08 July Wednesday

ഇടതുപക്ഷക്കാരുടെ തുറിച്ചുനോട്ടത്തെ വിചാരണചെയ്യുന്ന മാധ്യമങ്ങൾ തെറിപ്പാട്ട് പാടിയ കോൺഗ്രസ് നേതാവിനോട് ഉദാരമനസ്‌കരാകുന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 16, 2020

സോഷ്യൽ മീഡിയയിലൂടെ അസഭ്യവർഷം നടത്തിയ പറവൂർ എംഎൽഎ വി ഡി സതീശനോട് ഒരുവിഭാഗം മാധ്യമങ്ങൾ ഉദാരമനസ്‌കത കാണിക്കുന്നതായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ഏതെങ്കിലും പ്രാദേശിക ഇടതുപക്ഷ നേതാവിന്റെ തുറിച്ചുനോട്ടത്തെ പോലും വിചാരണ ചെയ്യുന്ന മാധ്യമങ്ങൾ കോൺഗ്രസ് എംഎൽഎയോട് വിശാലമായ സഹിഷ്ണുത കാട്ടുകയാണ്. മാധ്യമ വിചാരണങ്ങളും വിമർശനങ്ങളും സെലക്ടീവ് ആണ്. മുൻപ് കെപിസിസി അധ്യക്ഷൻ കോൺഗ്രസ് പ്രവർത്തകനെ തെറിവിളിച്ചതും മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരുന്നു. കോൺഗ്രസ്സ് നേതാവിന്റെ മുഖംമൂടി അഴിഞ്ഞു വീണത് മാത്രമല്ല, ഒരുവിഭാഗം മാധ്യമങ്ങളുടെ നിഷ്പക്ഷതയുടെ മുഖാവരണം ഒരിക്കൽ കൂടി മറനീക്കി മലയാളി കാണുന്നുണ്ടെന്നും റഹീം ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

എ എ റഹീമിന്റെ ഫെയ്‌‌സ്‌‌ബുക്ക് പോസ്റ്റ്

ഹാ എത്ര മനോഹരമായ തെറി'..

കേൾക്കാൻ അറയ്ക്കുന്ന തെറിവിളി നടത്തിയ സമുന്നതനായ കോൺഗ്രസ്സ് നേതാവ്. തെറിപ്പാട്ട് പാടിയ ആ നേതാവിനോട് ഉദാരമനസ്‌കരായി ഒരു വിഭാഗം മാധ്യമങ്ങൾ. എന്തു കൊണ്ടാകും ഈ മാധ്യമ മൗനം? കോൺഗ്രസ്സ് നേതാക്കളുടെ തെറികൾ 'വിശുദ്ധ തെറികളാകുന്നു' എന്നാണോ?
അതോ 'അമ്മയ്ക്ക് പറയുന്നത്'അത്ര വലിയ കാര്യമൊന്നുമല്ല, ('ഞങ്ങളൊക്കെ സ്ഥിരം പറയുന്നതല്ലേ')എന്ന ബോധമാണോ?

ഏതെങ്കിലും ഇടതുപക്ഷക്കാരനായ പ്രാദേശിക നേതാവിന്റെ തുറിച്ച നോട്ടത്തെപ്പോലും ദയാരഹിതമായി വിചാരണ ചെയ്യുന്ന നിങ്ങൾക്ക് എങ്ങനെയാണ് പുളിച്ച തെറിയോട് വിശാലമായ സഹിഷ്ണുത കാട്ടാൻ കഴിയുന്നത്?

അതായത് നിങ്ങളുടെ വിമർശനങ്ങളും വിചാരണകളും സെലക്ടീവ് ആണ്. വിഷയത്തിന്റെ മെറിറ്റിലല്ല, നിങ്ങളുടെ രാഷ്ട്രീയ താല്പര്യം മാത്രമാണ്, ന്യൂസ് വാല്യൂ നിശ്ചയിക്കുന്നത്. എത്രയോ സന്ദർഭങ്ങളിൽ ഇടതുപക്ഷ നേതാക്കളുടെ പ്രസംഗങ്ങൾ പോലും സാഹചര്യങ്ങളിൽ നിന്ന് അടർത്തിമാറ്റി നിങ്ങൾക്ക് ഇഷ്ടപ്പെട്ട വ്യാഖ്യാനങ്ങൾ നൽകി മാധ്യമ വിചാരണ നടത്തിയിട്ടുണ്ട്? അവരുടെ വാക്കുകളിൽ സഭ്യമല്ലാത്ത ഒന്നുമുണ്ടായിരുന്നില്ല. എന്നിട്ടും പിന്തുടർന്ന് വേട്ടയാടിയിട്ടില്ലേ?.
ആ ശൗര്യം ഇപ്പോൾ എന്തേ കണ്ടില്ല?

