15 December Sunday

കേസ്‌ വിചാരണ നാളെ തുടങ്ങും; അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് ഒരാണ്ട്

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019

കൊച്ചി > ക്യാമ്പസ്‌ ഫ്രണ്ട്‌ വര്‍ഗീയവാദികള്‍ ജീവനെടുത്ത എസ്‌എഫ്‌ഐയുടെ അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ ഓര്‍മ്മകള്‍ക്ക് നാളെ ഒരു വയസ്സ്. 2018 ജൂലെ രണ്ടിന് പുലര്‍ച്ചെയാണ് മഹാരാജാസ് കോളേജിന് പിന്നിലെ പാതയില്‍ എസ്‌ഡിപിഐ--ക്യാമ്പസ് ഫ്രണ്ട് തീവ്രവാദി സംഘം എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗമായിരുന്ന അഭിമന്യുവിനെ കുത്തിവീഴ്ത്തിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിനീതിനും അര്‍ജ്ജുനും കുത്തേറ്റു.

അഭിമന്യുവിനെയും താങ്ങിയെടുത്ത് സഹപാഠികള്‍ ജനറല്‍ ആശുപത്രി ലക്ഷ്യമാക്കി കുതിച്ചെങ്കിലും പാതിവഴിയില്‍ അവനിലെ ശ്വാസം ഒടുങ്ങി. വട്ടവടയിലെ തോട്ടം തൊഴിലാളികളായ മനോഹരന്റെയും ഭൂപതിയുടെയും മകന്‍ അവരുടെ മാത്രമല്ല, ആ നാടിന്റെയാകെ പ്രതീക്ഷയായിരുന്നു. ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹത്തോടെ, ഒറ്റമുറിവീട്ടിലെ സാധുകുടുംബത്തിന്റെ പ്രതീക്ഷകള്‍ നെഞ്ചേറ്റിയാണ് അവന്‍ രസതന്ത്ര ബിരുദ പഠനത്തിന് മഹാരാജാസില്‍ ചേര്‍ന്നത്.

കേസ് നടപടികള്‍

കേസിന്റെ വിചാരണ അഭിമന്യുവിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനമായ ജൂലൈ രണ്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ നടക്കും. കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രധാന പ്രതികള്‍ പിടിയിലായത് 90 ദിവസത്തിനകമാണ്. ക്യാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് ക്രിമിനലുകളായ 16 പ്രതികളില്‍ 14 പേരും ജയിലിലായി.

കേസിലെ ഒന്നാം പ്രതിയും കോളേജിലെ ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അരൂക്കുറ്റി വടുതല നദ്വത്ത് നഗര്‍ ജാവേദ് മന്‍സിലില്‍ ജെ ഐ മുഹമ്മദ് (20), രണ്ടാം പ്രതിയും ക്യാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായ എരുമത്തല ചാമക്കാലായില്‍ ആരിഫ് ബിന്‍ സലീം (25), ആരിഫിന്റെ സഹോദരന്‍ ആദില്‍ ബിന്‍ സലീം (23),  പള്ളുരുത്തി പുതിയാണ്ടില്‍ റിയാസ് ഹുസൈന്‍ (37), കോട്ടയം കങ്ങഴ ചിറക്കല്‍ ബിലാല്‍ സജി (18), മഹാരാജാസിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി പത്തനംതിട്ട കോട്ടങ്കല്‍ നരകത്തിനംകുഴി വീട്ടില്‍ ഫാറൂഖ് അമാനി (19), മരട് പെരിങ്ങാട്ടുപറമ്പ് പി എം റജീബ് (25), നെട്ടൂര്‍ പെരിങ്ങോട്ട് പറമ്പ് അബ്ദുല്‍ നാസര്‍ (നാച്ചു-- 24), പള്ളുരുത്തിയിലെ കില്ലര്‍ ഗ്രൂപ്പ് അംഗം പുളിക്കനാട്ട് പി എച്ച് സനീഷ് (32), ഒമ്പതാം പ്രതി ഷിഫാസ് (ചിപ്പു), 11--ാം പ്രതി ജിസാല്‍ റസാഖ്, 14--ാം പ്രതി ഫായിസ് ഫയാസ്, 15--ാം  പ്രതി  തന്‍സീല്‍ എന്നിവരാണ് പിടിയിലായത്. പതിനാറാം പ്രതി സനിദ് കോടതിയില്‍ കീഴടങ്ങി.

