16 April Friday

രാഷ്‌ട്രീയ വിഷയങ്ങളിൽ രാഹുൽഗാന്ധിക്ക്‌ മറുപടിയില്ല; പുതുച്ചേരിയിൽ കാലുമാറ്റം തടയാൻ പറ്റാത്ത നേതാവാണ്‌ ആരോപണമുന്നയിക്കുന്നത്‌: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

പാലക്കാട്‌> രാഷ്‌ട്രീയ വിഷയങ്ങൾക്ക്‌ മറുപടി പറയാതെ  രാഹുൽഗാന്ധി ആരോപണങ്ങൾ മാത്രമാണ്‌ ഉന്നയിക്കുന്നതെന്ന്‌  സിപിഐ എം സംസ്‌ഥാന സെക്രട്ടറിയുടെ താൽക്കാലിക  ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി  പാലക്കാട്‌ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു വിജയരാഘവൻ.  എൽഡിഎഫിനെ പരാജയപ്പെടുത്താൻ മോഡിയുടെ സഹായം തേടുന്നവരാണ്‌ കേരളത്തിലെ കോൺഗ്രസുകാരെന്നും വിജയരാഘവൻ പറഞ്ഞു.

പൂർണമായും പരാജയപ്പെട്ട നേതാവാണ്‌ കേരളത്തിലെ സർക്കാരിനെതിരെ പ്രതികരിക്കുന്നത്‌.  കോൺഗ്രസ്‌ ‐ ബിജെപി ബന്ധം രാഹുൽ ഗാന്ധി മറച്ചുവെയ്‌ക്കുയാണ്‌.  പുതുച്ചേരിയിലെ കാലുമാറ്റം തടയാൻ രാഹുൽ ഗാന്ധിക്കായില്ല. ജമാ അത്തെ ഇസ്‌ലാമിയുമായി ബന്ധമുണ്ടോ എന്നതിന്‌ ഇതുവരെ കോൺഗ്രസോ രാഹുൽ ഗാന്ധിയോ മറുപടി പറഞ്ഞിട്ടില്ല.

കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ  അഴിമതിക്കാലം ആവർത്തിക്കരുതെന്നാണ്‌ ജനങ്ങളുടെ ആഗ്രഹം. അനാവശ്യ ആരോപണങ്ങൾകൊണ്ട്‌ ജനവികാരം മാറ്റാനാവില്ല. കേരളത്തിലെ  ജനങ്ങൾ രാഹുൽ ഗാന്ധി പറഞ്ഞ കാര്യങ്ങൾ നിരാകരിക്കും.

എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക്‌  പോകുന്നത്‌ തടയാൻ കഴിയാത്ത രാഹുൽ ഗാന്ധി കേരളത്തിലെ വികസനവും കണ്ടില്ലെന്ന്‌ നടിക്കുന്നു. അദ്ദേഹം എംപിയായിരിക്കുന്ന വയനാട്ടിൽ ഏഴായിരം  കോടി രൂപയുടെ പാക്കേജാണ്‌ കർഷകർക്ക്‌ പിണറായി സർക്കാർ നടപ്പാക്കുന്നത്‌. രാഹുൽ എംപിയായിരുന്ന അമേഠിയിൽ ഒരുദിവസം 14 മണിക്കൂറാണ്‌ വൈദ്യുതികട്ട്‌. ഇത്‌ ഒരു ഇംഗ്ലീഷ്‌ വാരിക പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. എന്നാൽ വയനാട്ടിൽ കിഫ്‌ബി വഴി മാത്രം രണ്ടായിരം കോടിരൂപയുടെ വികസനമാണ്‌ സംസ്ഥാന സർക്കാർ നടപ്പാക്കിയതെന്നും  രാഹുലിന്റെ അഭിപ്രായം ജനംതള്ളുമെന്നും വിജയരാഘവൻ പറഞ്ഞു.

