20 November Wednesday

പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് രാജ്യദ്രോഹം ചുമത്തിയത് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിക്ക് അപമാനകരം: ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2019

തിരുവനന്തപുരം> അടൂര്‍ ഗോപാലകൃഷ്ണന്‍  അടക്കമുള്ള  സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമായ 49 പ്രധാന വ്യക്തികള്‍ക്കെതിരെ  ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെ സംബന്ധിച്ച പ്രതിഷേധം അറിയിച്ച് കത്തെഴുതിയതിന് രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത്  കേസെടുത്തത് അപലപനീയമാണൈന്ന് ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍.

 രാജ്യത്തെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് ക്രിമിനല്‍ കുറ്റം ചുമത്തിയത് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിക്ക് തന്നെ അപമാനകരമാണ്.ഒരു മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കേസ് എടുത്തത് എങ്കിലും, തനിക്ക് കത്തയച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി മൗനം ദീക്ഷിക്കുന്നതല്ലാതെ നാളിതുവരെ പ്രതികരിച്ചിട്ടില്ല.

ആള്‍കൂട്ടകൊലപാതകങ്ങളും, ദലിത്- ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങളും ദിനം പ്രതി പെരുകുകയാണ്. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സ്മരണകളെ പോലും കളങ്കപ്പെടുത്തും വിധം വര്‍ഗ്ഗീയ ശക്തികള്‍ അഴിഞ്ഞാടുന്നു. പ്രതിഷേധ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുവാന്‍ ഏതറ്റം വരെയും പോകുന്ന പുതിയ അക്രമ സംസ്‌കാരം രാജ്യത്ത് വ്യാപിക്കുകയാണ്.

ഗൗരീലങ്കേഷിന്റെ കൊലപാതകമടക്കമുള്ള സംഭവപരമ്പരകളുടെ ശ്രേണിയിലേക്കാണ് സാംസ്‌കാരിക നായകരുടെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളെ കാണേണ്ടത്. ഈ അക്രമ സംഭവ പരമ്പരകളെ  എതിര്‍ക്കേണ്ടത് ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വസിക്കുന്ന എല്ലാ പൗരന്‍മാരുടേയും കടമയാണ്.

 നീതി നിര്‍വ്വഹണ രംഗത്ത് പ്രവര്‍ത്തിയെടുക്കുന്ന അഭിഭാഷക സമൂഹത്തിനും ഈ കടമയില്‍ നിന്ന് മാറി നില്‍ക്കാനാവില്ല. അടൂര്‍ സംഭവത്തില്‍ അഭിഭാഷക സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട്. ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ കേരളാ സംസ്ഥാന കമ്മിറ്റി  ഈ വിഷയത്തില്‍ കേരളത്തിലെ 10000 അഭിഭാഷകര്‍ ഒപ്പിട്ട നിവേദനം ഇന്ത്യന്‍ പ്രസിഡന്റിന് സമര്‍പ്പിക്കുന്നതാണ്.
 
  2019 ഒക്ടോബര്‍ 9, 10 തിയ്യതികളില്‍ കേരളത്തിലെ എല്ലാ കോര്‍ട്ട് സെന്ററുകളിലും പ്രതിഷേധയോഗങ്ങളും ഒപ്പ് ശേഖരണവും യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്നതാണ്.  ഈ ക്യാംപെയ്‌നില്‍ എല്ലാ അഭിഭാഷക സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി  അഡ്വ. സി പി പ്രമോദ് അഭ്യര്‍ഥിച്ചു


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top