17 June Monday

മോഡി ഭക്തിയോടെ അബ്ദുള്ളക്കുട്ടി കോൺഗ്രസിൽ തുടർന്നത‌് 10 വർഷം; വെളിവാകുന്നത‌് കാപട്യവും അവസരവാദവും

പ്രത്യേക ലേഖകൻUpdated: Tuesday Jun 4, 2019


നരേന്ദ്ര മോഡിയെ പുകഴ‌്ത്തിയ എ പി അബ്ദുള്ളക്കുട്ടിയെ പുറത്താക്കാൻ  കോൺഗ്രസ‌്  നിർബന്ധിതമാകുമ്പോൾ വെളിവാകുന്നത‌് കാപട്യവും അവസരവാദവും.

മോഡി കെട്ടിച്ചമച്ച ഗുജറാത്ത‌് മോഡലാണ‌് രാജ്യത്തിന്റെ വികസന മാതൃകയെന്ന‌്  പറഞ്ഞതിനാണ‌്  2009ൽ സിപിഐ  എം അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത‌്. മോഡിയുടെ മാതൃക, വർഗീയ ചേരിതിരിവും വംശഹത്യയുമാണെന്ന‌് അന്ന‌് സിപിഐ എം വ്യക്തമാക്കി. എന്നാൽ മോഡി ഭക്തനായ അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കാൻ  കോൺഗ്രസിന‌് ഒരുമടിയുമുണ്ടായില്ല. രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസിന്റെ ദേശീയ നേതൃത്വവും സ്വാഗതംചെയ‌്തു. മോഡിസ‌്തുതിയെ തള്ളിപ്പറയാനും അബ്ദുള്ളക്കുട്ടിയെ തിരുത്താനും കോൺഗ്രസ‌് നേതാക്കളാരും മുന്നോട്ടുവന്നുമില്ല.

പത്ത‌് വർഷത്തിനുശേഷമാണ‌് കോൺഗ്രസിന‌്  മോഡിയും അബ്ദുള്ളക്കുട്ടിയും ശരിയല്ലെന്ന തിരിച്ചറിവുണ്ടായത‌്. കോൺഗ്രസ‌് നേതാക്കളായ കെ സുധാകരനും അഡ്വ. ആസഫലിയും കണ്ണൂർ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ‌് വേളയിൽ  ഗുജറാത്ത‌് മോഡൽ വാദത്തെ തള്ളിപ്പറയണമെന്ന‌്  ആവശ്യപ്പെട്ടെങ്കിലും  തയ്യാറായില്ലെന്ന‌് അബ്ദുള്ളക്കുട്ടി തുറന്നുപറഞ്ഞിട്ടുണ്ട‌്. എന്നിട്ടും പതിറ്റാണ്ടോളം ‘മോഡി ഭക്തന‌്’ കോൺഗ്രസിൽ തുടരാൻ കഴിഞ്ഞു. പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ നാണംകെട്ട കോൺഗ്രസിന‌് അബ്ദുള്ളക്കുട്ടിയുടെ മോഡി അപദാനം ഒരിക്കൽകൂടി സഹിക്കാനുള്ള ശേഷിയില്ലാതായതിനെത്തുടർന്നാണ‌് പുറത്താക്കൽ.

കേരളത്തിൽ ബിജെപിയുമായുള്ള വോട്ടുകച്ചവടത്തിലൂടെ പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ കോൺഗ്രസിന‌് അബ്ദുള്ളക്കുട്ടിയെ പുറത്താക്കാനുള്ള ധാർമികാവകാശമുണ്ടോയെന്ന ചോദ്യവും  ഉയർന്നിട്ടുണ്ട‌്. അബ്ദുള്ളക്കുട്ടിയെ കൂട്ടുപിടിച്ച‌് സിപിഐ എം മതാചാരങ്ങൾക്ക‌് എതിരാണെന്ന ഹീന പ്രചാരണം നടത്താനും കോൺഗ്രസ‌് മുമ്പ‌് മടിച്ചില്ല. ഉമ്മൂമ്മയുടെ മയ്യത്ത‌് നമസ‌്ക്കാരത്തിനും ഉംറക്ക‌് പോകാനും സിപിഐ എം അനുവദിച്ചില്ലെന്ന അബ്ദുള്ളക്കുട്ടിയുടെ പച്ചക്കള്ളവും അന്ന‌് കോൺഗ്രസ‌് ഏറ്റെടുത്തു.

