02 June Tuesday

സംഘർഷ സാധ്യത; ആലപ്പുഴ കോൺഗ്രസ‌് ജില്ലാ കമ്മിറ്റി യോഗം ഉപേക്ഷിച്ചു

എം കെ പത്മകുമാർUpdated: Sunday Jun 9, 2019

ആലപ്പുഴ> ആലപ്പുഴ ലോക‌്സഭാ മണ്ഡലത്തിലെ പരാജയകാരണങ്ങൾ വിലയിരുത്താൻ ഡിസിസി വിളിച്ച യോഗം സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ ഉപേക്ഷിച്ചു. ഞായറാഴ‌്ച ഡിസിസി ഓഫീസിലാണ‌് യോഗം ചേരാൻ നിശ്ചയിച്ചത‌്. എന്നാൽ ചേരിതിരിഞ്ഞ‌് അടി നടക്കുമെന്നുറപ്പായതോടെ യോഗം ഉപേക്ഷിക്കുകയായിരുന്നു.

കേരളത്തിലെ 19 മണ്ഡലങ്ങളിൽ ജയിച്ചിട്ടും ആലപ്പുഴയിൽ ഷാനിമോൾ ഉസ‌്മാൻ തോറ്റത‌് കാലുവാരൽ മൂലമാണെന്നാണ‌് കോൺഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നത‌്. ഇവർ കുറ്റക്കാരായി വിരൽചൂണ്ടുന്നത‌് മുൻ എംപി കെ സി വേണുഗോപാലിനും ഡിസിസി പ്രസിഡന്റ‌് എം ലിജുവിനും നേരെയാണ‌്. കോൺഗ്രസ‌് നേതൃത്വമാണ‌് പരാജയത്തിനു കാരണമെന്ന‌് വോട്ടർപട്ടികയിലെ ക്രമക്കേട‌് അന്വേഷിക്കാൻ വന്ന കെപിസിസി ഉപസമിതിയോട‌് ഷാനിമോൾ തുറന്നടിച്ചിരുന്നു.

പിന്നാലെ നടന്ന ഡിസിസി യോഗത്തിൽ പരാജയത്തിന്റെ കാരണം എൻഎസ‌്എസ‌്, ധീവര സമുദായങ്ങൾ വോട്ടു ചെയ്യാത്തതിനാലാണെന്ന‌്  ലിജു പറഞ്ഞത‌് മാധ്യമങ്ങളിൽ വാർത്തയായി. പിന്നാലെ പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല ഇടപെട്ട‌് ഇത‌് തിരുത്തി ലിജുവിനെക്കൊണ്ട‌് പ്രസ്താവന ഇറക്കിച്ചു. സാമുദായിക സംഘടനകളെ പ്രീതിപ്പെടുത്താൻ ഇറക്കിയ ഈ പ്രസ്താവനയുടെ പേരിലും ഡിസിസിയിൽ കടുത്ത അഭിപ്രായ വ്യത്യാസം ഉടലെടുത്തു.

മാത്രമല്ല, തോൽവിയുടെ കാരണങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കണമെന്ന‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പളളി രാമചന്ദ്രൻ നിർദ്ദേശിച്ചിരുന്നു. ഞായറാഴ്ച നിശ്ചയിച്ച യോഗത്തിലാണ‌് സമിതി രൂപീകരിക്കാൻ തീരുമാനിച്ചത‌്. എന്നാൽ നിഷ‌്പക്ഷമായ അന്വേഷണം നടന്നാൽ പ്രതിക്കൂട്ടിലാകുമെന്നുറപ്പായ വേണുഗോപാൽ ഈ നീക്കം തടഞ്ഞു. തന്റെ ഇഷ്ടക്കാർ മാത്രമുള്ള സമിതി രൂപീകരിക്കാനാണ‌് വേണുഗോപാൽ തീരുമാനിച്ചത‌്. പക്ഷെ ഇത്തരമൊരു തട്ടിക്കൂട്ടു സമിതി രൂപീകരിക്കാൻ അനുവദിക്കില്ലെന്ന‌് തീരുമാനിച്ചുറച്ചാണ‌് മറുവിഭാഗം യോഗത്തിനൊരുങ്ങിയത‌്. ലിജുവിന്റെ പ്രസ്താവന, അന്വേഷണ സമിതി രൂപീകരണം എന്നിവ യോഗത്തിൽ വാഗ്വാദങ്ങൾക്കു മാത്രമല്ല, കൈയാങ്കളിക്കുവരെ കാരണമാകുമെന്നുറപ്പായതോടെയാണ‌് യോഗം വേണ്ടെന്നുവച്ചത‌്.

