13 May Thursday

യുഡിഎഫിന്റെ നട്ടാൽ കുരുക്കാത്ത നുണ 
വിലപ്പോകില്ല: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 31, 2021


വടകര
രാഷ്ട്രീയമായി ഒന്നും പറയാനില്ലാത്ത യുഡിഎഫ്‌ സംസ്ഥാന സർക്കാരിനെ ആരോപണങ്ങൾകൊണ്ട് നേരിടാനാണ് ശ്രമിക്കുന്നതെന്ന്  സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു.  നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ച്  അധികാരം നേടാമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. അത് കേരളത്തിൽ നടക്കില്ല. കേരളം പ്രബുദ്ധമാണ്. ദുരിതത്തെ മുറിച്ചുകടക്കാൻ ആരാണ് സഹായിച്ചതെന്ന് കൃത്യമായി കേരളത്തിലെ   ജനതക്കറിയാം. അതുകൊണ്ട് മികച്ച ഭൂരിപക്ഷത്തോടെ പിണറായി സർക്കാർ തുടർഭരണം നേടും. വടകര നടക്കുതാഴ, കക്കട്ടിൽ, കൂട്ടാലിട എന്നിവിടങ്ങളിലെ എൽഡിഎഫ്  തെരഞ്ഞെടുപ്പ് റാലികൾ ഉദ്ഘാടനംചെയ്യുകയായിരുന്നു വിജയരാഘവൻ.

കത്തയക്കുക എന്ന പണിയാണ് രമേശ് ചെന്നിത്തലയ്ക്കുള്ളത്. കത്തയച്ച് അരിമുടക്കാനുള്ള ശ്രമം കോടതി തടഞ്ഞപ്പോൾ ഇരട്ടവോട്ട് എന്ന തന്ത്രവുമായി ഇറങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇരട്ടവോട്ടിനെക്കുറിച്ച് മിണ്ടാതിരിക്കുകയും  ഇപ്പോൾ പരാതി പറയുകയും ചെയ്യുന്നത് പരാജയഭീതിയുള്ളതിനാലാണ്.  പ്രതിപക്ഷ നേതാവയക്കുന്ന കത്തിനനുസരിച്ച്  കേന്ദ്ര ഏജൻസികളെ അയച്ച് സഹകരിക്കുകയാണ് ബിജെപി സർക്കാർ.  ആറ് കേന്ദ്രഏജൻസികൾ വന്നിട്ടും ഒമ്പതുമാസംമുമ്പ് നടന്ന സ്വർണക്കടത്തിലെ ശരിക്കുള്ള പ്രതികളെ വെളിച്ചത്ത് കൊണ്ടുവരാനായില്ല.

തെരഞ്ഞെടുപ്പടുക്കുമ്പോൾ റിപ്പോർട്ടയക്കുക എന്ന പണിമാത്രമാണ് ഏജൻസികൾക്കുള്ളത്. എത്ര ഏജൻസികൾ വന്നാലും എൽഡിഎഫിലെ ഒരുമന്ത്രിയെപ്പോലും ഈ കേസിലുൾപ്പെടുത്താൻ കഴിയില്ല. അത്രയും സുതാര്യമായാണ് അഞ്ചുവർഷം കേരളത്തിൽ ഭരണം നടന്നത്.

ആടിയുലയുന്ന പാലാരിവട്ടം പാലങ്ങൾക്കുപകരം 100 വർഷം ഉറപ്പുള്ള പാലമാണ് എൽഡിഎഫ് പണിതത്. വിദ്യാലയങ്ങൾ, ആശുപത്രികൾ, റോഡുകൾ, പാലങ്ങൾ എല്ലാം ലോകത്തിനുതന്നെ മാതൃകയാവുന്ന വികസന നേട്ടങ്ങളാണ്.   സാധാരണ മനുഷ്യന് കാലുകൾ നടക്കാനുള്ളതാണ്. എന്നാൽ  കോൺഗ്രസിന് ബിജെപിയിലേക്ക് ചുവടുമാറ്റാനാണ് കാലുകൾ. കർണാടക, ഗോവ, മണിപ്പൂർ, പോണ്ടിച്ചേരി എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്. ലോകാവസാനംവരെ ശ്രമിച്ചാലും എൽഡിഎഫിൽനിന്ന് ആളുകളെ അടർത്തിമാറ്റി അധികാരത്തിലേറാൻ ബിജെപിക്ക്‌ കഴിയില്ല. അതുകൊണ്ടാണ് കുപ്രചാരണങ്ങൾ നടത്തുന്നത്.  മോഡിയുടെ പാർടിക്ക് ഒറ്റ  എംഎൽഎപോലുമില്ലാത്ത സംസ്ഥാനം എന്ന ചരിത്രം സമ്മാനിച്ചാണ് കേരളം ഇതിനോട് പ്രതികരിക്കുകയെന്നും എ വിജയരാഘവൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top