Deshabhimani

പ്രളയം: സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനായി അദാലത്ത് നടത്തുമെന്ന് മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2018, 12:14 PM | 0 min read

കൊച്ചി > പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും നല്‍കുന്നതിനായി അദാലത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വിവരസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ടാസ്‌ക് ഫോഴ്സ് രൂപകല്‍പന ചെയ്ത ഏകജാലക സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഒറ്റദിവസം ഒരിടത്തുനിന്ന് ലഭിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

അദാലത്തുകളില്‍ ഐ ടി മിഷന്റെ ഉദ്യോഗസ്ഥര്‍ക്കൊപ്പം മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍കൂടി എത്തിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും ലഭ്യമാക്കുന്നത്. പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ടുതന്നെ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ലോക്കറിലേക്കും മാറ്റും. ആധാര്‍ അടിസ്ഥാനമാക്കിയുള്ള യൂസര്‍ നെയിമിലൂടെ അപേക്ഷകന് എപ്പോള്‍ വേണമെങ്കിലും ഇത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാകും.

 അദാലത്തു വഴി നഷ്ടപ്പെട്ടു പോയ ജനനമരണ സര്‍ട്ടിഫിക്കേറ്റുകള്‍, വിവാഹ സര്‍ട്ടിഫിക്കേറ്റ്, വോട്ടര്‍ ഐഡി, ആധാരങ്ങള്‍, ബാങ്ക് രേഖകള്‍, റേഷന്‍ കാര്‍ഡുകള്‍ തുടങ്ങി പല രേഖകളും വീണ്ടും ലഭ്യമാക്കും.സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ഡിജിലോക്കര്‍ സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി കഴിഞ്ഞു.

വകുപ്പുകളും സ്ഥാപനങ്ങളും സോഫ്റ്റ്‌വെയറുകള്‍ ഡിജിലോക്കറുമായി സംയോജിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വകുപ്പുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഗുണഭോക്താവിന്റെ ഡിജിലോക്കര്‍ അക്കൗണ്ടില്‍ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റില്‍  അറിയിച്ചു


 



deshabhimani section

Related News

0 comments
Sort by

Home