23 January Thursday

'ഇല്ലാ ഇല്ലാ മരിക്കുന്നില്ല.. ജീവിക്കുന്നു ഞങ്ങളിലൂടെ'

സ്വന്തം ലേഖികUpdated: Wednesday Jul 3, 2019

അഭിമന്യു അനുസ്‌മരണത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച വിദ്യാർഥി റാലിയിൽനിന്ന്‌

കൊച്ചി > മഹാരാജാസിന്റെ ചുമരിൽ ‘വർഗീയത തുലയട്ടെ’ എന്ന മുദ്രവാക്യമെഴുതിയതിന് പോപ്പുലർഫ്രണ്ട‌്, ക്യാമ്പസ‌് ഫ്രണ്ട‌് തീവ്രവാദികളുടെ കൊലക്കത്തിക്കിരയായ അഭിമന്യു... സ്വന്തം കാര്യം നോക്കാനാണെങ്കിൽ എനിക്ക് മറ്റ് പ്രസ്ഥാനങ്ങളിൽ നിലകൊണ്ടാൽ പോരേയെന്ന്  ചോദിച്ച പ്രിയ സഖാവ്... ദാരിദ്ര്യത്തിന്റെ നീറ്റലിൽ പിടയുമ്പോഴും കളിച്ചും ചിരിച്ചും മഹാരാജാസിൽ പാറിനടന്ന  വട്ടവട... ഒരു നേരത്തെ ഭക്ഷണം നൽകിയതിന് കൂട്ടുകാരിയുടെ ചോറ്റുപാത്രത്തിൽ നന്ദിയെഴുതിയിട്ട അഭി... അവൻ ഇന്നും ജനകോടികളുടെ ഹൃദയത്തിൽ  ജീവിക്കുന്നതിന‌്  എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാർഥിറാലിതന്നെ നേർസാക്ഷ്യം. എറണാകുളം മറൈൻഡ്രൈവ് ഗ്രൗണ്ടിൽനിന്നാണ‌്‌ റാലി ആരംഭിച്ചത്. അഭിമന്യുവിന്റെ പുഞ്ചിരിക്കുന്ന മുഖം ഹൃദയത്തിലേറ്റിയ പതിനായിരങ്ങളുടെ കണ്ഠങ്ങളിൽനിന്ന‌്‌ അവൻ അവസാനമായെഴുതിയ ‘വർഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യം ഉച്ചത്തിൽ മുഴങ്ങി. 

അഭിമന്യുവിനെ ഇല്ലാതാക്കിയ പോപ്പുലർഫ്രണ്ട‌്, ക്യാമ്പസ‌് ഫ്രണ്ട‌് തീവ്രവാദികൾക്കെതിരെയുള്ള തീവ്രപ്രതിഷേധവും മുദ്രാവാക്യങ്ങളിൽ നിറഞ്ഞു. പ്രിയസഖാവിന്റെ  ചിത്രമുള്ള തൂവെള്ള പതാകകളേന്തി, വർഗീയത തുലയട്ടെ എന്നെഴുതിയ ബാനറുകൾ ഉയർത്തി വിദ്യാർഥി സാഗരം ഒഴുകിനീങ്ങി. വിദ്യാർഥിസാഗരം കോളേജിലേക്കൊഴുകിയെത്തിയപ്പോൾ അഭിമന്യുവിന്റെ സ‌്മരണയിൽ മഹാരാജാസ്  മുങ്ങി. അവനുവേണ്ടി ഉയർന്ന മുദ്രവാക്യങ്ങൾ അവിടമാകെ മുഴങ്ങി. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്, സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് എന്നിവർ മഹാരാജാസിലെ അഭിമന്യു രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് വിദ്യാർഥികൾ  പുഷ്പാർച്ചന നടത്തിയശേഷം  പ്രകടനമായി എറണാകുളം രാജേന്ദ്ര മൈതാനത്ത‌് എത്തി.  അനുസ‌്മരണ സമ്മേളനം  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ‌്തു. എസ‌്എഫ‌്ഐ ജില്ലാ പ്രസിഡന്റ‌് അമൽ ജോസ‌് അധ്യക്ഷനായി. അഖിലേന്ത്യ പ്രസിഡന്റ‌് വി പി സാനു, സംസ്ഥാന സെക്രട്ടറി സച്ചിൻദേവ‌്, പ്രസിഡന്റ‌് വി എ വിനീഷ‌്, കേന്ദ്ര കമ്മിറ്റി അംഗം ശിൽപ്പ സുരേന്ദ്രൻ, അഭിമന്യുവിനോടൊപ്പം കുത്തേറ്റ അർജുൻ കൃഷ‌്ണ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി എസ‌് അമൽ സ്വാഗതവും വൈസ‌് പ്രസിഡന്റ‌് പി എം അർഷോ നന്ദിയും പറഞ്ഞു.

മഹാരാജാസ്‌ കോളേജിലെ രക്തസാക്ഷിമണ്ഡപത്തിൽ വിദ്യാർഥികൾ  പുഷ്‌പാർച്ചന നടത്തുന്നു

മഹാരാജാസ്‌ കോളേജിലെ രക്തസാക്ഷിമണ്ഡപത്തിൽ വിദ്യാർഥികൾ പുഷ്‌പാർച്ചന നടത്തുന്നു

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈൻ, മന്ത്രി എം എം മണി,  ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം പി രാജീവ‌്, അഭിമന്യുവിന്റെ അമ്മ ഭൂപതി, അച്ഛൻ മനോഹരൻ, എസ‌്എഫ‌്ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ എം അരുൺ, എസ‌് അഷിത, കെ എസ‌് അരുൺകുമാർ സിപിഐ എം നേതാക്കളായ ടി കെ മോഹനൻ, സി കെ മണിശങ്കർ, എൻ സി മോഹനൻ, പി എം ഇസ‌്മയിൽ, പി ആർ മുരളീധരൻ, വി സലിം, ടി വി അനിത,  ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറി എ എ അൻഷാദ‌്, പ്രസിഡന്റ‌് ഡോ. പ്രിൻസി കുര്യാക്കോസ‌് എന്നിവരും സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽനിന്നുള്ള എസ‌്എഫ‌്ഐ പ്രവർത്തകരും നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top