16 January Saturday

കോണ്‍ഗ്രസിന്റെ അവസരവാദ നിലപാടിന്റെ ഗുണഭോക്താവ് വര്‍ഗീയ ശക്തികള്‍; ഇരട്ടത്താപ്പ് ചെന്നിത്തലയുടെ സഹജ സ്വഭാവം: വിജയരാഘവന്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020

തിരുവനന്തപുരം> എല്‍ഡിഎഫ് നയങ്ങളുടെ  സ്വീകാര്യത അഖിലേന്ത്യാ തലത്തില്‍  ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സമരത്തിന്റെ സന്ദര്‍ഭം വളരെയേറെ ഉപയോഗപ്പെട്ടുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമത വഹിക്കുന്ന എ വിജയരാഘവന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.. രാഷ്ട്രീയ ബദലിനെ കുറിച്ചുള്ള  ജനത്തിന്റെ അന്വേഷണത്തിനുള്ള ശരിയുത്തരം ഇടതുപക്ഷമാണെന്ന് ഇത് വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു

കര്‍ഷകന്റെ നിശ്ചയദാര്‍ഢ്യമാണ് ആത്യന്തികമായി ഈ സമരമുഖത്ത് വിജയിക്കാന്‍ പോകുന്നത്.   എല്ലാ പഞ്ചായത്തുകളിലും കൃഷിക്കാരുടേയും കര്‍ഷക തൊഴിലാളികളുടേയും സംഘടനകള്‍ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള പ്രകടനം കേരളത്തിലാകെ ഇന്ന് നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു

ഇന്ത്യയില്‍ ഇതുവരെ ഇല്ലാത്ത തരത്തില്‍ പച്ചക്കറിക്ക്  താങ്ങുവില പ്രഖ്യാപിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും ഭക്ഷ്യധാന്യ വിതരണം ഓരോ കുടുംബത്തിനും ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. രണ്ട് നയങ്ങള്‍ തമ്മിലുള്ള വ്യത്യാസം  ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ബോധ്യപ്പെട്ട സന്ദര്‍ഭമാണിത്.

കേരളത്തിലെ യുഡിഎഫും വിശേഷിച്ച് കോണ്‍ഗ്രസും സ്വീകരിച്ചിരിക്കുന്നത് അവസരവാദ രാഷ്ട്രീയ നിലപാടാണ്. അവര്‍ നിരവധി പഞ്ചായത്തുകളില്‍ ബിജെപിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കി. ഒരുമിച്ചൊരു മുന്നണിയില്‍  മത്സരിക്കുകയാണ്.  അതുപോലെ തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ മുന്നണി. അപകടകരമായ രാഷ്ട്രീയം അതില്‍ കാണാന്‍ കഴിയും.

ഇതിന്റെ ഗുണഭോക്താവ് വര്‍ഗീയ ശക്തികളാണ്. പല തലത്തിലാണ് ഇതിനോടുള്ള യുഡിഎഫ് സമീപനം. തെക്കോട്ട് ജമാ അത്തെ ഇസ്ലാമി ബന്ധം മറയ്ക്കാന്‍ നോക്കുകയാണ്. വടക്കന്‍ ജില്ലകളിലെല്ലാം അവരുമായി സഖ്യമുണ്ടാക്കിയിരിക്കുന്നു. ദേശീയ തലത്തില്‍ ഈ വിചിത്ര നിലപാട് എങ്ങനെ പ്രതിഫലിക്കുമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് ചിന്തിക്കുന്നില്ല.

ജമ്മു കാശ്മീരിനെ കേന്ദ്രം തുറന്ന ജയിലാക്കി മാറ്റി. മുന്‍ഗണനകളില്‍ തീവ്രഹിന്ദുത്വ അജണ്ടക്കനുസൃതമായ നിയനിര്‍മ്മാണങ്ങള്‍ക്ക് പ്രാഥമിക പരിഗണന നല്‍കി. സാമ്പത്തിക നയങ്ങളില്‍ പൂര്‍ണമായി കോര്‍പറേറ്റുകള്‍ രാജ്യത്തെ  കൊളള്ളയടിച്ച് വലിയ ലാഭമുണ്ടാക്കുന്ന വിധത്തില്‍ കാര്യം കൈകാര്യം  ചെയ്തു.

  രാജ്യത്താകെ മതനിരപേക്ഷ വാദികള്‍ ഒരുമിച്ച് നീങ്ങുമ്പോഴാണ് കേരളത്തിലെ കോണ്‍ഗ്രസും യുഡിഎഫും ബിജെപി,വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരുമായി സഖ്യമുണ്ടാക്കുന്നത്. അയോധ്യ സംഭവത്തിലെല്ലാം കോണ്‍ഗ്രസ് സ്വീകരിച്ച ചാഞ്ചാട്ടം നിറഞ്ഞ നിലപാട് രാഷ്ട്രീയമായി കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി. അവരുടെ വിശ്വാസ്യതയാണ് ദേശീയ തലത്തില്‍ തന്നെ കൂടുതല്‍ തകര്‍ക്കുന്ന നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്.

  വിദ്യാഭ്യാസ മേഖല, ആരോഗ്യ മേഖല, കാര്‍ഷിക മേഖല,  പൊതു വിതരണം എന്നിവയെല്ലാം കേരളത്തില്‍ മെച്ചപ്പെട്ടു. എന്നാല്‍, ലൈഫ്‌ പോലെയുള്ള മികവാര്‍ന്ന പദ്ധതികള്‍ നിരാകരിക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. കേരളത്തിലെ ജനം ഇത് കാണുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ ഇടത് തുടര്‍ഭരണ സാധ്യത  വിപുലപ്പെടുത്തും.

കെഎസ്എഫ്ഇ കേരളത്തില്‍ ഏററവും നല്ല നിലയില്‍ നടക്കുന്ന ഒരു ധനസ്ഥാപനമാണ്.ഇപ്പോള്‍ നടന്ന വിജിലന്‍സ് പരിശോധന സംബന്ധിച്ച് ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിജിലന്‍സ് നല്ലതാണെന്ന് പറയുകയും അദ്ദേഹത്തിനെതിരെ അന്വേഷണം വരുമ്പോള്‍  മോശമാണെന്ന് പറയുകയും ചെയ്യുന്ന വ്യക്തിയാണ്. ഇരട്ടത്താപ്പ് ചെന്നിത്തലയുടെ സഹജ സ്വഭാവം. അദ്ദേഹത്തിന് ഗുണം കിട്ടുമോ എന്ന് നോക്കിയാണ് കാര്യങ്ങള്‍ പറയാറെന്നും വിജയരാഘവന്‍ വ്യക്തമാക്കി


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top