25 May Monday

എംപി ഫണ്ട്‌ നിർത്തലാക്കിയത്‌ സാമ്പത്തിക ആഘാതങ്ങൾ സാധാരണക്കാരുടെ തലയിൽവച്ച്‌ കൊടുക്കാൻ - എ എം ആരിഫ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020

ന്യൂഡൽഹി > രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാൻ പോകുന്നതിന്റെ മുന്നൊരുക്കമായിട്ടാണ് എംപി ഫണ്ട് രണ്ടു വർഷത്തേക്ക്  ഇല്ലാതാക്കിയതെന്ന് എ എം ആരിഫ്  എം പി. നോട്ട് അസാധുവാക്കിയതിലൂടെയും അശാസ്ത്രീയമായി ജി എസ് ടി നടപ്പാക്കിയതി ലൂടെയും കോർപ്പറേറ്റുകൾക്ക്‌ കോടാനു കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകിയതിലൂടെയും സമ്പത്ത് വ്യവസ്ഥ തകർന്നത് നിമിത്തമുള്ള ആഘാതങ്ങൾ സാധാരണക്കാരുടെ തലയിൽ വെച്ചു കൊടുക്കുവാനുള്ള ഒരുക്കങ്ങൾക്ക് മുന്നോടിയായിട്ടുള്ളതാണ് എം പി മാരുടെ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ ഈ വിലക്കുകൾ എന്ന് കരുതേണ്ടിയിരിക്കുന്നു ‐ ആരിഫ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

അടുത്ത രണ്ടു വർഷത്തേക്ക് എംപി ഫണ്ട് അതാത് മണ്ഡലങ്ങളിലെ ആരോഗ്യമേഖലയ്ക്ക് മാത്രമേ ചിലവഴിക്കാൻ പാടുള്ളൂ എന്ന വ്യവസ്ഥ ഉൾപ്പെടുത്തി ഫണ്ട് ചെലവഴിക്കാനുള്ള അനുവാദം നൽകണമെന്ന് എ എം ആരിഫ് എംപി പ്രസിഡണ്ടിനും പ്രധാനമന്ത്രിക്കും ലോക്സഭാ സ്പീക്കർക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ 2019 ജൂൺ മാസത്തിൽ പ്രസിഡണ്ടിന്റെ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിലൂടെ പാർലമെൻററി ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിച്ച് പ്രസിഡൻഷ്യൽ മാതൃകയിലുള്ള സംവിധാനമാക്കി മാറ്റുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.എംപി ഫണ്ട് ഇല്ലാതാക്കാൻ ബിജെപി ആലോചിച്ചിരുന്നു എന്ന് എട്ടുമാസം മുമ്പേ ചില ബിജെപി പാർലമെൻറ് അംഗങ്ങൾ ഞങ്ങളോട് സംസാരിച്ചിരുന്നുവെന്നും ഇത് നടപ്പാക്കാൻ കൊറോണ കാലത്തെ ഉപയോഗപ്പെടുത്തുകയാണ് ഉണ്ടായതെന്നും വ്യക്തമാണ്.

20,000 കോടി രൂപ മുടക്കി ഉള്ള പുതിയ പാർലമെൻറ് മന്ദിര നിർമ്മാണം മാറ്റിവയ്ക്കണം എന്നും കോർപ്പറേറ്റുകൾക്ക് മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നൽകിയ ആനുകൂല്യങ്ങളുടെ കണക്കും അവരുടെ വരുമാനത്തിന്റെ വർധനവും കണക്കിലെടുത്ത് അതിൻറെ ഒരു വിഹിതം തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കുകയുമാണ് ആദ്യം ചെയ്യേണ്ടത് എന്നും ആരിഫ് ആവശ്യപ്പെട്ടു.എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് ഇല്ലാതായതോടെ പട്ടികജാതി പട്ടികവർഗ്ഗ മേഖലയിൽ ചെലവഴിക്കാമായിരുന്ന 20 ശതമാനം ഫണ്ട് കൂടി ഇല്ലാതാവുകയാണ്. 2020- 21 വർഷത്തെ ഫണ്ടിൽ ആരോഗ്യ മേഖലയ്ക്ക് അനുവദിച്ചതും ജില്ലാ കളക്ടർമാർ ഭരണാനുമതി നൽകി നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നതുമായ പ്രവർത്തികൾ ഇനി എങ്ങനെ തുടർന്ന് നടപ്പിലാക്കുമെന്നതിൽ വ്യക്തത വരുത്തണമെന്നും ആരിഫ് കത്തിൽ ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top