28 May Sunday

സ്വപ്നങ്ങള്‍ ലക്ഷ്യമാക്കി മാറ്റണം

വെബ് ഡെസ്‌ക്‌Updated: Monday Oct 30, 2017

അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഏത് നിലയിലെത്തണമെന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? നിലവിലെ ജോലിയിലോ, പഠനത്തിലോ നേടേണ്ട ലക്ഷ്യങ്ങളെപ്പറ്റി ധാരണയുണ്ടോ?  ഈ ദിവസം അവസാനിക്കുമ്പോഴേക്ക് എന്ത് നേടണം എന്ന് വ്യക്തതയുണ്ടോ?
ലക്ഷ്യം ((Goal) ) എന്ന ആശയത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ നമ്മുടെ മുന്നിലൂടെ കടന്നുപോകുന്ന ചോദ്യങ്ങളാണിവ. ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ കൃത്യമായി ലക്ഷ്യങ്ങള്‍ ക്രമീകരിക്കണം (Goal setting). ലക്ഷ്യവും ((Goal) വിജയവും (Goal setting) പരസ്പരപൂരകങ്ങളാണ്. വികസിതരാഷ്ട്രം സ്വപ്നം കാണുന്ന ഇന്ത്യയില്‍ 65 ശതമാനത്തിലധികം 35 വയസ്സില്‍ താഴെയുള്ളവരാണ്. ലക്ഷ്യബോധമുള്ള ചെറുപ്പക്കാരെ വാര്‍ത്തെടുക്കുകയെന്നത് പരമപ്രധാനമാണ്.
അടുത്തിടെ ബംഗളൂരുവില്‍ നടന്ന ദേശീയ മനഃശാസ്ത്ര കോണ്‍ഫറന്‍സില്‍ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയെപ്പറ്റി പരാമര്‍ശമുണ്ടായി.  ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തൊഴില്‍ നേടാത്തയാളുകള്‍, വിദ്യാഭ്യാസം പാതിവഴി ഉപേക്ഷിക്കുന്നവര്‍, ജോലി ഉപേക്ഷിച്ച് വെറുതെയിരിക്കുന്നവര്‍ എന്നിങ്ങനെ പലതരക്കാരെ കാണാം. ജീവിതത്തില്‍ വ്യക്തമായ ലക്ഷ്യവും കാഴ്ചപ്പാടുമില്ലാത്തവര്‍ സമൂഹത്തിന് ബാധ്യതയാണ്. കതിരില്‍കൊണ്ട് വളം വയ്ക്കാതെ സ്കൂള്‍തലം മുതല്‍ അധ്യാപകരും രക്ഷിതാക്കളും കുട്ടികളില്‍ ലക്ഷ്യബോധമുണ്ടാക്കാന്‍ ശ്രമിക്കണം. ഇതിനായി കരിയര്‍ ഗൈഡന്‍സ് വിദഗ്ധരുടെ ഉപദേശവും തേടാം.
നല്ലൊരു ശതമാനം യുവതീയുവാക്കളും ജീവിതലക്ഷ്യത്തെപ്പറ്റി ചിന്തിച്ചു തുടങ്ങുന്നത് ബിരുദപഠനത്തിന്റെയോ ബിരുദാനന്തര ബിരുദ പഠനത്തിന്റെയോ അവസാന വര്‍ഷത്തെ അവസാന നാളുകളിലാണ്. ഒരു കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയോട് ഇന്റര്‍വ്യുവില്‍ ടെക്നിക്കല്‍ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയപ്പോള്‍ 'തനിക്ക് ഉത്തരം അറിയില്ലെന്നും ഈ ജോലി ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല' എന്നുമുള്ള മറുപടി ലഭിച്ചു. ഇന്റര്‍വ്യുവില്‍ പങ്കെടുത്തത് എന്തിനെന്ന്് ചോദിച്ചപ്പോള്‍ 'കോഴ്സ് പഠിച്ചതും ഈ ഇന്റര്‍വ്യുവില്‍ പങ്കെടുക്കുന്നതും എല്ലാം വീട്ടുകാരുടെ നിര്‍ബന്ധം മൂലമാണെന്ന് ഉത്തരം.
സിനിമാറ്റോഗ്രാഫി പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ സിവില്‍ എന്‍ജിനിയറിങ് പഠിക്കുമ്പോഴും ഹിസ്റ്ററി പഠിക്കാന്‍ താല്‍പര്യമുള്ളയാള്‍ കൊമേഴ്സ് പഠിക്കുമ്പോഴും ഇക്കണോമിക്സ് താല്‍പര്യമുള്ളവര്‍ മെഡിസിന്‍ പഠിക്കാന്‍ നിര്‍ബന്ധിതനാകുമ്പോഴുമാണ് അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരുണ്ടാകുന്നത്. (കഷ്ടിച്ച് കോഴ്സ് പൂര്‍ത്തിയാക്കിയവരും പൂര്‍ത്തിയാക്കാത്തവരും ഈ ഗണത്തില്‍പ്പെടും.)
