21 March Tuesday

"ട്വന്റി ഫോർ ന്യൂസ്‌ ചാനലിന്‌ ബിജെപിയെ പേടി'; മോദി ഡോക്യുമെന്ററി ചർച്ച ഉപേക്ഷിച്ചതിൽ വിശദീകരണം വേണമെന്ന്‌ എ എ റഹീം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

തിരുവനന്തപുരം > ബിബിസി ഡോക്യുമെന്ററി സംബന്ധിച്ച ചർച്ച തീരുമാനിച്ചശേഷം 24 ന്യൂസ്‌ ചാനൽ ഉപേക്ഷിച്ചെന്ന്‌ എ എ റഹീം എംപി. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ തീരുമാനിച്ച വിഷയം  അതിഥികളെ ഉറപ്പിക്കുകവരെ ചെയ്‌തശേഷം ഉപേക്ഷിക്കുകയായിരുന്നുവെന്ന്‌ റഹീം പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തെ ചാനലിലെ ചർച്ചകൾ ഒന്നുപോലും കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താത്തതാണെന്നും റഹീം ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

റഹീമിന്റെ കുറിപ്പ്‌ പൂർണരൂപം:

ഉച്ചയ്ക്ക് എകെജി സെന്ററിൽ നിന്നും എനിക്ക് ലഭിച്ച നിർദേശം 24 ന്യൂസ് ചാനലിൽ ഇന്ന് വൈകുന്നേരം ബിബിസി ഡോക്യുമെന്ററി സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കണം എന്നായിരുന്നു. തുടർന്ന് ചർച്ച കോർഡിനേറ്റു ചെയ്യുന്ന ചാനലിലെ ഉത്തരവാദപ്പെട്ട ആൾ ഞാനുമായി ബന്ധപ്പെടുന്നു. എവിടെയാണ് വൈകുന്നേരം ക്യാമറാ സംഘത്തെ അയയ്‌ക്കേണ്ടത് എന്ന് ആരായുന്നു. ഞാൻ സ്ഥലം നിർദേശിച്ചു മറുപടി നൽകുന്നു. വൈകുന്നേരത്തോടെ ആദ്യം നിശ്ചയിക്കുകയും അതിഥികളെ ഉറപ്പിക്കുകയും ചെ‌യ്‌ത ചർച്ച 24 ചാനൽ ഉപേക്ഷിക്കുന്നു. ഇന്നത്തെ പ്രധാന വിഷയം ബിബിസി ഡോക്യുമെന്ററി സംബന്ധിച്ചതാണെന്ന് ആർക്കും സംശയമുണ്ടാകില്ല. എന്നിട്ടും നിശ്ചയിച്ചിരുന്ന ചർച്ച ചാനൽ മാറ്റിയെങ്കിൽ അതിന്റെ കാരണം എന്താകും?.

