17 February Sunday

അരുംകൊല ആസൂത്രിതം; കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍

ഡി ദിലീപ‌്Updated: Wednesday Jul 4, 2018

അഭിമന്യുവിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായവര്‍

കൊച്ചി > മഹാരാജാസ‌് കോളേജിലെ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട‌്‐എസ്‌‌‌ഡിപിഐ‐ക്യാമ്പ‌സ‌് ഫ്രണ്ട‌് പ്രവർത്തകർ ആസൂത്രിതമായി കുത്തിക്കൊലപ്പെടുത്തിയത‌് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ. കസ‌്‌‌റ്റഡിയിലെടുത്ത മൂന്ന‌് പോപ്പുലർ ഫ്രണ്ട‌്‐ ക്യാമ്പസ‌് ഫ്രണ്ട‌് പ്രവർത്തകരെ അറസ‌്റ്റ‌്ചെയ‌്തു. ഇവരെ ചോദ്യംചെയ‌്തതിൽ നിന്നാണ‌് പൊലീസിന‌് ഇതുസംബന്ധിച്ച വിവരം ലഭിച്ചത‌്. ക്യാമ്പസ‌് ഫ്രണ്ട‌് പ്രവർത്തകരായ കോട്ടയം കങ്ങഴ പത്തനാട് ചിറയ്‌ക്കൽ ബിലാൽ (19), പത്തനംതിട്ട കുളത്തൂർ നരക്കാത്തിനാംകുഴിയിൽ ഫറൂഖ‌് അമാനി (19), പോപ്പുലർ ഫ്രണ്ട‌് പ്രവർത്തകനായ ഫോർട്ട്കൊച്ചി കൽവത്തി പുതിയാണ്ടി റിയാസ് (37) എന്നിവരാണ‌് അറസ‌്റ്റിലായത‌്.

വിവിധ സ്ഥലങ്ങളിൽനിന്ന‌് ലഭിച്ച സിസി ടിവി ദൃശ്യങ്ങളിൽനിന്നാണ‌് പൊലീസിന‌് അക്രമിസംഘത്തെക്കുറിച്ച‌് വിവരം ലഭിച്ചത‌്. ഇവർ വന്ന എട്ട‌് ബൈക്കും ഒരു കാറും പിടിച്ചെടുത്തിട്ടുണ്ട‌്. പ്രതികൾ വിദേശത്തേക്കു കടക്കാതിരിക്കാൻ രാജ്യത്തെ മുഴുവൻ വിമാനത്താ‌വളങ്ങൾക്കും തുറമുഖങ്ങൾക്കും സർക്കുലർ കൈമാറി. പ്രതികളിൽ ചിലരുടെ വീടുകളിൽ നടത്തിയ റെയ്‌ഡുകളിൽ പാസ്‌പോർട്ടിന്റെ പകർപ്പുകൾ പിടിച്ചെടുത്തു. അക്രമിസംഘത്തിന‌് വാഹനം ഏർപ്പാടാക്കി നൽകിയ സെയ്ഫുദ്ദീൻ ഉൾപ്പെടെ കൂടുതൽ പേർ പൊലീസ് കസ്റ്റഡിയിലുണ്ട‌്. ഇവരെ ചോദ്യംചെയ്‌തുവരുന്നു. അന്വേഷണപുരോഗതി ഐജി വിജയ് സാഖറെ വിലയിരുത്തി.

ഭീകരാന്തരീക്ഷം സൃഷ‌്ടിച്ചും കൊലപാതകം നടത്തിയും വർഗീയസ്വാധീനമുണ്ടാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ‌് ഈ അരുംകൊല. എസ‌്എഫ‌്ഐക്കെതിരെ ക്യാമ്പസ‌് ഫ്രണ്ട‌് സംസ്ഥാന ജനറൽ സെക്രട്ടറി ഫെയ‌്‌‌സ‌്‌‌ബുക്കിൽ ഭീഷണിമുഴക്കി 12 മണിക്കൂർ തികയും മുമ്പാണ‌് അഭിമന്യുവിനെ കുത്തിമലർത്തിയത‌്. ക്യാമ്പസ‌് ഫ്രണ്ട‌് ജനറൽ സെക്രട്ടറി എ എസ‌് മുസമ്മലിന്റെ ഫോൺ സംഭാഷണമടക്കം പരിശോധിക്കാൻ പൊലീസ‌് തീരുമാനിച്ചു.