'വിശുദ്ധ തെറി' ആദ്യത്തേതല്ല, കുറച്ചു നാൾ മുൻപ് ഒരു കെപിസിസി അധ്യക്ഷന്റെ കണ്ണൂർ സന്ദർശനത്തിനിടയിൽ പരാതിയുമായി ഒരു കോൺഗ്രസ്സ് പ്രവർത്തകൻ അരികിലെത്തി. അയാൾക്കുനേരെ കെപിസിസി അധ്യക്ഷന്റെ തെറിവിളി. മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിയുന്നു സംഭവം. ഉത്തരവാദിത്തപ്പെട്ട സ്ഥാനം അലങ്കരിക്കുന്ന ഒരാൾ നിങ്ങളെ സാക്ഷിനിർത്തി തെറിവിളിച്ചാലും കണ്ണടയ്ക്കുന്ന ഉദാത്തമായ കോൺഗ്രസ്സ് വിധേയത്വം!

ആരും ആരെയും തെറിവിളിക്കാൻ പാടില്ല. ജനപ്രതിനിധികളും നേതാക്കളും കൂടുതൽ ജാഗ്രത കാട്ടേണ്ടവരുമാണ്. അപ്പോഴാണ് ശ്രീ വി ഡി സതീശൻ ഒരാളെ പുലഭ്യം പറഞ്ഞത്. അതും ഈ കോവിഡ് കാലത്ത്.

അതിൽ ഗൗരവ സ്വഭാവമുണ്ട്. 'സതീശൻ നിഷേധിച്ചല്ലോ, ഇടതുപക്ഷക്കാർ എഡിറ്റ് ചെയ്തതാണ് എന്നാണ് സതീശൻ പറഞ്ഞത്'. അതുകൊണ്ടാണ് വലിയ പ്രാധാന്യം കൊടുക്കാത്തത് എന്നാണ്, വാർത്താ പ്രാധ്യാന്യം നൽകാത്തതിന്റെ മറുവാദമെങ്കിൽ....

എങ്കിലും പ്രശ്‌നമുണ്ട്.

അങ്ങനെ ശ്രീ വി ഡി സതീശനെപ്പോലെ പ്രമുഖനായ ഒരാൾക്കെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടെങ്കിൽ നിശ്ചയമായും അതിലും വാർത്താപ്രാധാന്യമുണ്ട്. അത് അനാവരണം ചെയ്യാൻ മാധ്യമങ്ങൾ പ്രതിജ്ഞാബദ്ധരുമാണ്. തെറിവിളി വിവാദത്തിൽ ശ്രീ സതീശന് അങ്ങനെ എന്തെങ്കിലും ഒരാനുകൂല്യം ലഭിക്കുമായിരുന്നെങ്കിൽ നിങ്ങൾ ഗൗരവമായ വാർത്തയായി അത് ആഘോഷിച്ചേനെ. ബ്രേക്കിങ് ന്യൂസും രാത്രി ചർച്ചയുമൊക്കെയായി സംഗതി തകർത്തേനെ. നിങ്ങളിൽ ഒരുവിഭാഗത്തിന്റെ നിശബ്ദത ഒരു കാര്യം വ്യക്തമാക്കിത്തരുന്നു, ശ്രീ സതീശനെ അല്പം പോലും ഇക്കാര്യത്തിൽ ന്യായീകരിക്കാനാകില്ല.

തെറി മാത്രമല്ല ഇവിടുത്തെ പ്രശ്‌നം. ഫേക്ക് അക്കൗണ്ട് കൂടി അദ്ദേഹം ഉപയോഗിക്കുന്നു എന്ന് വ്യക്തമായിരിക്കുന്നു. രണ്ടും ക്രിമിനൽ കുറ്റങ്ങൾ. ഒരു എംഎൽഎ രണ്ട് ക്രിമിനൽ പ്രവൃത്തികൾ ഒരുമിച്ചു ചെയ്താലും മാപ്പുകൊടുക്കാൻ മാത്രമുള്ള നിങ്ങളുടെ 'വിശാല മനസ്‌കത മഹത്തരമാണ്'.

കാലം മാറി. നിങ്ങൾ മൂടിവയ്ക്കാനോ നിസാരമാക്കാനോ ശ്രമിക്കുന്ന വസ്തുതകൾ നിമിഷ നേരം കൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ ഓരോ മലയാളിയും കാണും. ഓർമ്മവേണം,
എല്ലാം ജനങ്ങൾ കാണുന്നുണ്ട്.
ഒരു കോൺഗ്രസ്സ് നേതാവിന്റെ മുഖംമൂടി അഴിഞ്ഞു വീണത് മാത്രമല്ല, ഒരുവിഭാഗം മാധ്യമങ്ങളുടെ നിഷ്പക്ഷതയുടെ മുഖാവരണം ഒരിക്കൽ കൂടി മറനീക്കി മലയാളി കാണുന്നു.

 


പ്രധാന വാർത്തകൾ
 Top