26 August Monday

ആദികാട്ടുന്നു അനന്തമായ നന്മ: ഉള്ളത്‌ വിറ്റുപെറുക്കി നാടിന്‌ സംഭാവനയേകി ഒരു കലാകാരൻ

പി വി ജീജോUpdated: Monday Aug 12, 2019

കോഴിക്കോട്‌> നാട്‌ മുങ്ങിത്താഴുമ്പോൾ ഒന്നും ചെയ്യാനാകാതെ വണ്ടിയിൽ ചെത്തി നടന്നിട്ടെന്ത്‌ കാര്യം, അതിനാലതങ്ങ്‌ വിറ്റു, പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടച്ചു............. ആദി ബാലസുധ  ഇത്‌ പറയുമ്പോൾ എന്തോ വലിയ കാര്യം ചെയ്‌തെന്ന ഭാവമില്ല. വയനാട്ടിലേക്കുള്ള  യാത്ര വൈകുന്നതിലുള്ള  അസ്വസ്ഥതയാണാ മുഖത്ത്‌. മേപ്പാടിയിൽ ക്യാമ്പിൽ കഴിയുന്നവർക്ക്‌ സഹായമെത്തിക്കാനുള്ള പാച്ചിലിലാണീ സിനിമാ ഡിജിറ്റൽ ആർടിസ്‌റ്റ്‌.

പ്രളയത്തിൽ ജീവിതം കൈവിട്ടുപോയവർക്ക്‌ എല്ലാം പകർന്നു നൽകി ‘ആദി’  ‘അനന്ത’മായ നന്മയുടെ പാഠം പകരുകയാണിവിടെ. കഴിഞ്ഞ ദിവസമാണ്‌ സ്വന്തം ബൈക്ക്‌ വിറ്റ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 25,000 രൂപ സംഭാവന നൽകിയത്‌.  ഉള്ളത്‌ വിറ്റുപെറുക്കി നാടിന്‌ സംഭാവനയേകി അതിജീവനത്തിന്‌ കരുത്താവുകയാണീ കലാകാരൻ. കഴിഞ്ഞ പ്രളയകാലത്ത്‌ ചിത്രം വരച്ചുനൽകി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌ അരലക്ഷം നൽകി മായാത്ത സത്‌ ചിത്രം വരച്ചിട്ടിരുന്നുആദി.



 ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ ഉൾപ്പെടെ സിനിമകളുടെ ഡിജിറ്റൽ വർക്കുകൾ നിർവഹിച്ച ആദി ബാലസുധ ഇക്കുറി  പ്രളയ മഴ പെയ്‌തിറങ്ങുമ്പോൾ കണ്ണൂരിൽ ആശുപത്രിയിലായിരുന്നു.  ഒരുമാസത്തെ ചികിത്സക്കായി സമ്പാദ്യമേറെയും  ചെലവായി. ദുരിതം നനഞ്ഞ്‌കഴിയുന്ന ജീവിതങ്ങൾക്ക്‌ നൽകാൻ കയ്യിലൊന്നുമുണ്ടായിരുന്നില്ല. അതിനാൽ ഭാര്യ അരുണിമയോടും ആലോചിച്ചു. ബൈക്ക്‌ വിറ്റു. അതേപ്പറ്റി ആദി പറയുന്നു.

നൽകാനൊന്നുമില്ല, ബൈക്ക്‌ വിറ്റു
"മുപ്പതിനായിരം രൂപ  കൊടുത്തിട്ടാ ആശുപത്രി വാസം തുടങ്ങിയത്. അതുകൊണ്ട്‌ കൈയിൽ വേറ പണമൊന്നും ഉണ്ടായിരുന്നില്ല. വീട്ടിലെത്തിയപ്പോഴാണ് പെരുമഴ ആരംഭിച്ചത്. കഴിഞ്ഞ തവണത്തെപ്പോലെ ദുരിതാശ്വാസ പ്രവർത്തനത്തിന് പോകാനും വയ്യാത്ത അവസ്ഥയിലാണ് ഞാൻ. ഞാനൊരു വിഷ്വൽ ആർട്ടിസ്റ്റാണേ, സിനിമക്കൊക്കെ വർക്ക് ചെയ്തിട്ടാ പൈസ ഉണ്ടാക്കുന്നത്. കിട്ടുമ്പോ വലിയ തുക കിട്ടും. പക്ഷേ ആശുപത്രിയിലായിരുന്നതുകൊണ്ട് ബിസിനസ് മോശമായി. "അതിനാൽ ഞാനും ഭാര്യ അരുണിമയും ബൈക്ക് വിറ്റ് കിട്ടുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാനങ്ങ് തീരുമാനിച്ചു. 40,000 രൂപയാണ് ബൈക്ക് വിറ്റാൽ കിട്ടുക. അതിൽ 25,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ബാക്കി കൊടുക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. ആശുപത്രിയിലായതിനാൽ പോക്കറ്റിൽ വേറെ കാശില്ല. അതാണ് ’’.

പ്രളയത്തിനും മായ്‌ക്കാനാകാത്ത ചിത്രങ്ങൾ

കഴിഞ്ഞ തവണ കുട്ടികളുടെ ചിത്രം വരച്ചുതരാം, അതിന്‌ പണം  തന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാം എന്നൊരു വാഗ്‌ദാനം നൽകി.  അമ്പതിനായിരം രൂപയാണ്  അക്കൗണ്ടിലേക്ക് എത്തിയത്. ഗൾഫിലുള്ള ഒരു ചേട്ടൻ   10,000രൂപയാണ് അക്കൗണ്ടിലേക്കിട്ടത്. പണം തന്ന എല്ലാവർക്കും  വരച്ചുകൊടുക്കാൻ പറ്റിയില്ല. എന്നാൽ ആരും പിണങ്ങിയില്ല. പടത്തിനല്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണമാണ് തന്നതെന്നും കുഴപ്പമില്ലെന്ന് അവർ പറഞ്ഞു. പ്രളയ ഫണ്ടിനായി ഇക്കുറിയും വരക്കും

"ഇത്തവണ പത്തുപേരുടെ പടം വരച്ചു നൽകും. കിട്ടുന്നതിന്റെ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകും–- ആദി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top