അഭിമന്യുവിനെ കുത്തിയ പനങ്ങാട് സ്വദേശി സഹലും ഷഹീമുമാണ് പിടിയിലാകാനുള്ളവര്‍. ഇവര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവര്‍ കേസിലെ പത്തും പന്ത്രണ്ടും പ്രതികളാണ്. ഇവര്‍ക്ക് വാറന്റ് നല്‍കി. കേസിലെ പ്രതികളെയെല്ലാം സാക്ഷികള്‍ തിരിച്ചറിഞ്ഞു. അഭിമന്യുവിനെ കുത്താനുപയോഗിച്ച കത്തിയും ആക്രമിക്കാനുപയോഗിച്ച ആയുധങ്ങളും കോടതിയില്‍ ഹാജരാക്കി.

കൊലപാതകം, കൊലപാതകശ്രമം, അന്യായമായി സംഘംചേരല്‍, മാരകമായി ആയുധം ഉപയോഗിക്കല്‍,  മാരകമായി മുറിവേല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവ ഉള്‍പ്പെടെ 13 വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്. എറണാകുളം സെന്‍ട്രല്‍ പൊലിസ് രജിസ്റ്റര്‍ചെയ്ത കേസ് എസിപി എസ് ടി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷിച്ചത്.

ധനസമാഹരണം

അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനായി സിപിഐ എം നേതൃത്വത്തില്‍ നടന്ന ധനസമാഹരണത്തില്‍ 12,50,000 രൂപ ചെലവിട്ട് സ്ഥലം വാങ്ങി. 24,45,750 രൂപ ചെലവിട്ട് വീടു പണിതു. വട്ടവടയില്‍ നിര്‍മിച്ച വീട് കഴിഞ്ഞ ജനുവരി 14ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. അഭിമന്യുവിന്റെ ആഗ്രഹം പോലെ കഴിഞ്ഞ നവംബറില്‍ സഹോദരിയുടെ വിവാഹവും നടന്നു. സഹോദരിയുടെ വിവാഹാവശ്യത്തിന് 10 ലക്ഷം രൂപ നല്‍കി. അഭിമന്യുവിന്റെ മാതാപിതാക്കളുടെ പേരില്‍ 25 ലക്ഷം ഫിക്സഡ് ഡെപ്പോസിറ്റായി ബാങ്കില്‍ നിക്ഷേപിച്ചു.

വട്ടവട പഞ്ചായത്ത് ഓഫീസിന് മുകളില്‍ സജ്ജീകരിച്ച അഭിമന്യു മഹാരാജാസ് ലൈബ്രറി അന്നു തന്നെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. വിദേശങ്ങളില്‍ നിന്നുള്‍പ്പെടെ സംഭാവനയായി ലഭിച്ച  45000 പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. അഭിമന്യുവിന്റെ സ്വപ്‌നമായിരുന്ന പി എസ് സി കോച്ചിംഗ് സെന്ററും യാഥാര്‍ത്ഥ്യമായി. വട്ടവടയിലെ രക്തസാക്ഷി സ്മാരകത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

അമരസ്മരണകളുടെ ഒന്നാം വാര്‍ഷികത്തില്‍  എറണാകുളം കലൂര്‍-കതൃക്കടവ് റോഡില്‍ അഭിമന്യു സ്മാരകമായി ഉയരുന്ന വിദ്യാര്‍ത്ഥിസേവന കേന്ദ്രത്തിന് ചൊവ്വാഴ്ച സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശിലയിടും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനം, ആധുനിക ലൈബ്രറി, താമസത്തിനുള്ള ഡോര്‍മെറ്ററികള്‍, വര്‍ഗീയവിരുദ്ധ പാഠശാല എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് കേന്ദ്രം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top