26 January Sunday

യുഎപിഎ ബില്ലിൽ പൊതുധാരണ ലംഘിച്ച ലീഗ്‌ ഇപ്പോൾ നടത്തുന്നത്‌ പ്രഹസനമെന്ന്‌ എ എം ആരിഫ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2019

എൻഐഎ  ബില്ലിൽ ഉണ്ടായ രാഷ്ട്രീയമായ ക്ഷീണം മറികടക്കാനുള്ള ഗിമ്മിക്കാണ്‌ മുസ്‌ലീം ലീഗ്‌ ഇപ്പോൾ നടത്തുന്നതെന്ന്‌ എ എം ആരിഫ്‌ എം പി.  എൻഐഎ ബില്ലിൽ കോൺഗ്രസ് ,കേരളാ കോൺഗ്രസ്, RSP തുടങ്ങി UPA/ UDF ഘടകകക്ഷികളെ പോലും ഒപ്പം കൂട്ടാൻ കഴിഞ്ഞില്ല. യുഎപിഎ നിയമഭേദഗതി ബില്ലിൻമേൽ പ്രതിപക്ഷത്തിന്റെ പൊതുധാരണക്ക്‌ വിരുദ്ധമായി സഭയിൽ കയറി വോട്ടെടുപ്പിൽ പങ്കെടുത്തത്‌ ലീഗ്‌ ആണ്‌. യുഎപിഎ ബില്ലിൽ സിപിഐ എമ്മിനെ കുറ്റപെടുത്താനാണ്‌ ലീഗ്‌ ശ്രമിക്കുന്നത്‌. എന്നാൽ ലീഗിന്റെ നിലപാടാണ് ശരിയെങ്കിൽ അതിനൊപ്പം നിൽക്കാത്ത കോൺഗ്രസ്സിന്റെ നിലപാടിനെ കുറിച്ച്‌ ലീഗിന്‌ എന്താണ്‌ പറയാനുള്ളതെന്നും ആരിഫ്‌ എം പി ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിൽ ചോദിച്ചു.

പോസ്‌റ്റ്‌ ചുവടെ

ഇരുട്ടു കൊണ്ട് ഓട്ട അടയ്ക്കുക' എന്നൊരു ചൊല്ലുണ്ട്.ലീഗും ലീഗിനെ പിന്തുണയ്ക്കുന്ന ജമാ അത് ഇസ്ലാമി , SDPI പോലുള്ള സംഘടനകളും എത്ര ശ്രമിച്ചാലുമതുകൊണ്ട് പ്രയോജനമുണ്ടാകും എന്ന് തോന്നുന്നില്ല.

UAPA അമൻഡ്മെന്റ് ബില്ലിന്റെ ചർച്ചയിലും, NIA അമൻഡ്മെന്റ് ബിൽ പോലെ തന്നെ ശക്തമായ എതിർപ്പ് ഇടതുപക്ഷം സഭയിൽ ഉയർത്തിയിരുന്നു. UAPA ദുരുപയോഗം ചെയ്യപ്പെടാനും, ഭരണഘടന നൽകുന്ന അവകാശങ്ങളെ ഹനിക്കുവാനും, എതിരാളികളെ നിശബ്ദരാക്കാൻ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനുമുള്ള സാധ്യതകളെയും, ഇടതുപക്ഷം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശക്തമായി NIA ബില്ലിനെ ചർച്ചയിൽ എതിർത്ത കോൺഗ്രസ്സും, കേരളാ കോൺഗ്രസ്സുമെല്ലാം, NIA ഭേദഗതികൾക്ക് അനുകൂലമായി BJP ക്ക് ഒപ്പം വോട്ട് ചെയ്തതും, ലീഗ് എതിർത്ത് വോട്ടു ചെയ്യാതെയിരുന്നതും, വിവാദമായിരുന്നു.

