23 November Monday

കണ്ണീരിന്റെ സങ്കീർത്തനം;

പി പി രാമചന്ദ്രൻUpdated: Friday Oct 16, 2020

ഒഎന്‍വിക്കൊപ്പം

മലയാളത്തിലെ മഹാകവി പരമ്പരയിലാണ് അക്കിത്തത്തിന്റെ സ്ഥാനം. കവിത്രയത്തിനുശേഷം ചങ്ങമ്പുഴ, ശങ്കരക്കുറുപ്പ്, കുഞ്ഞിരാമൻ നായർ, ഇടശ്ശേരി, വൈലോപ്പിള്ളി എന്നിവർക്കു ലഭിച്ച അംഗീകാരം  കവിതയുടെ മഹത്വംകൊണ്ട് നേടിയെടുത്ത കവി. സുദീർഘവും സംഭവബഹുലവുമായ കാലഘട്ടം തന്നിലേൽപ്പിച്ച ആവേശങ്ങളുടെയും ആഘാതങ്ങളുടെയും സത്യസന്ധമായ ആവിഷ്ക്കാരമായിരുന്നു ആ  കാവ്യപ്രപഞ്ചം. രണ്ട് ലോകയുദ്ധങ്ങൾ, സ്വാതന്ത്ര്യലബ്ധി, വിഭജനം, ശാസ്ത്രസാങ്കേതിക പുരോഗതി, ഗാന്ധിയൻ ആദർശം, സോഷ്യലിസ്റ്റ് ‐ കമ്യൂണിസ്റ്റ് പ്രസ്ഥാനം, ആഗോളവൽക്കരണം, മതതീവ്രവാദം എന്നിങ്ങനെ പോയനൂറ്റാണ്ടിൽ കൊടിയദുരന്തങ്ങളും വലിയപ്രതീക്ഷകളും നൽകിയ സംഭവപരമ്പരകൾക്കു സാക്ഷിയാവുകയും മനഃസാക്ഷിക്കൊത്ത് കാലത്തോട് പ്രതികരിക്കുകയുംചെയ്ത കവി.

മനുഷ്യ സങ്കീർത്തനമാണ് അക്കിത്തം പ്രതിനിധാനം ചെയ്ത കവിതയിലെ പൊന്നാനിക്കളരിയുടെ സാമാന്യസ്വഭാവം. മാനവികതാവാദവും അഹിംസാവാദവും ഗുരുതുല്യനായ  ഇടശ്ശേരിയിൽനിന്ന് സ്വീകരിച്ചതായി കരുതാം. എന്നാൽ, ആ മനുഷ്യന് അക്കാലത്തെ പൊതുസങ്കൽപത്തിനു വിപരീതമായ  വ്യക്തിത്വമുണ്ടായിരുന്നു. ചെയ്ത ശരികളെച്ചൊല്ലി അഹങ്കരിക്കുന്ന മനുഷ്യനെയല്ല, തെറ്റുകളെച്ചൊല്ലി പശ്ചാത്തപിക്കുന്നവരെയാണ് ആരാധിച്ചത്. മനുഷ്യന്റെ കരുത്ത് കരബലത്തിലല്ല, കരയാനുള്ള കരുത്തിലാണെന്ന് കവി വിശ്വസിച്ചു.

ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ  പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി
ലായിരം സൗരമണ്ഡലം

കണ്ണുനീർത്തുള്ളി എത്ര അമൂല്യമായ വസ്തുവാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ ഈ വരികൾ എന്നും കാവ്യാസ്വാദകർ ചുണ്ടിൽ കൊണ്ടുനടന്നു. ഒരർഥത്തിൽ കണ്ണുനീർത്തുള്ളികൾകൊണ്ട് പണിത വെണ്ണക്കൽശിൽപങ്ങളാണ് അക്കിത്തം രചനകൾ. മനുഷ്യവർഗത്തിന്റെ ഏറ്റവും പഴയ വിജ്ഞാനസമ്പത്തായി കരുതുന്ന വേദങ്ങളിലാണ് ആ ജീവിത ദർശനത്തിന്റെ അടിവേരുകളൂന്നിയത്. ഇദം ന മമ(ഇത് എന്റെയല്ല) എന്ന വേദമന്ത്രം ആ വിശ്വാസാദർശങ്ങളെ പ്രതിഫലിപ്പിച്ചു.
""എന്റെയല്ല എന്റെയല്ലയി
കൊമ്പനാനകൾ
എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ!''

എന്ന് ‘പണ്ടത്തെ മേശാന്തി’ കവിതയിൽ അദ്ദേഹം പറയുന്നുണ്ട്. ഇങ്ങനെ വേദകാലത്തോളം നീണ്ട ഭൂതകാലത്തെ ഉൾക്കൊണ്ട് സമകാലത്തെ നേരിടുകയായിരുന്നു അക്കിത്തം. പശ്ചാത്താപവിവശമായ  ഹൃദയത്തിന്റെ പൊട്ടിക്കരച്ചിലായിരുന്നു ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’. മലയാളികളെ ഏറെ പ്രകോപിപ്പിക്കുകയും ആത്മപരിശോധനയ്ക്ക് പ്രചോദിപ്പിക്കുകയുംചെയ്ത ആ കൃതി  ഇന്നും ചർച്ചചെയ്യപ്പെടുന്നു.
""വെളിച്ചം ദുഃഖമാണുണ്ണീ,
തമസ്സല്ലോ സുഖപ്രദം''

സ്ഥാനത്തും അസ്ഥാനത്തും(കറന്റുപോയാൽ വിശേഷിച്ചും)ഉദ്ധരിക്കാറുള്ള ഈ വരികളോളം തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരീരടിയില്ല മലയാളത്തിൽ. അക്കിത്തം ഇരുട്ടിന്റെ ഉദ്ഗാതാവാണെന്നുവരെ തീർപ്പുകൽപ്പിച്ചവരുണ്ട്. എന്നാൽ അദ്ദേഹം ആ വരികൾക്കിടയിലെ കാണാവരികൾ വ്യക്തമാക്കിയിട്ടുണ്ട്. രഘുവംശത്തിലെ, ""മരണം പ്രകൃതിശ്ശരീരിണാം വികൃതിർജീവിതമുച്യതൈ ബുധൈഃ'' എന്ന ശ്ലോകത്തിന്റെ സത്തയാണ് ആ വരികളുടെ അന്തഃശ്ശോഭ.

മരണം ശരീരികൾക്ക് പ്രകൃതിയാണ്. ജീവിതമാണ് വികൃതി അഥവാ മായ. "മൃത്യു സത്യം ജഗന്മിഥ്യ' എന്ന ദർശനം. സുഖദുഃഖ സമ്മിശ്രമായ ജീവിതമാകുന്ന വെളിച്ചം, ശാശ്വതമായ മൃതി തമസ്സിലെ ക്ഷണപ്രഭ മാത്രമാണെന്ന വിവേകം. "കണ്ണിന്നകത്തൊരു കണ്ണി'ല്ലാത്തവർ അർഥത്തിന്റെ ഈ അർഥവാഹിനിയെ കാണാതെപോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top