കഴിഞ്ഞ പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ കാസർകോട‌് മണ്ഡലത്തിൽ സീറ്റ‌് നിഷേധിച്ചതിൽ പ്രതിഷേധിച്ച‌് പിണങ്ങിനിന്ന അബ്ദുള്ളക്കുട്ടിയെ ഇണക്കാനെത്തിയത‌് പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തലയായിരുന്നു.

മോഡി സ‌്തുതി മാറ്റില്ലെന്ന‌് നേരത്തെ പറഞ്ഞു: അബ്ദുള്ളക്കുട്ടി
മോഡിയുടെ ഗുജറാത്ത‌് മോഡൽ വികസനത്തെക്കുറിച്ചുള്ള അഭിപ്രായം മാറ്റില്ലെന്ന‌് കോൺഗ്രസ‌് നേതാക്കളോട‌് നേരത്തെ പറഞ്ഞിട്ടുണ്ടെന്ന‌് എ പി അബ്ദുള്ളക്കുട്ടി. കണ്ണൂർ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ‌് സമയത്ത‌് കെ സുധാകരനും അഡ്വ. ടി ആസഫലിയും ഗുജറാത്ത‌് മോഡൽ വികസനവാദം ഉപേക്ഷിക്കണമെന്ന‌് ആവശ്യപ്പെട്ടപ്പോൾ സാധ്യമല്ലെന്ന‌് വെട്ടിത്തുറന്നു പറഞ്ഞിരുന്നു. മോഡി അനുകൂല പ്രസ‌്താവനയിൽ ഉറച്ചുനിന്നപ്പോഴാണ‌് തന്നെ കോൺഗ്രസിലെടുത്തത‌്. ഇപ്പോഴെങ്ങനെ അത‌് അവസരവാദമാകും. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി.

ബിജെപിയിൽ അബ്ദുള്ളക്കുട്ടിക്ക് സ്ഥലമുണ്ടെന്ന് വി മുരളീധരന്‍
ന്യൂഡൽഹി
അബ‌്ദുള്ളക്കുട്ടിയെ പുറത്താക്കിയതിലൂടെ കോൺഗ്രസ‌് പരിഭ്രാന്തിയിലാണെന്ന‌് വ്യക്തമായെന്ന‌് കേന്ദ്രസഹമന്ത്രി വി മുരളീധരൻ പറഞ്ഞു. അബ‌്ദുള്ളക്കുട്ടി ബിജെപിയിലേക്ക‌് വരാൻ താൽപ്പര്യം പ്രകടിപ്പിച്ചാൽ തടസ്സമില്ലെന്നും സഹമന്ത്രിയായി ചുമതലയേറ്റശേഷം നടത്തിയ ആദ്യ വാർത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ബിജെപിയിലേക്ക‌ുവരാൻ താൽപ്പര്യപ്പെട്ട‌് അബ‌്ദുള്ളക്കുട്ടി തന്നെ സമീപിച്ചിട്ടില്ല. സംസ്ഥാന അധ്യക്ഷനെ ബന്ധപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. ബിജെപിയിൽ ഇനിയും നേതാക്കൾക്ക‌് സ്ഥലമുണ്ട്. കേരളത്തിലെ തോൽവിയുടെ പശ‌്ചാത്തലത്തിൽ ബിജെപിയില്‍ നേതൃമാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന്, ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന‌് അമിത‌് ഷാ മാറുന്നതിനാൽ സംസ്ഥാന പുനഃസംഘടന വൈകുമെന്നായിരുന്നു മറുപടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top