കൂടുതൽ വിശദീകരിക്കേണ്ടി വരില്ല,
നല്ല പേടിയാണ് കാരണം. അല്ലെങ്കിൽ യുക്തിസഹമായ വിശദീകരണം ചാനൽ നൽകണം.
ഈ കുറിപ്പ് എഴുതുന്നതിന് മുൻപ് ഞാൻ 24 ചാനലിന്റെ കഴിഞ്ഞ മൂന്ന് മാസത്തെ ചർച്ചകൾ സംബന്ധിച്ച് ഒരവലോകനം നടത്തി. സംഗതി രസകരമാണ്. 2022 ഒക്ടോബർ മാസം പകുതി മുതൽ ജനുവരി 23 വരെ 24 ന്യൂസ് ചാനൽ ചർച്ചയ്ക്ക് എടുത്തത് 105 വിഷയങ്ങളാണ്. ഇതിൽ മൂന്നെണ്ണം മാത്രമാണ് കേന്ദ്രസർക്കാരിനെ പ്രതിപാദിക്കുന്നത്.
1.  ചൈനയെ ആർക്കാണ് പേടി
2. രാജ്യം ഏക സിവിൽ കോഡിലേക്കോ ?
3. മുന്നേറാൻ മോദി മതിയോ?
ഏക സിവിൽകോഡ് ഒഴികെ മറ്റെല്ലാം സർക്കാരിനെ ഒട്ടും പ്രതിക്കൂട്ടിൽ നിർത്താത്ത വിഷയങ്ങൾ .
ഇക്കാലയളവിൽ ജനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായി.
1.1.2023 പുതുവർഷത്തിലാണ് എൽപിജി സിലിണ്ടർ വില വർധിപ്പിച്ചത് .19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 25 രൂപയുടെ വർധനവാണുണ്ടായത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ പ്രശ്നം അവർ ചർച്ചയ്‌ക്കെടുത്തില്ല.
വൈദ്യുത ബിൽ,ആഗോള  പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം,രാജ്യത്തെ വ്യവസായ മുരടിപ്പ് അങ്ങനെ ജനകീയമായ നിരവധി പ്രശനങ്ങൾ കടന്നുപോയി....മുസ്ലിങ്ങളുടെ പൗരത്വം സംബന്ധിച്ച് ആർഎസ്എസ് തലവൻ നടത്തിയ വിവാദ പരാമർശം ഉൾപ്പെടെ കേന്ദ്ര സർക്കാരിനും ബിജെപിക്കും  പൊള്ളുന്നതൊന്നും ഈ ചാനൽ ചർച്ച ചെയ്തതായി കാണുന്നില്ല.
ഞാൻ കൂടുതൽ എഴുതുന്നില്ല.ഇത് 24ന്റെ കാര്യത്തിൽ മാത്രമുള്ള പ്രശ്‌നമാണെന്ന് ഞാൻ കരുതുന്നില്ല.
പൊതുവിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കും
എതിരായ വാർത്തകൾ നൽകാനും ചർച്ചകൾ നടത്താനും മലയാളദൃശ്യ മാധ്യമങ്ങൾ പ്രകടിപ്പിക്കുന്ന ഭയം ചെറുതായി കാണരുത്.
ബിബിസി ഡോക്യുമെന്ററിക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയ മോദി സർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണ്.അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്.അതൊന്നും പ്രശ്‌നമില്ലെന്ന് കരുതി കണ്ണടയ്ക്കാൻ തോന്നുന്ന മാധ്യമ രീതിയെ ജനം തുറന്നെതിർക്കണം ഒറ്റപ്പെടുത്തണം.
കേരളത്തിന് കേന്ദ്രം നൽകേണ്ട കോടിക്കണക്കിന് രൂപ നൽകുന്നില്ല,കേന്ദ്ര പദ്ധതികൾ നമുക്ക് നൽകുന്നില്ല.റേഷൻ വിഹിതവും മണ്ണെണ്ണയും പോലും വെട്ടിക്കുറയ്ക്കുന്നു.കടമെടുക്കാനുള്ള പരിധി കുറച്ചു കേരളത്തെ ശ്വാസം മുട്ടിക്കുന്നു.ജിഎസ്ടി കുടിശ്ശിക  ഉൾപ്പെടെ കേരളത്തിന് കേന്ദ്രം  നൽകേണ്ടത് കോടിക്കണക്കിന് രൂപ.....

കേരളത്തെ ബാധിക്കുന്ന ഈപൊതു പ്രശ്‌നങ്ങളൊന്നും ഇവിടുത്തെ ചാനലുകളുടെ പ്രധാന വിഷയമാകുന്നതേ ഇല്ല.ഇതൊന്നും യാദൃശ്ചികമല്ല.
ബിജെപിയിടുളള വിധേയത്വമാണ്. ഭയം കൊണ്ടുള്ള വിധേയത്വമാണ്. ഈ ചാനലുകളുടെ ഉടമകൾക്കുള്ള ഭയമാണ് ഈ കാണുന്നത്. കേന്ദ്ര ഏജൻസികളെകാട്ടി സംഘപരിവാർ ബ്ലാക്ക്മെയിൽ ചെയ്യുമ്പോൾ ഭയന്ന് വിറച്ചു നിങ്ങൾ വിധേയത്വം പ്രകടിപ്പിക്കുകയാണ്. ഈ കുറിപ്പിനൊപ്പം കഴിഞ്ഞ നവംബർ പകുതി മുതൽ ഇന്നലെവരെ 24നടത്തിയ ചർച്ചകളുടെ വിവരങ്ങൾ ഷെയർ ചെയ്യുന്നു.കേരളാ സർക്കാരിനെതിരായ പ്രൊപ്പഗാണ്ട മിഷ്യൻ മാത്രമാണ് ഈ ചാനലെന്ന് വ്യക്തമാകും.

24 നെ സംബന്ധിച്ചു മാത്രം ഞാൻ വിശകലനം ചെയ്‌തത് കൊണ്ടാണ് അത് മാത്രം ഇവിടെ ചേർക്കുന്നത്.മറ്റു മലയാള വാർത്താ ചാനലുകളെ കൂടി ഇത്തരത്തിൽ ഒരു സ്ക്രൂട്ടണിയ്ക്ക് വിധേയമാക്കണം. ഇത് വായിക്കുന്ന,ജനാധിപത്യത്തെ സ്നേഹിക്കുന്ന ആരെങ്കിലുമൊക്കെ മറ്റ് ചാനലുകളുടെ പരിഗണനാ വിഷയങ്ങൾ കൂടി ഇത് പോലെ വിശകലനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top