31 October Saturday

ഭീകരരെ സഹായിച്ചവരെക്കുറിച്ചും സൂചന; കേരളത്തിലെത്തിയത് ആയുധങ്ങൾക്കുള്ള പണം സമാഹരിക്കാൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020

കൊച്ചി > ശനിയാഴ്ച എറണാകുളത്ത് പിടിയിലായ മൂന്നു അൽ ഖായ്ദ ഭീകരരെ സഹായിച്ചവരെക്കുറിച്ചും അന്വേഷണസംഘത്തിന് സൂചന ലഭിച്ചു. പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയ സ്ഥാപനങ്ങളെയും വ്യക്തികളെയും കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. എൻഐഎ എസ്പി ശങ്കർ ബ്രദ റൈമേദിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

പിടിയിലായ മുർഷിദ് ഹസ്സൻ, മൊസാറഫ് ഹസ്സൻ, യാക്കൂബ് ബിശ്വാസ് എന്നിവരെഎറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ് ഷംനാദ് മൂന്നു ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. മൂന്നു ദിവസത്തിനുള്ളിൽ പ്രതികളെ ഡൽഹി പട്യാല കോടതിയിൽ ഹാജരാക്കണമെന്ന് ട്രാൻസിറ്റ് വാറണ്ട് അനുവദിച്ച് കോടതി വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ യാത്രയ്ക്ക് കാലതാമസം നേരിടുന്നതിനാലാണ് ട്രാൻസിറ്റ് വാറണ്ട് നൽകിയത്. ഇവരെ ഞായറാഴ്ച വൈകിട്ട് ഡൽഹിയിലേക്ക് കൊണ്ടുപോയി.

പ്രതികളിൽ നിന്ന് പിടികൂടിയ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ ഉൾപ്പടെയുള്ള ഡിജിറ്റൽ രേഖകളും എൻഐഎ സംഘം പരിശോധിക്കും. തീവ്രവാദബന്ധം തെളിയിക്കുന്ന ലഘുലേഖകളും വാട്‌സാപ്പ് സന്ദേശങ്ങളും കണ്ടെടുത്തു. പത്തുപേരടങ്ങുന്ന സംഘം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിയായി ഭീകരക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് എൻഐഎ കോടതിയിൽ വ്യക്തമാക്കി. ആയുധങ്ങളും മറ്റും ശേഖരിക്കുന്നതിനു പണം സമാഹരിക്കുകയായിരുന്നു കേരളത്തിൽ നിന്ന് പിടിയിലായവരുടെ ഉൾപ്പെടെ ചുമതല.

മൂന്നുപേരും കേരളത്തിലെത്തിയതും നടത്തിയ മറ്റു ഇടപാടുകൾ സംബന്ധിച്ചും സംസ്ഥാന തീവ്രവാദ വിരുദ്ധസേന (എടിഎസ്) അന്വേഷിക്കുകയാണ്. ഇവർ നടത്തിയ പണമിടപാടുകളും എടിഎസ് പരിശോധിക്കും. മൂന്നു പ്രതികളുടെയും ടവർ ലൊക്കേഷൻ ഫോൺ വിളികളുടെ വിവരങ്ങൾ ഉൾപ്പടെ എടിഎസ് നിരീക്ഷണത്തിലായിരുന്നു. ഇവർക്ക് പ്രാദേശികമായി മറ്റു സഹായങ്ങൾ ലഭിച്ചിരുന്നോ എന്നും അന്വേഷിക്കും. എൻഐഎയും സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) ചേർന്നാണ് ശനിയാഴ്ച പുലർച്ചെ പ്രതികളെ ഭീകരരെ പിടികൂടിയത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top