എഐസിസിസി ജനറൽ സെക്രട്ടറി കൂടിയായ  കെ സി വേണുഗോപാൽ, ലിജു എന്നിവർക്കെതിരെ ജില്ലയിൽ അമർഷം പുകയുകയാണ‌്. അവസാനനിമിഷം വരെ മത്സരിക്കുമെന്ന‌് പറഞ്ഞ‌്, ചുവരെഴുത്തും നടത്തിയശേഷം പരാജയഭീതിയാൽ പിന്മാറിയ വേണുഗോപാലാണ‌് തോൽവിക്ക‌് ഉത്തരവാദിയെന്ന‌് കോൺഗ്രസുകാർ പരസ്യമായി പറഞ്ഞു തുടങ്ങിയിട്ടുണ്ട‌്. രണ്ടുതവണ തുടർച്ചയായി എംപിയായ വേണുഗോപാൽ  തെരഞ്ഞെടുപ്പ‌് പ്രവർത്തനങ്ങളിൽ കാര്യമായി സഹായിക്കാത്തതും വിനയായെന്നും കോൺഗ്രസുകാർ കരുതുന്നു.

അതിനിടെ, ഡിസിസി പ്രസിഡന്റ‌് ലിജുവിനെതിരെ മറ്റ‌് അഭിപ്രായവ്യത്യാസങ്ങൾ  മറന്ന‌് എല്ലാ ഗ്രൂപ്പുകളും ഒന്നിച്ചിട്ടുണ്ട‌്. ആലപ്പുഴയിലെ കോൺഗ്രസിനെ രക്ഷിക്കാൻ രാഹുൽഗാന്ധിയുടെ പ്രത്യേക താൽപ്പര്യപ്രകാരമാണ‌് രമേശ‌് ചെന്നിത്തലയുടെ അടുപ്പക്കാരനായ ലിജുവിനെ പ്രസിഡന്റ‌് സ്ഥാനത്ത‌് അവരോധിച്ചത‌്. എന്നാൽ  രക്ഷകനായി അവതരിപ്പിച്ച പ്രസിഡന്റിനെ പുറത്താക്കണമെന്ന നിലപാടിലാണ‌് കോൺഗ്രസുകാർ.

ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പ്രവർത്തനവും പ്രചാരണവും നന്നായി സംഘടിപ്പിക്കുന്നതിൽ കോൺഗ്രസ‌് നേതൃത്വം വീഴ‌്ചവരുത്തിയെന്ന‌് ഷാനിമോൾ തന്നെ പരസ്യമായി പറഞ്ഞിരുന്നു. പിന്നാലെ ഫലം പുറത്തുവന്നപ്പോൾ കായംകുളം മണ്ഡലത്തിൽ യുഡിഎഫ‌് വോട്ടിൽ വൻ ചോർച്ചയുണ്ടായത‌് എതിരാളികൾ ലിജുവിനെതിരെ പുതിയ ആയുധമാക്കി.

 2014 ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വേണുഗോപാലിന‌് കായംകുളത്ത‌് 62662 വോട്ടാണ‌് ലഭിച്ചത‌്. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ ലിജുവിന‌് 61099 വോട്ടുകിട്ടി. എന്നാൽ ഇക്കുറി ഷാനിമോൾക്ക‌് ലഭിച്ചത‌് 58073 വോട്ടും. പ്രസിഡന്റിന‌് നേരിട്ടു സ്വാധീനമുള്ള മണ്ഡലത്തിൽ വോട്ടിൽ വൻ കുറവുണ്ടായത‌് അട്ടിമറിയല്ലാതെ മറ്റൊന്നുമല്ലെന്നാണ‌് എതിരാളികളുടെ പക്ഷം.


പ്രധാന വാർത്തകൾ
 Top