23 April Friday
വിജ്ഞാന കേരളത്തിനായി യൂത്ത്‌ സമ്മിറ്റ്

വിദ്യാർഥികൾക്കാവശ്യമായ കോഴ്‌സുകൾ ഉറപ്പാക്കും; കേരളം ഉന്നതവിദ്യാഭ്യാസ ഹബ്ബാകും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021


തിരുവനന്തപുരം
കേരളത്തെ എല്ലാ അർഥത്തിലും വിജ്ഞാന സമൂഹമാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനൊപ്പം ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനുള്ള നീക്കവും നടത്തുകയാണ്‌.  ഇതിന്‌ അടിത്തറ ഒരുക്കാനാണ്‌ ഇന്റർനെറ്റ്‌ അവകാശമായി പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യൂത്ത്‌ സമ്മിറ്റ്‌ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

വലിയതോതിൽ അറിവുകൾ നേടാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു. ഇന്റർനെറ്റ്‌ അവകാശമായി പ്രഖ്യാപിച്ച ആദ്യസംസ്ഥാനമാണ്‌ കേരളം. എല്ലാവീട്ടിലും ഇന്റർനെറ്റെത്തിക്കാൻ കെ ഫോണും നടപ്പാക്കി.  പൊതുവിദ്യാഭ്യാസരംഗത്ത്‌ പശ്ചാത്തലസൗകര്യത്തിലും അക്കാദമിക്‌തലത്തിലും മാറ്റമുണ്ടാക്കി. വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിച്ചു. വൈജ്ഞാനിക സമൂഹം സൃഷ്ടിക്കാനുള്ള അടിത്തറയായി ഈ നടപടികൾ. വിജ്ഞാനത്തിന്റെയും സാങ്കേതിക വിദ്യയുടെയും പ്രാധാന്യം തിരിച്ചറിഞ്ഞ്‌ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും ഓപ്പൺ സർവകലാശാലയും സ്ഥാപിച്ചു.

ഉന്നത വിദ്യാഭ്യാസമേഖല പൂർണമായും ശാക്തീകരിക്കുകയാണ്‌ അടുത്തഘട്ടം. അതിനാവശ്യമായ അടിസ്ഥാന, അക്കാദമിക്‌ തലങ്ങളിലുള്ള പിന്തുണ  സർക്കാർനൽകും.  സർവകലാശാലകൾ അഭിവൃദ്ധിപ്പെടണം. കുതിച്ചുചാട്ടമാണ്‌ ആവശ്യം. ഉന്നതവിദ്യാഭ്യാസങ്ങളുടെ റാങ്കിങ്ങിൽ  ദേശീയ, അന്തർദേശീയ പട്ടികയിൽ ഇടംകിട്ടണം.  സർവകലാശാലകളിൽ 30 മികവിന്റെ കേന്ദ്രം, നവകേരള പോസ്‌റ്റ്‌ ഡോക്ടറൽ ഫെലോഷിപ്‌ എന്നിവ സർക്കാർ പ്രഖ്യാപിച്ചു. മികവാർന്ന കോഴ്‌സുകൾ ലഭ്യമാക്കാൻ നടപടി എടുത്തു. വിദേശ പ്രതിഭകളുമായി സംവദിക്കാൻ സംവിധാനമുണ്ടാക്കി.  കേരളത്തിന്‌ പുറത്ത്‌ ഗവേഷണത്തിനുള്ള സൗകര്യവുമൊരുക്കും.

വിദ്യാർഥികൾക്കാവശ്യമായ കോഴ്‌സുകൾ ഉറപ്പാക്കും. സർക്കാർ ഉദ്ദേശിക്കുന്ന രീതിയിൽ ശക്തിപ്പെട്ടാൽ കേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാകും. ഗവേഷകരും ഗവേഷണവും വൻതോതിൽ വർധിക്കണം.  ആശയങ്ങൾ സമൂഹ നന്മയ്‌ക്കുതകുന്ന ഉൽപ്പന്നങ്ങളാക്കി മാറ്റണം. സമൂഹത്തിന്‌ വേണ്ടി ജീവിക്കുന്നുവെന്ന പൊതുബോധം രൂപപ്പെടുത്താനാകണം. 

കേരളത്തിന്റെ വികസനത്തിന്‌ അടിത്തറയിട്ടത്‌ 1957ലെ ഇ എം എസ്‌ സർക്കാരാണ്‌. പിന്നീട് അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാരുകൾ അവ മുന്നോട്ടുകൊണ്ടുപോയി. എന്നാൽ വലതുപക്ഷ സർക്കാരുകളെല്ലാം  വികസനാടിത്തറ തകർക്കാനാണ്‌ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.


നവകേരള നിർമിതിക്ക്‌ അടിത്തറയൊരുക്കി യുവജന ഉച്ചകോടി
നവകേരള നിർമിതിക്ക്‌ അടിത്തറ പാകുന്ന പുതുചിന്തകളുമായി എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന യുവജന ഉച്ചകോടിക്ക്‌ തുടക്കം. വിജ്ഞാന സമൂഹമെന്ന ലക്ഷ്യത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിന്‌ ഊർജമേകുന്ന ആശയങ്ങളാണ്‌ ഉച്ചകോടിയിൽ അവതരിപ്പിക്കുന്നത്‌. കേരളത്തിന്റെ ഭാവി വികസനത്തിന്‌ ധൈഷണിക വെളിച്ചംപകരുന്ന  ‘‘വിജ്ഞാനസമൂഹവും ഭാവി കേരളത്തിന്റെ രൂപരേഖയും’’ എന്ന വിഷയത്തിലുള്ള ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു.

എ കെ ജി പഠനഗവേഷണ കേന്ദ്രം ഡയറക്ടർ എ വിജയരാഘവൻ അധ്യക്ഷനായി. ഡോ. കെ എൻ ഹരിലാൽ വിഷയാവതരണം നടത്തി. ധനമന്ത്രി ഡോ. തോമസ് ഐസക്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വി പി മഹാദേവൻ പിള്ള എന്നിവർ പ്രഭാഷണം നടത്തി. കേരള സർവകലാശാല സ്റ്റുഡന്റ്‌സ് യൂണിയൻ ചെയർപേഴ്സൺ അനില രാജു, എ എ റഹീം, സച്ചിൻ ദേവ് എന്നിവർ സംസാരിച്ചു. ഡോ. വി ശിവദാസൻ സ്വാഗതവും ഡോ. ഷെഫീഖ് വടക്കൻ  നന്ദിയും പറഞ്ഞു.

‘സംസ്കാരത്തിന്റെയും  വികസനത്തിന്റെയും ഭൂമികകൾ'  സെഷനിൽ, കണ്ണൂർ സർവകലാശാല വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി  ‘ശാസ്ത്രം സാങ്കേതികവിദ്യ' സെഷനിൽ എംജി സർവകലാശാല വിസി ഡോ. സാബുതോമസ്,  ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ് എന്നിവരും സംസാരിച്ചു. ഇരുസെഷനുകളിലായി പത്ത് പ്രബന്ധം അവതരിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top