ആലപ്പുഴ > വെള്ളി പകൽ 12.30. ആലപ്പുഴ സക്കറിയാ ബസാറിലെ മർക്കസ് മസ്‌ജിദിൽ ജുമാ നമസ്‌കാരംതുടങ്ങി. ഇമാം ഹക്കീം പാണാവള്ളി നടപടികൾ ആരംഭിച്ച നിമിഷം ചരിത്രത്തിലേക്ക്. നമസ്‌കാരത്തിന് എത്തിയവർക്കൊപ്പം പള്ളിക്കകത്ത് ഇതരമതസ്ഥരും. മതത്തിന്റെ പേരിൽ സമൂഹത്തെ വിഭജിക്കുന്നവരുടെ കണ്ണുതുറപ്പിക്കാൻ സൗഹാർദത്തിന്റെ മഹനീയമാതൃക തീർക്കുകയായിരുന്നു മർക്കസ് മസ്‌ജിദ്.
ഹലാൽ വിവാദമടക്കം വിദേഷപ്രചാരണം ശക്തമായ നാളുകളിൽ ഒരുമയുടെ സന്ദേശം പങ്കുവയ്‍ക്കുന്നതായി ചടങ്ങ്. നമസ്‌കാരസമയത്തിന് മുമ്പേ എത്തിയ അതിഥികളെ സ്‌നേഹത്തോടെ വരവേറ്റു. കുടിക്കാൻ വെള്ളവും ഭക്ഷണവും നൽകി. സൗഹൃദസംഭാഷണങ്ങൾക്കും ശേഷം പള്ളിക്കുള്ളിലേക്ക്. ക്ഷണിക്കപ്പെട്ടവർക്കായി പ്രത്യേകം ഇരിപ്പിടം ഒഴിച്ചിട്ടിരുന്നു. മുൻ മന്ത്രി ജി സുധാകരൻ, ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്ജൻ, മുഹമ്മ വിശ്വഗാജിമഠത്തിലെ സ്വാമി അസ്‍പർശാനന്ദ, പുത്തൻകാട് സ്വർഗാരോഹിതമാതാ പള്ളി വികാരി ക്രിസ്‌റ്റഫർ എം അർത്തശേരിൽ എന്നിവരും എസ്എൻഡിപി യൂണിയൻ ഭാരവാഹികളും സംഘടനാപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. 1.10ന് അവസാനിച്ചു. പ്രസംഗം കേൾക്കാനും അവസരമൊരുക്കി.
അതിഥികൾ ഒരുമിച്ച് ഭക്ഷണവും കഴിച്ചാണ് പിരിഞ്ഞത്. ‘മതാന്ധത പടർത്താൻ ചിലർ ബോധപൂർവം ശ്രമിക്കുന്ന ഘട്ടത്തിൽ മാനവികതയും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് പരസ്‍പര സഹകരണവും വിശ്വാസവും ആർജിക്കാൻ സമൂഹത്തിന് വലിയ പ്രബോധനം നൽകുന്നതായി മർക്കസ് മസ്‌ജിദിന്റെ പ്രവർത്തനം. ജനങ്ങളിൽ വിദ്വേഷം വളർത്താനുള്ള പരിശ്രമങ്ങൾക്ക് നൽകാവുന്ന ഏറ്റവും വലിയ ഉത്തരമാണ് ഇത്തരം കൂട്ടായ്‌മകൾ’ - പി പി ചിത്തരഞ്‌ജൻ എംഎൽഎ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..