23 April Friday

വൈജ്ഞാനിക സമൂഹ സൃഷ്ടിക്ക്‌ 
ഇടതുപക്ഷം ശക്തിയാർജിക്കണം: എസ്‌ ആർ പി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 2, 2021


തിരുവനന്തപുരം
വൈജ്ഞാനിക സമൂഹം സൃഷ്ടിക്കാൻ ഇടതുപക്ഷ പ്രസ്ഥാനം ശക്തിയാർജിക്കേണ്ടത്‌ പ്രധാനമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻ പിള്ള പറഞ്ഞു. വിജ്ഞാനരംഗത്തെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി കേരളീയ സമൂഹത്തെ തുടർച്ചയായി വികസിക്കുന്ന സമൂഹമാക്കണം. അറിവിന്റെ വികാസത്തെ പൂർണമായി ഉപയോഗിക്കാനുള്ള ശാസ്‌ത്രീയവീക്ഷണവും വളരെ പ്രധാനമാണ്‌. ഇടതുപക്ഷ പ്രസ്ഥാനത്തിനാണ്‌ ശാസ്ത്രീയ വീക്ഷണങ്ങളോട്‌ പ്രതിബദ്ധതയുള്ളതെന്നും അദ്ദേഹം പറഞ്ഞു. എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യുവജന ഉച്ചകോടിയുടെ സമാപന സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ ഉയർത്തിപ്പിടിക്കുന്നത്‌ അശാസ്‌ത്രീയ സമീപനങ്ങളാണ്‌. ശാസ്‌ത്രവളർച്ചയെ തടസ്സപ്പെടുത്തി അബദ്ധങ്ങൾ പ്രചരിപ്പിക്കുന്നു. ഇതിനെ നേരിട്ട്‌‌ ശാസ്‌ത്രം, യുക്തി എന്നിവയുടെ അടിസ്ഥാനത്തിൽ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന അവബോധം ഉയരണം. 

വിജ്ഞാന സമൂഹമായി വളരാൻ അറിവ്‌ നിരന്തരം സൃഷ്ടിക്കണം. അത്‌‌ നാടിന്റെ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ സാംസ്‌കാരിക ജീവിത പുരോഗതിക്ക്‌ പ്രയോജനപ്പെടുത്താനാകണം. ആധുനിക സാങ്കേതികവിദ്യയിൽ അധിഷ്‌ഠിതമായ വ്യവസായങ്ങളുള്ള  സമൂഹമെന്ന നിലയിൽമാത്രം വിജ്ഞാനസമൂഹത്തെ കാണരുത്‌. ആർജിച്ച എല്ലാ അറിവുകളെയും സമൂഹത്തിന്റെ സർവോത്മുഖ വികസനത്തിന്‌ തുടർച്ചയായി പ്രയോഗപ്പെടുത്തുന്നതാണ്‌ വിജ്ഞാന സമൂഹം. 

ഉപജീവനമാർഗംമാത്രം ലക്ഷ്യമിടുന്ന തൊഴിലെടുക്കുന്ന സമൂഹത്തെ ഉൽപ്പാദനക്ഷമമായ മറ്റുമേഖലകളിലേക്ക്‌ നയിക്കാനാകണം. ഈ നിലയിൽ കേരളീയ സമൂഹത്തെ കൂടുതൽ വികസിപ്പിക്കണം. വിജ്ഞാനത്തിന്റെ വികാസം അനന്തസാധ്യതകൾ തുറന്നു തരുന്നു. അത്‌ പ്രയോജനപ്പെടുത്തി മാത്രമേ നിലനിൽക്കുന്നതും നാളെ വരാനിരിക്കുന്നതുമായ പ്രശ്‌നങ്ങൾ പരിഹരിക്കാനാകൂവെന്നും എസ്‌ ആർ പി പറഞ്ഞു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top