കുട്ടികളുടെ അഭിരുചിയും അതിനുള്ള സാധ്യതകളും മനസ്സിലാക്കി വ്യക്തമായ ലക്ഷ്യങ്ങള്‍ ക്രമീകരിച്ചു കൊടുക്കാന്‍ രക്ഷിതാക്കളും അധ്യാപകരും സന്നദ്ധരാകുകയെന്നതാണ് പരിഹാരമാര്‍ഗം.
 ഇന്റര്‍വ്യുവില്‍ നിങ്ങളുടെ കരിയര്‍ ലക്ഷ്യം (Career Goal) എന്താണെന്ന് ചോദിക്കാറുണ്ട്. അതില്‍ വ്യക്തത ഇല്ലെങ്കില്‍ മറ്റു ചോദ്യങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ ഉത്തരം നല്‍കാന്‍ സാധിക്കില്ല. അടുത്തകാലത്ത് ഒരു ക്യാമ്പസ് റിക്രൂട്ട്മെന്റ് ഡ്രൈവില്‍ പങ്കെടുത്ത 50 വിദ്യാര്‍ത്ഥികളും 'കരിയര്‍ ലക്ഷ്യം' വെളിവാക്കുന്ന വാചകം കോപ്പിയടിച്ച് റെസ്യുമെ (Resume)യില്‍ എഴുതിവച്ചതുകണ്ടു. ഇത്തരം പ്രവണതകള്‍ കാരണം പല ജോലികള്‍ക്കും  അനുയോജ്യരായ ആളുകളെ കണ്ടെത്താന്‍ സാധിക്കുന്നില്ല (Skill Gap).).
തൊഴില്‍ മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തന മൂല്യം അളക്കുന്നത് Performance Appraisal) ആ വര്‍ഷമാദ്യം ക്രമീകരിച്ച ലക്ഷ്യങ്ങളെ മാനദണ്ഡമാക്കിയാണ്. മികവുറ്റ സ്ഥാപനങ്ങള്‍ ഓരോ തൊഴിലാളിക്കും വര്‍ഷാദ്യം ലക്ഷ്യങ്ങളും ((Goals)) അവ നേടാന്‍ സഹായിക്കുന്ന പദ്ധതികളും (Plans) ആവിഷ്കരിച്ചു കൊടുക്കുന്നു.
ഉദ്യോഗസ്ഥനാണെങ്കിലും വിദ്യാര്‍ത്ഥി ആണെങ്കിലും ഫലപ്രദമായ ലക്ഷ്യങ്ങള്‍ ക്രമീകരിക്കാന്‍ താഴെ പറയുന്ന ഘടകങ്ങള്‍ സഹായിക്കുന്നു.
(1) പ്രചോദനപരവും പ്രാപ്യവുമായ ലക്ഷ്യങ്ങള്‍ കണ്ടുപിടിക്കുക.
(2) ലക്ഷ്യങ്ങള്‍ ക്രമീകരിക്കാന്‍ 'SMART'തത്ത്വം ഉപയോഗിക്കുക.
a - Specific (നിര്‍ദ്ദിഷ്ടമായത്)
b - Measurable (അളക്കാവുന്നവ)
c Achievable (നേടാന്‍ സാധിക്കുന്നവ)
d Relevant
e Time Bound  (സമയബന്ധിതമായ)
സമര്‍ത്ഥനായ ഒരു പ്ളസ്ടു വിദ്യാര്‍ത്ഥി '2018 മാര്‍ച്ചിലെ ഓള്‍ ഇന്ത്യ എന്‍ട്രന്‍സില്‍, മെഡിസിന് ആദ്യ നൂറിനുള്ളില്‍ റാങ്ക് വാങ്ങുക' എന്നതാണ് ലക്ഷ്യം എന്നു പറഞ്ഞാല്‍ അത് SMART  തത്ത്വത്തിന് അനുയോജ്യമാണ്.
(3) ക്രമീകരിച്ച ലക്ഷ്യങ്ങള്‍ക്ക് പൂര്‍ണത കൈവരുത്താന്‍ മേലധികാരിയുമായോ, അധ്യാപകരുമായോ, വിദഗ്ധരുമായോ ആശയവിനിമയം നടത്തി വ്യക്തത ഉണ്ടാക്കുക.
(4) ലക്ഷ്യങ്ങള്‍ എന്നും കാണാന്‍ സാധിക്കുന്ന രീതിയില്‍ എഴുതിവച്ച്് സൂക്ഷിക്കുക.
(5) സമയബന്ധിതമായി ലക്ഷ്യങ്ങള്‍ നേടാന്‍ ഒരു പദ്ധതി (Plan) തയ്യാറാക്കുക.
(6) പദ്ധതിയില്‍നിന്ന് വ്യതിചലിക്കാതെ പ്രവര്‍ത്തിക്കുക. ഡെന്‍സെല്‍ വാഷിങ്ടണ്‍ പറഞ്ഞതുപോലെ സ്വപ്നങ്ങള്‍ ലക്ഷ്യങ്ങളായില്ലെങ്കില്‍ അത്  നിരാശയിലേക്ക് തള്ളിവിടും.
 മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാം പറഞ്ഞ മൂന്നു വാചകങ്ങള്‍ ഈ അവസരത്തില്‍ ഓര്‍ക്കാം.
(1) ജീവിതത്തില്‍ ഒരു ലക്ഷ്യം കണ്ടുപിടിക്കുക.
(2) ആ ലക്ഷ്യത്തിലെത്താന്‍ പരമാവധി അറിവ് നേടുക
(3) പ്രശ്നങ്ങള്‍ അതിജീവിച്ച് ലക്ഷ്യത്തിലെത്താന്‍ കഠിനപ്രയത്നം ചെയ്യുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top