21 February Thursday

നടിയെ ആക്രമിച്ച കേസ‌്; സത്യവാങ‌്മൂലത്തിന‌് മറുപടി നൽകാൻ സമയംവേണമെന്ന‌് ദിലീപ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

ന്യൂഡൽഹി> നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ നൽകിയ സത്യവാങ‌്മൂലത്തിന‌് മറുപടി നൽകാൻ ഒരാഴ‌്ചകൂടി നൽകണമെന്ന‌് ആവശ്യപ്പെട്ട‌് ദിലീപ‌് സുപ്രീംകോടതിയിൽ അപേക്ഷ നൽകി. ബുധനാഴ്ച കേസ‌് പരിഗണിക്കാനിരിക്കെയാണിത‌്. ദിലീപിന‌ുവേണ്ടി ഹാജരാകേണ്ട മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ‌്തഗിക്ക‌് ബുധനാഴ‌്ച അസൗകര്യമുള്ളതിനാൽക്കൂടിയാണ‌് സമയം ആവശ്യപ്പെട്ടത‌്.

കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറികാർഡിന്റെ പകർപ്പ‌് ആവശ്യപ്പെട്ടാണ‌് ദിലീപ‌് സുപ്രീംകോടതിയെ സമീപിച്ചത‌്. പകർപ്പ‌് നൽകിയാൽ ദൃശ്യങ്ങൾ പുറത്തുപോകാൻ സാധ്യതയുണ്ടെന്നാണ‌് സംസ്ഥാന സർക്കാരിന്റെ പ്രധാന വാദം. നടിയുടെ സ്വകാര്യത, സ്വൈരജീവിതം എന്നിവയെ ബാധിക്കുന്നതാണ‌് ദിലീപിന്റെ ആവശ്യമെന്നും സർക്കാർ സത്യവാങ‌്മൂലത്തിൽ ചൂണ്ടിക്കാണിച്ചു.

സർക്കാർ വാദങ്ങൾക്ക‌് ജനുവരി രണ്ടാംവാരത്തിനുള്ളിൽ മറുപടി നൽകാനായിരുന്നു ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. ദിലീപിന്റെ അപേക്ഷ ബുധനാഴ‌്ച പരിഗണനയ‌്ക്ക‌് വന്നാൽ കേസിൽ അടുത്ത വാദംകേൾക്കുന്നത‌് ഫെബ്രുവരി 12ന‌് ശേഷം വേണമെന്ന‌് സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടേക്കും. സർക്കാരിന‌ുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ ഹരേൺ പി റാവലിന്റെ സൗകര്യാർഥമാണിത‌്.

മെമ്മറികാർഡിന്റെ പകർപ്പ‌് വേണമെന്ന ദിലീപിന്റെ ആവശ്യം വിചാരണക്കോടതിയും കേരള ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു.


പ്രധാന വാർത്തകൾ
 Top