20 August Tuesday

കൊന്നൊടുക്കിയാല്‍ തീരുന്നതല്ല വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരായ പോരാട്ടം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019

കൊച്ചി> വര്‍ഗീയ ശക്തികള്‍ക്ക് ഇന്ന് വരെ മേധാവിത്വം സ്ഥാപിക്കാന്‍ കഴിയാത്ത ഇടമാണ് നമ്മുടെ സംസ്ഥാനമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിന്റ മതനിരപേക്ഷത തകര്‍ക്കാനുള്ള നീക്കമാണ് വിവിധ കേന്ദ്രത്തില്‍ നടക്കുന്നതെന്നും ആര്‍എസ്എസും എസ്ഡിപിഐയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും കോടിയേരി പറഞ്ഞു. സിപിഐ എം നിര്‍മിക്കുന്ന അഭിമന്യുവിന്റെ സ്ഥാരകത്തിന് ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം

 ആര്‍എസ്എസിന്റെ മുസ്ലീം പതിപ്പാണ് എസ്ഡിപിഐ. ഇവര്‍ കേരളത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു. ഒരു പ്രദേശത്ത് ഇടതുപ്രസ്ഥാനം ദുര്‍ബലമായാല്‍ ആര് മേധാവിത്വം സ്ഥാപിക്കും എന്ന് രാജ്യം തെളിയിച്ചു. പശ്ചിമബംളില്‍ ഇടതുപക്ഷത്തെ ദുര്‍ബലമാക്കിയപ്പോള്‍ മുസ്ലീം- ഹിന്ദു വര്‍ഗീയ ശക്തികള്‍ ആപത്കരമായി പ്രവര്‍ത്തിക്കുന്ന അവസ്ഥലേക്ക് കാര്യങ്ങള്‍ മാറി. വര്‍ഗീയസംഘര്‍ഷത്തിന്റെ നാടായി അവിടം മാറി. ത്രിപുരയുടേയും സ്ഥിതി വ്യത്യസ്തമല്ല.

 നാളെ കേരളവും ഇതുപോലെയാക്കും എന്ന പ്രഖ്യാപനം നിസാരമാക്കേണ്ടതല്ലെന്നും കോടിയേരി വിശദീകരിച്ചു. ആര്‍എസ്എസിനു വളരാനുള്ള മണ്ണ് എസ്ഡിപിഐ ഒരുക്കുന്നു. 1992ല്‍ നടന്ന ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷമാണ് മുസ്ലം വര്‍ഗീയത ശക്തിപ്പെട്ടത്.

അഭിമന്യു ചെയ്ത തെറ്റെന്താണ്. വര്‍ഗീയതയ്ക്കതെിരെ ശബ്ദിച്ചാല്‍ ജീവനെടുക്കും എന്ന പ്രഖ്യാനമാണ് മഹാരാജാസില്‍ വര്‍ഗീയ ശക്തികള്‍ നടപ്പാക്കിയത്. അഭിമന്യുവിന്റെ കുടുംബത്തിന്റെത് തീരാദുഖമാണ്. ആ ദുഖത്തില്‍ നമ്മളും പങ്കുചേരുകയാണ്. ഇനി ഇത്തരം സംഭവം ഉണ്ടാകാന്‍ പാടില്ല എന്നതാണ് നാം സ്വീകരിക്കേണ്ട നിലപാട്.

 കെഎസ്‌യു, എബിവിപി, എംഎസ്എഫ് എന്നിവരാല്‍ എസ്എഫ്‌ഐക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടു.എന്നാല്‍ എസ്എഫ്‌ഐ ഒരു അക്രമത്തിലും പങ്കെടുത്തില്ല.അഭിമന്യുവിന്റെ കൊലയ്ക്ക് പ്രതികാരം ചെയ്യാന്‍ കരുത്തുള്ള സംഘടനയാണ് എസ്എഫ്‌ഐ. എന്നാല്‍ കൊലയ്ക്ക് കൊലയല്ല പരിഹാരം എന്ന് വിശ്വസിച്ച് വിദ്യാര്‍ഥികളെ അണിനിരത്താനാണ് എസ്എഫ്‌ഐ ശ്രമിച്ചത്.

അഭിമന്യുവിന്റെ പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ സാധിക്കുകയില്ല. അഭിമന്യുവിനെ പോലുള്ള നിരവധി ഉശിരന്‍മാരെയാണ് കേരളത്തിലെ വര്‍ഗീയ ശക്തികള്‍ കൊലപ്പെടുത്തിയത്. വര്‍ഗീയശക്തികളെ തുടച്ചുനീക്കണം. നിരവധി പേര്‍ കൊലചെയ്യപ്പെട്ടാലും വര്‍ഗീയശക്തികള്‍ക്കെതിരായ പോരാട്ടം ഒരിക്കലും ഇല്ലാതാക്കാന്‍ ആര്‍എസ്എസിനോ ഫാസിസ്റ്റ് ശക്തികള്‍ക്കോ കഴിയില്ലെന്നും കോടിയേരി വ്യക്തമാക്കി.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top