ഇല്ലാത്ത സംഘർഷം ഉണ്ടെന്നുവരുത്തി അഭിമന്യുവിനെ കുത്തിക്കൊല്ലുകയും അർജുനെയും  വിനീതിനെയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ‌്തതിനു പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിരുന്നുവെന്നാണ‌് അനുമാനം. കേവലം മൂന്നുപേർ മാത്രമാണ‌് മഹാരാജാസിൽ ക്യാമ്പസ‌് ഫ്രണ്ടിന‌് പ്രവർത്തകരായുള്ളത‌്. ആക്രമണത്തിൽ എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട  ജില്ലകളിലെ പോപ്പുലർ ഫ്രണ്ട‌് പ്രവർത്തർ പങ്കെടുത്തുവെന്ന‌് പൊലീസ‌് സ്ഥിരീകരിച്ചു. ഹാദിയ കേസിൽ ഹൈക്കോടതിക്ക‌് മുന്നിൽ സമരം ചെയ‌്ത ചിലരും സംഘത്തിലുണ്ടായിരുന്നു. 12 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട‌്. ഒറ്റക്കുത്തിനാണ‌് അഭിമന്യു പിടഞ്ഞുവീണ‌് മരിച്ചത‌്. അർജുനനെ കുത്തിയ കത്തി കരളും പിളർത്തി. പരിശീലനം കിട്ടിയവർക്കു മാത്രമേ ഇങ്ങനെ കുത്താനാകൂ എന്ന‌് പൊലീസ‌് പറഞ്ഞു.

എസ‌്എഫ‌്ഐ എഴുതാനിരുന്ന മതിലിൽ പോസ‌്റ്റർ പതിച്ച‌് തർക്കമുണ്ടാക്കിയതിലും കൊടുംപരിശീലനം കിട്ടിയ തീവ്രവാദികളെയടക്കം മഹാരാജാസിൽ എത്തിച്ചതിലും കൃത്യമായ ആസൂത്രണം നടന്നു. തർക്കം ഉണ്ടാക്കി ഒന്നോ രണ്ടോ എസ‌്എഫ‌്ഐ പ്രവർത്തകരെ വകവരുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി തന്നെയാണ‌് സംഘം എത്തിയതെന്ന‌് ഇതിൽനിന്നു വ്യക്തമാണെന്നും പൊലീസ‌് പറഞ്ഞു. അക്രമിസംഘത്തിലുണ്ടായിരുന്ന അരൂക്കുറ്റി വടുതലയിലെ മുഹമ്മദ‌് മഹാരാജാസിലാണ‌് പഠിക്കുന്നത‌്. പുതുതായി ബിരുദപ്രവേശനം ലഭിച്ച പത്തനംതിട്ട സ്വദേശി ഫറൂഖ്‌ അമാനിയും സംഘത്തിലുണ്ടായിരുന്നു. 

മല്ലപ്പള്ളി കോട്ടാങ്ങൽ പഞ്ചായത്തിലെ മലമ്പാറ നാരകത്തിനാംകുഴി എം എൻ ഇസ്മയിൽ റാവുത്തരുടെയും സുമിയുടെയും മകനാണ് ഫറൂഖ‌്. ചെറുപ്രായം മുതലേ വർഗീയ തീവ്രവാദ ശക്തികളുമായി അടുത്ത ബന്ധം പുലർത്തുന്ന കുടുംബാന്തരീക്ഷത്തിലാണ് വളർന്നത്. അമ്മ സുമി എസ്ഡിപിഐയുടെ സജീവ പ്രവർത്തകയാണ്.  പല കേസുകളിലും പ്രായത്തിന്റെ ആനുകൂല്യത്തിൽ ഒഴിവാക്കപ്പെടുകയായിരുന്നു. ബന്ധുക്കളിൽ ചിലർ എസ്ഡിപിഐയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളാണ്. കമീഷണർ പി ദിനേശിന്റെ  നേരിട്ടുള്ള നിയന്ത്രണത്തിൽ സി ഐ അനന്തലാലിനാണ‌് അന്വേഷണചുമതല.

പ്രധാന വാർത്തകൾ
 Top