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട്‌ നടക്കുന്നത്‌ അനാവശ്യ വിവാദമാണ്‌. ഉദ്യോഗസ്‌ഥൻ ഒരു എംഒയു ഒപ്പിട്ടു. അപ്പോഴത്തെ സാധ്യതകൾ പരിഗണിച്ച്‌ ഒരു ധാരണാപത്രം ഒപ്പിടുന്നു. അതിൽ നയപരമായും നിയമപരമായുമുള്ള സാധ്യതകൾ പിന്നീടാണ്‌ സർക്കാർ പരിശോധിക്കുക. അതിൽ ഒരു നിലപാടും സർക്കാർ എടുത്തിട്ടില്ലല്ലോ. പിന്നെന്തിനാണ്‌ അതിൽ വിമർശനം ഉന്നയിക്കുന്നത്‌.

ഇടതുപക്ഷ മുന്നണി നല്ല ഐക്യത്തിലാണ്‌ പോകുന്നത്‌. എൽഡിഎഫിന്റെ എല്ലാം സിറ്റിങ്‌  സീറ്റാണ്‌. പുതിയ ആളുകൾ വന്നാൽ അവരെയും  ഉൾക്കൊള്ളും . ദീർഘകാലം ഒരാൾക്ക്‌ സീറ്റ്‌ നൽകേണ്ട എന്ന നിലപാട്‌ ഉണ്ട്‌. സ്‌ഥിരമായി  ഒരിടത്ത്‌ മത്സരിച്ച്‌ മരിച്ച്‌ പിരിയേണ്ട എന്ന നിലപാടാണ്‌ ഉള്ളത്‌. മറ്റ്‌ ഒരു സംസ്‌കാരം ഉണ്ടല്ലോ.  അച്‌ഛൻ മത്സരിച്ച്‌ പിന്നെ മകന്‌ കൈമാറി  സെഞ്ച്വറി അടിക്കുന്നത്‌ വരെ സീറ്റ്‌ കൊണ്ടുനടക്കൽ. അത്‌ പിന്തുടരാൻ എൽഡിഎഫ്‌ തീരുമാനിച്ചിട്ടില്ല.

 പ്രതിപക്ഷ നേതാവുമായി സംവാദം നടത്തേണ്ട  കാര്യമില്ലെന്നും കോൺഗ്രസുകാരുമായി സംവാദം നടത്തിവരെ തോറ്റു നിൽക്കുകയാണ്‌ പ്രതിപക്ഷ നേതാവെന്നും ചോദ്യങ്ങൾക്ക്‌ മറുപടിയുമായി എ വിജയരാഘവൻ പറഞ്ഞു.സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ്‌, സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌ രാജ്‌, എന്നിവരും ജാഥാ അംഗങ്ങളോടൊപ്പമുള്ള വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ആ കറുത്ത ദിനം ജനം മറന്നിട്ടില്ല

ജോലികിട്ടാനും സ്ഥലംമാറ്റത്തിനും വരെ പണം വാങ്ങിയ യുഡിഎഫ്‌ ഭരിച്ച ആ കറുത്ത ദിനം ജനം മറന്നിട്ടില്ല. കേരള ജനത എല്ലാം മറക്കുമെന്ന്‌ കോൺഗ്രസുകാരും രാഹുൽ ഗാന്ധിയും തെറ്റിദ്ധരിച്ചിരിക്കയാണെന്നും എ വിജയരാഘവൻ പറഞ്ഞു.

ആ കറുത്ത ദിനം ആവർത്തിക്കാതിരിക്കാനാണ്‌ ജനം ആഗ്രഹിക്കുന്നത്‌.  രണ്ടാം യുപിഎ സർക്കാറിന്റെ അഴിമതിയാണ്‌ കേന്ദ്രത്തിൽ ബിജെപിയെ  അധികാരത്തിലെത്തിച്ചത്‌. കേരളത്തിൽ എല്ലാവർക്കും സൗജന്യ ചികിൽസയാണ്‌ എൽഡിഎഫ്‌ സർക്കാർ ഉറപ്പാക്കിയിരിക്കുന്നത്‌. പിന്നെന്തിനാണ്‌ ‌ യുഡിഎഫ്‌ പ്രകടനപത്രികയിൽ വീണ്ടും സൗജന്യ ചികിൽസ പ്രഖ്യാപിച്ചതെന്നും  വിജയരാഘവൻ ചോദിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top