26 September Saturday

ആരോഗ്യ സേതു: പൊലീസിനേക്കാൾ വലിയ നിരീക്ഷണം

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020


കോവിഡ്‌ വ്യാപനം തടയാൻ പൊലീസ് മേൽനോട്ടത്തിലുള്ളതും അല്ലാതെയുമുള്ള നിരീക്ഷണം രാജ്യത്താകെയുള്ള സംവിധാനം. കേന്ദ്രസർക്കാരിന്റെ ആരോഗ്യസേതു ആപ്‌ വ്യക്തികളുടെ ഓരോ നീക്കവും നിരീക്ഷിക്കുന്നുണ്ട്‌. വിമാന, ട്രെയിൻ യാത്രക്കാർക്ക് ഈ മൊബൈലില്‍ ആപ് നിര്‍ബന്ധവുമാണ്‌. മിക്ക സംസ്ഥാനങ്ങളിലും സമാന സംവിധാനമുണ്ട്. രോഗിയുടെ മാത്രമല്ല, എല്ലാവരുടെയും നീക്കം നിരീക്ഷിക്കാനും മുന്നറിയിപ്പു നൽകാനും ആരോഗ്യസേതു അത്യാവശ്യമെന്നാണ്‌ കേന്ദ്ര നിലപാട്. ലോക്‌ഡൗൺ ഇളവുകളുടെ  ഭാഗമായി പിന്നീട് ഇളവ് നല്‍കി. പിന്നാലെ രോഗികളുടെ എണ്ണവും കുതിച്ചുകയറി. 

-ഇസ്രയേലിന് ഇവിടെന്തുകാര്യം
കേരളത്തിലെ പൊലീസ്‌ നിരീക്ഷണത്തെ സ്വകാര്യതയുടെ പേരിൽ എതിർക്കുന്നവർ കോവിഡ്‌ ഗവേഷണത്തിന്റെ പേരില‍ുള്ള അതിരുവിട്ട ഇന്ത്യ–-ഇസ്രയേൽ സഹകരണം കണ്ടമട്ടില്ല. ഡൽഹി ആശുപത്രികളിൽനിന്ന്‌ 5,000ൽപ്പരം‌ രോഗികളുടെ സ്രവം‌ ഇസ്രയേൽ പ്രതിരോധസംഘത്തിന് കൈമാറുന്നു‌. ഇസ്രയേൽ വിദഗ്‌ധർ ആശുപത്രികളിലെത്തി രോഗികളെ പരിശോധിക്കുന്നു. ഡിആർഡിഒയും ഇസ്രയേൽ സേനയും നേരിട്ടാണ്‌ ഇടപാട്. കേന്ദ്ര ശാസ്‌ത്ര,സാങ്കേതിക മന്ത്രാലയത്തിന്റെ അനുമതി  വേണ്ടെന്നുവച്ചു.

ജൂലൈ 27ന്‌ 35 അംഗ ഇസ്രയേൽസംഘം എത്തി‌. ഒരാഴ്‌ചത്തെ സമ്പര്‍ക്കവിലക്കെന്ന വ്യവസ്ഥ ഇവര്‍ക്ക് ഒഴിവാക്കി. കേരളത്തിലെ പ്രതിപക്ഷകക്ഷികൾക്ക്‌ ഇതിനോട്‌ എന്താണ്‌ പ്രതികരണമെന്ന്‌ സാമൂഹിക ഗവേഷക മീര വേലായുധൻ ചോദിച്ചു. രാജ്യപരമാധികാരം ഇല്ലാതാക്കുന്ന നടപടിയിൽ നിശ്ശബ്ദത പാലിക്കുന്നത്‌ കോൺഗ്രസ്‌, ബിജെപി നേതാക്കളുടെ ഇരട്ടത്താപ്പിനു തെളിവാണെന്നും -ഫെയ്‌സ്‌ബുക്കില്‍ മീര വേലായുധൻ ചോദിച്ചു.

ഫോൺരേഖ ശേഖരിക്കാൻ കേന്ദ്ര അനുമതി
കോവിഡ്‌ രോഗികളുടെ സമ്പർക്ക‌പട്ടിക തയ്യാറാക്കാൻ‌ ഫോൺരേഖ ശേഖരിക്കുന്നത്‌ കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ‌. ഇതിന്‌  നിയമ തടസ്സമില്ല.  നേരത്തേതന്നെ ആവശ്യമുള്ളവരുടെ ഫോൺ രേഖ പൊലീസ് ശേഖരിച്ചിട്ടുണ്ട്‌. ഇത്‌ മറച്ചുവച്ച്‌ വ്യക്തിയുടെ രഹസ്യം ചോർത്തുന്നുവെന്ന്‌ കഥ മെനഞ്ഞ്‌ ജനങ്ങളിൽ പരിഭ്രാന്തി സൃഷ്‌ടിക്കുകയാണ്‌ പ്രതിപക്ഷവും ചില മാധ്യമങ്ങളും. 

കുറ്റകൃത്യം കണ്ടെത്തുന്നതിനും ശാസ്‌ത്രീയ അന്വേഷണത്തിനുമാണ്‌ സാധാരണ നിലയിൽ പൊലീസ്‌  ഫോൺരേഖ പരിശോധിക്കുക. ഒരു വ്യക്തി  എവിടെയാണ്‌,  എവിടെയെല്ലാം പോയി, ആരെല്ലാം വിളിച്ചു, സമയം എന്നിവ ഈ രേഖയിൽ ലഭിക്കും. ഇത്‌ കോവിഡ്‌ രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കാനും ഗുണകരമാകുമെന്ന്‌ കണ്ടാണ്‌ നടപടി‌. ഇതിൽ മറ്റൊരു തെറ്റായ കാര്യവുമില്ല.

കോവിഡ്‌  സ്ഥിരീകരിച്ചാലും ചിലർ സന്ദർശിച്ച സ്ഥലം,  ബന്ധപ്പെട്ട വ്യക്തികൾ എന്നിവരുടെ വിവരം കൈമാറില്ല. ചിലർക്ക്‌ അവ  ഓർമയുണ്ടാകില്ല. ക്രിമിനൽ ബന്ധമുള്ളവരാണെങ്കിൽ ഒട്ടും വിവരം നൽകില്ല. ഇത്തരക്കാർ പലരും മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌  അതിർത്തിയിലെ   ഊടുവഴികളിലൂടെ എത്തുന്നവുരുമാകും. അതിനാൽ ഇവരുടെയൊക്കെ സമ്പർക്കപട്ടിക തയ്യാറാക്കൽ ദുഷ്‌കരമാകും.

എന്നാൽ, ഫോൺ രേഖ പരിശോധിച്ചാൽ കോവിഡ്‌ രോഗി എവിടെയൊക്ക പോയെന്ന്‌  കണ്ടെത്താനാകും. നിലവിലെ നിയമപ്രകാരം പൊലീസിന്‌ മാത്രമേ ഫോൺ രേഖ ലഭിക്കൂ. ടവർ ലൊക്കേഷൻ പ്രകാരമാണ്‌ ഓരോ സമയത്തും ആ വ്യക്തിയുണ്ടായിരുന്ന സ്ഥലം കണ്ടെത്തുക.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top