ്കണവാടി. 2018–-19ലെ ഈ നേട്ടം പാമ്പാക്കുട ബ്ലോക്കിനു കീഴിലെ പാമ്പാക്കുട ആശുപത്രിപ്പടി 94–--ാം നമ്പർ അങ്കണവാടിയിലേക്കാണ്‌ എത്തിയത്‌. കുട്ടികളുടെ പഠനനിലവാരം, രേഖകൾ തയ്യാറാക്കൽ, അങ്കണവാടി വർക്കർ–-ഹെൽപ്പർ എന്നിവരുടെ മികച്ച പ്രവർത്തനം, പച്ചക്കറിത്തോട്ടം, കുട്ടികളുടെ എണ്ണം, കൗമാരക്കാർക്കും അമ്മമാർക്കുമായി സംഘടിപ്പിച്ചിട്ടുള്ള ക്ലാസുകൾ തുടങ്ങിയവ പരിഗണിച്ചായിരുന്നു പുരസ്കാരം.

ഇത് ഉൾപ്പെടെ ജില്ലയിലെ 2858 അങ്കണവാടികൾ വികസനത്തിന്റെ പാതയിലാണ്‌. സ്‌മാർട്ട്‌ ക്ലാസുമുറികളും കുട്ടികളുടെ ജിംനേഷ്യവുമെല്ലാം അങ്കണവാടികളുടെ രൂപം മാറ്റിമറിച്ചു. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 141 അങ്കണവാടികൾക്കാണ്‌ പുതിയ കെട്ടിടം ലഭിച്ചത്‌. 54 എണ്ണത്തിന്‌ പുതിയ കെട്ടിടം നിർമിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്‌.

241 സ്ഥലങ്ങളിൽ അങ്കണവാടികൾ
സ്വന്തമായി സ്ഥലം ഇല്ലാത്ത അങ്കണവാടികൾക്ക് കെട്ടിട നിർമാണത്തിന് 241 സ്ഥലങ്ങളിൽ പുറമ്പോക്കുഭൂമി കണ്ടെത്തി വസ്തു കൈമാറ്റ അപേക്ഷകൾ കലക്ടർക്ക്‌ നൽകിയിട്ടുണ്ടെന്ന്‌ ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ ജെ മായാ ലക്ഷ്മി അറിയിച്ചു. എട്ടു സ്ഥലങ്ങളിൽ അങ്കണവാടി കെട്ടിടം നിർമിച്ചു. പെരുമ്പാവൂരിൽ നിർമാണം ഉടൻ ആരംഭിക്കും.
1924 എണ്ണം സ്വന്തം കെട്ടിടങ്ങളാണ്‌ പ്രവർത്തിക്കുന്നത്‌. 62 എണ്ണം സ്‌കൂൾ കെട്ടിടങ്ങളിലും 121 എണ്ണം വാടകയില്ലാത്ത കെട്ടിടങ്ങളിലും 699 എണ്ണം വാടകയ്‌ക്കും 52 എണ്ണം മഹിളാമന്ദിരത്തിലും പ്രവർത്തിക്കുന്നു.

എസിയുണ്ട്‌, മിനി ജിംനേഷ്യവും
എയർകണ്ടീഷനുള്ള 62 അങ്കണവാടികളാണ്‌ ജില്ലയ്‌ക്കുള്ളത്‌. 500 അങ്കണവാടികളിൽ സ്‌മാർട്ട്‌ ടിവി എത്തിയിട്ടുണ്ട്‌. എല്ലാ അങ്കണവാടികളിലും കുടിവെള്ളം ലഭ്യമാണ്‌. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള വ്യായാമങ്ങൾ ചെയ്യുന്നതിനുള്ള മിനി ജിംനേഷ്യങ്ങളും ഒരുക്കിയിട്ടുണ്ട്‌. ഇത്തരത്തിൽ 23 അങ്കണവാടികളാണ് ഉള്ളത്‌. സ്മാർട്ട് ക്ലാസ് റൂം ഉള്ള 146 അങ്കണവാടികളും ജില്ലയ്‌ക്കുണ്ട്. 34 എണ്ണത്തിൽക്കൂടി ഈ സൗകര്യം ഏർപ്പെടുത്തും.

പത്ത് അങ്കണവാടികളിൽമാത്രമാണ്‌ ശുചിമുറി സൗകര്യം ഇല്ലാത്തത്‌. ഇതിനുള്ള നടപടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌. കുട്ടികളുടെ പോഷകനിലവാരം കണ്ടെത്താനുള്ള പരിശോധനകളും കൃത്യമായി നടത്തുന്നുണ്ട്‌. കോവിഡ്‌ കാലത്ത്‌ മാർച്ച്‌ മുതൽതന്നെ കുട്ടികൾക്ക്‌ കൃത്യമായി വീടുകളിൽ ഭക്ഷണം എത്തിച്ചുനൽകിയിരുന്നു. ഓൺലൈൻ ക്ലാസുകളും മുടങ്ങാതെ നടത്തി. ജില്ലയിലെ ആദിവാസി ഊരുകളിലെ കുട്ടികളുടെ പോഷകനിലവാരം കണ്ടെത്തി പ്രത്യേക പരിഗണനയും നൽകി.

2017–-18ൽ വനിതാ ശിശുവികസന വകുപ്പ് നിലവിൽവന്നശേഷം വകുപ്പിന്റെ ആദ്യത്തെ എല്ലാ സംസ്ഥാന അവാർഡുകളും നേടിയ ജില്ലയാണ് എറണാകുളം. 13 അവാർഡുകളാണ്‌ നേടിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top