പ്രതിപക്ഷ കക്ഷികൾ തമ്മിൽ ഏകോപനമില്ലാത്ത അവസ്ഥയിൽ ജനവിരുദ്ധ ബില്ലുകളിൽ വരുന്ന ചർച്ചകളിലും, വോട്ടെടുപ്പുകളിലും ആശയക്കുഴപ്പം ഉണ്ടാകരുത് എന്ന് അഭിപ്രായമുയർന്നിരുന്നു. അതു കൊണ്ടു തന്നെ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് ബില്ലിനെ എതിർക്കാൻ ധാരണ ഉണ്ടാക്കിയിരുന്നു.അതു പ്രകാരം ബില്ലിലെ വ്യവസ്ഥകൾക്കെതിരെ ശക്തമായ പ്രതിഷേധം സഭയിൽ ഉന്നയിച്ച് കോൺഗ്രസും, ത്രിണമൂൽ കോൺഗ്രസും, DMK യും,ഇടതു പക്ഷവും, ലീഗും, കേരളാ കോൺഗ്രസ്സും, RSP യും , മറ്റു പ്രതിപക്ഷ കക്ഷികളും ഇറങ്ങിപ്പോയ സന്ദർഭത്തിൽ, ഒവൈസി മുൻ തവണത്തെ പോലെ ബില്ലിൽ വേട്ടെടുപ്പ് ആവശ്യപ്പെടുകയും, ഭേദഗതി നിർദ്ദേശങ്ങൾ വോട്ടിനിടുകയും ചെയ്തു. ലീഗ് MP മാർ പൊതുധാരണയ്ക്ക് വിരുദ്ധമായി സഭയിൽ കയറി വോട്ടെടുപ്പിൽ പങ്കെടുക്കുകയാണ് ഉണ്ടായത്. കോൺഗ്രസ് ,കേരളാ കോൺഗ്രസ്, RSP തുടങ്ങി UPA/ UDF ഘടകകക്ഷികളെ പോലും ഒപ്പം കൂട്ടാൻ കഴിയാത്ത ലീഗിന് NIA ബില്ലിൽ ഉണ്ടായ രാഷ്ട്രീയമായ ക്ഷീണം മറികടക്കാനുള്ള ഗിമ്മിക്കായി ഇതിനെ കണ്ടാൽ മതി.

CPIM ന് കൃത്യമായ നിലപാട് ഓരോ വിഷയത്തിലുമുണ്ട്. അത് സഭയിൽ വ്യക്തമായി തന്നെ ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.
NIA ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ, UAPA ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുന്ന നിലപാട് എടുക്കാതെ ആക്കുവാൻ ഇടതു പക്ഷത്തിന് കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല.

ലീഗിന്റെ നിലപാടാണ് ശരിയെങ്കിൽ അതിനൊപ്പം നിൽക്കാത്ത കോൺഗ്രസ്സിന്റെ നിലപാടിനെ കുറിച്ച് ലീഗ് എന്ത് പറയുമെന്നറിയാൻ കൗതുകമുണ്ട്. ഒളിച്ചോടിയത് ഇടതുപക്ഷമാണെങ്കിൽ സോണിയാ ഗാന്ധിയുടേത് ഒളിച്ചോട്ടമായിരുന്നോ എന്നും വ്യക്തമാക്കേണ്ടതുണ്ട്..
യു.എ.പി.എ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയത് 287 നെതിരെ 8 വോട്ടുകൾക്ക് ആണ് . കോൺഗ്രസ്,തൃണമൂൽ ,ഡിഎംകെ ,ഇടതുപക്ഷം.. എല്ലാവരും മുൻധാരണ പ്രകാരം സഭ ബഹിഷ്‌കരിച്ചു.

''ഇത്തരം ഒരു നിയമത്തില്‍ മറിച്ച് വോട്ട് ചെയ്താല്‍ അത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ രാജ്യ താത്പര്യത്തിനെതിരായി നില്‍ക്കുന്നവരെന്ന പ്രചരണം നടത്താന്‍ ഫാസിസ്റ്റ് ശക്തികള്‍ക്കും പ്രത്യേകിച്ചും ബി.ജെ.പിക്കും എളുപ്പമാകും. ഇത്തരം ശക്തികള്‍ ആഗ്രഹിക്കുന്നതും അതാണ്.''
എന്ന് NIA ബില്ലിനെ എതിർക്കാതെ ഇരുന്നപ്പോൾ പറഞ്ഞ, ലീഗിന് ഇപ്പോൾ പെട്ടെന്നൊരു മനംമാറ്റം എന്തുകൊണ്ടാണ് എന്ന് മനസിലാക്കാൻ ആർക്കും സാധിക്കും.
എന്ത് പ്രഹസനമാണ് .....

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top