19 September Saturday

'കേരളത്തെ സ്‌നേഹിച്ച മനുഷ്യസ്‌നേഹി; മറക്കാനാവില്ലൊരിക്കലും'; അമര്‍സിംഗിനെ അനുസ്മരിച്ച് എകെ ബാലന്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

തിരുവനന്തപുരം> കേരളത്തെ സ്‌നേഹിച്ച  മനുഷ്യസ്‌നേഹിയും ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു  അമര്‍സിംഗെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍. അമര്‍സിംഗ് എംപിയുടെ നിര്യാണത്തില്‍ അതിയായി ദുഃഖിക്കുന്നുവെന്നും എകെ ബാലന്‍ പറഞ്ഞു. ഇന്ത്യാ രാജ്യം ശ്രദ്ധിച്ച നിരവധി രാഷ്ട്രീയ സംഭവങ്ങളുടെ സൂത്രധാരനായിരുന്നു  അമര്‍സിംഗ്.

 രാഷ്ട്രീയം, സിനിമ, സാംസ്‌കാരികം, വ്യവസായം തുടങ്ങിയ മേഖലകളില്‍ ചെറിയ കാലഘട്ടത്തിനുള്ളില്‍ തന്നെ ശോഭിച്ചു. എതിരാളികളെ നേരിടുന്നതില്‍ അദ്ദേഹം കാട്ടിയ ചങ്കൂറ്റം മറ്റു പല നേതാക്കളില്‍ നിന്നും വ്യത്യസ്തമായിരുന്നു.കഴിഞ്ഞ വി എസ് സര്‍ക്കാരിന്റെ കാലത്താണ് ഞാന്‍ അമര്‍സിംഗിനെ പരിചയപ്പെടുന്നത്. വൈദ്യുതി വകുപ്പ് മന്ത്രിയെന്ന നിലയില്‍ രണ്ട് ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട് എന്റെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് ആദ്യം കാണുന്നത്.

സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിപ്പോയ രണ്ട് പദ്ധതികളുടെ (അള്ളുങ്കല്‍ 7 മെഗാവാട്ട്, കക്കയം 15 മെഗാവാട്ട് ) തുടര്‍ പ്രവര്‍ത്തനത്തിന് എല്‍ഡിഎഫ് ഗവണ്മെന്റിന്റെ ഇടപെടല്‍ അനിവാര്യമായിരുന്നു. സെക്രട്ടറിയേറ്റില്‍ ചലനമറ്റു കിടന്ന രണ്ട് പദ്ധതികള്‍ക്കും ഇതോടെ ജീവന്‍ കൊടുത്തു. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പദ്ധതിക്ക് അനുകൂലമായി ഫയലില്‍ നോട്ടെഴുതിയിട്ടും അത് അവിടെ ചലനമറ്റ് കിടക്കുകയായിരുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ ഇടപെട്ടതോടെ 22 മെഗാവാട്ടിന്റെ രണ്ട് പദ്ധതികള്‍ യാഥാര്‍ഥ്യമായി.

അള്ളുങ്കല്‍ പദ്ധതിയുടെ ഉദ്ഘാടനത്തിന് അമര്‍സിംഗിനു പുറമെ പ്രശസ്ത സിനിമാ താരങ്ങളായ ജയാ ബച്ചനും ജയപ്രദയും പങ്കെടുക്കുകയുണ്ടായി. ആരംഭത്തില്‍ ജയാ ബച്ചന് പങ്കാളിത്തമുള്ള ഒരു കമ്പനിയായിരുന്നു അത്.

ശാരീരികമായ അസ്വസ്ഥതകള്‍ അവഗണിച്ചും ഒരു വര്‍ഷം മുമ്പ് എന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തിരുവനന്തപുരത്ത് എ കെ ജി ഹാളില്‍ എത്തുകയും വധൂവരന്മാരെ ആശിര്‍വദിക്കുകയും ചെയ്തു.അമര്‍സിംഗ് വൃക്കരോഗവുമായി ഡല്‍ഹിയിലെ ആശുപത്രിയില്‍ ഐസി യൂണിറ്റില്‍ കിടക്കുമ്പോള്‍ ഞാന്‍ കാണാന്‍ പോയിരുന്നു. പിന്നീട് രോഗം ഗുരുതരമായപ്പോള്‍ അദ്ദേഹത്തെ സിംഗപ്പൂര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.

അവിടെ നിന്ന് എന്നെ വിളിച്ചിരുന്നു. അതും ഐ സി യൂണിറ്റില്‍ നിന്ന്. വൃക്ക മാറ്റവുമായി ബന്ധപ്പെട്ട് ഒരു അഫിഡവിറ്റില്‍ കേരളാ ഗവണ്മെന്റ് അറ്റസ്റ്റു ചെയ്ത് കൊടുക്കേണ്ടതുണ്ടായിരുന്നു. 'മറ്റൊന്നും തോന്നരുത്, ഉപദ്രവിക്കുകയാണെന്നും തോന്നരുത്. ഒരു സഹായം ചെയ്യാന്‍ പറ്റുമോ?' ഇതായിരുന്നു അമര്‍സിംഗിന്റെ അഭ്യര്‍ത്ഥന. ചെറിയ ശബ്ദത്തില്‍ വിട്ടുവിട്ടാണ് പറഞ്ഞത്. ആവശ്യമായ രേഖ തയാറാക്കി പെട്ടെന്നു തന്നെ സിംഗപ്പൂര്‍ ആശുപത്രിയിലേക്ക് മെയില്‍ ചെയ്തു. വീണ്ടും എന്നെ വിളിച്ചു പറഞ്ഞു, 'മറക്കില്ലൊരിക്കലും'. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. പ്രിയ സുഹൃത്തേ, 'എനിക്കും മറക്കാനാവില്ലൊരിക്കലും'.

സി പി ഐ എമ്മിന്റെ അഖിലേന്ത്യാ നേതാക്കളുമായി നല്ല വ്യക്തിബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചു. മുഖ്യമന്ത്രിയെന്ന നിലയില്‍ സഖാവ് പിണറായി വിജയന്റെ പ്രവര്‍ത്തനത്തെ ഏറെ വിലമതിച്ചിരുന്നു. പിണറായിയുമായി നല്ല വ്യക്തിബന്ധവുമുണ്ടായിരുന്നു.

അമര്‍സിംഗിന്റെ സ്മാരകമായി രണ്ട് ജലവൈദ്യുത പദ്ധതികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ആ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ പങ്കുവഹിക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ഥ്യ മുണ്ടെന്നും എകെ  ബാലന്‍ പറഞ്ഞു 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top