20 February Wednesday

മകളെ പീഡിപ്പിച്ച എയ്ഡ്സ് രോഗിയായ അച്ഛന് ജീവപര്യന്തം കഠിന തടവ‌്

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

ആലപ്പുഴ> മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ എയ്ഡ്സ് രോഗിയായ അച്ഛന് ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. ജീവപര്യന്തം എന്നത് ജീവിതാവസാനം വരെയാണന്ന് വിധിയിൽ എടുത്തു പറഞ്ഞിട്ടുണ്ട‌്.   പിഴത്തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകണം. കുട്ടിയുടെ ആരോഗ്യം വിദ്യാഭ്യാസം അടക്കമുള്ള എല്ലാ കാര്യങ്ങളിലും സംരക്ഷണവും നൽകണമെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിട്ടിക്ക് വിധിയിൽ പ്രത്യേക നിർദ്ദേശവും നൽകി. ആലപ്പുഴ ജില്ല അഡീഷണൽ സെഷൻസ് ജഡ‌്ജ‌് എസ് എച്ച് പഞ്ചാപകേശനാണ് വിധി പറഞ്ഞത്.

ഐപിസി 376 (2 എഫ്) പ്രകാരം ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ഐപിസി 376 (എൻ) പ്രകാരം 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ‌് വിധിച്ചത‌്. പിഴയടക്കാതിരുന്നാൽ രണ്ടുവർഷം കൂടെ തടവും അനുഭവിക്കണം. പ്രതിക്ക് ബോംബെയിലായിരുന്നു ജോലി. അവിടെ കുടുംബത്തോടൊപ്പം താമസമായിരുന്നു. പ്രതിക്കും ഭാര്യയ‌്ക്കും എയ്ഡ്സ്  പിടിപെടുകയും ഭാര്യ മരിക്കുകയും ചെയ‌്തു. തുടർന്ന് നാട്ടിൽ വന്ന് മക്കൾക്കൊപ്പമായിരുന്നു ഇയാളുടെ താമസം.

2013 -ൽ 19 വയസ് പ്രായമുണ്ടായിരുന്ന മകൾ അങ്കണവാടി വർക്കറോടാണ് അച്ഛൻ വളരെ ചെറുപ്പം മുതൽ തന്നെ പീഡിപ്പിക്കുന്ന വിവരം ആദ്യം പറയുന്നത്.  അങ്കണവാടി വർക്കർ ജില്ല കുടുംബശ്രീ മിഷൻ കോ ഓർഡിനേറ്ററെ ഇത‌് അറിയിക്കുകയും അവർ ചെങ്ങന്നൂർ പൊലീസിന് വിവരം നൽകുകയുമായിരുന്നു.  പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സി വിധു ഹാജരായി.


പ്രധാന വാർത്തകൾ
 Top