17 November Sunday

ബിരുദവും തൊഴിലും

P RajeevanUpdated: Monday Jun 17, 2019

ബിരുദം മികച്ച ഒരു യോഗ്യതയാണ്. എന്നാൽ നാട്ടിൽ ബിരുദധാരികളിൽ പലരും തൊഴിൽരഹിതരാണ്. ഇത് ബിരുദത്തിന്റെ കുഴപ്പമല്ല. ബിരുദപഠന കാലയളവ് ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിലെ പിശക് കാരണമാണ് സംഭവിക്കുന്നത്. ഇപ്പോൾ ബിരുദ പ്രവേശന സമയമാണ്. പ്ലസ്ടുവിൽനിന്ന് കോളേജിലേക്കുള്ള വരവ് ആകാംക്ഷാഭരിതമാണ്. യൗവനത്തിലേക്കുള്ള യാത്ര ആരംഭിക്കുന്ന സവിശേഷഘട്ടവുമാണിത്. അതിവൈകാരികതയും യാഥാർത്ഥ്യ ബോധമില്ലാത്ത സ്വപ്നങ്ങളും നമ്മെ നിയന്ത്രിച്ചാൽ ബിരുദ പഠനം ഗുണമേന്മയുള്ളതാകില്ല.

 

ആസൂത്രണം എങ്ങനെ

ബിരുദ പഠനത്തിനുശേഷം എന്തെന്ന കാര്യത്തിൽ കൃത്യമായ ധാരണ ഒന്നാം സെമസ്റ്ററിൽ രൂപപ്പെടുത്തുകയെന്നതാണ് ആദ്യഘട്ടം . വേണമെങ്കിൽ രണ്ടോ മൂന്നോ സാധ്യതകൾ ആകാം. ഈലക്ഷ്യം നേടാൻ ഏതാണ് വഴിയെന്നും ശരിയായ നിലയിൽ മനസ്സിലാക്കണം. ഈ കാര്യങ്ങളിൽ ഒരു വിദഗ്ധ ഉപദേശം തേടുകയും ചെയ്യാം. ലക്ഷ്യ നിർണ്ണയം കഴിഞ്ഞാൽ അത് നേടിയെടുക്കാനുള്ള ശരിയായ തയ്യാറെടുപ്പിലേക്ക് കടക്കുകയാണ്. ഡിഗ്രിക്ക് ശേഷം ലക്ഷ്യംവയ്ക്കാവുന്ന വിവിധ സാധ്യതകൾ പരിശോധിക്കാം. 

ബിരുദാനന്തര ബിരുദം

ഡിഗ്രിക്ക് പഠിക്കുന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നതാണ് ഏറ്റവും നല്ലത്. മികച്ച ക്യാമ്പസിൽ   പ്രവേശനം ഉറപ്പാക്കണം. പ്രവേശന മാർഗം മുൻകൂട്ടി മനസ്സിലാക്കി ആദ്യസെമസ്റ്ററിൽ  തയ്യാറെടുപ്പ് തുടങ്ങണം. ഓരോ വിഷയത്തിനും പേര് കേട്ട ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉണ്ട്. അവ മനസ്സിലാക്കണം. ബിരുദതലത്തിൽ പഠിച്ച വിഷയത്തിൽ  ബിരുദാനന്തരബിരുദം ചെയ്യണമെന്നു നിർബന്ധമില്ല. സയൻസ് ബിരുദതലത്തിൽ പഠിച്ചയാൾക്ക് ബിരുദാനന്തര ബിരുദം മാനവിക ശാസ്ത്രം പഠിക്കാൻ തടസ്സമില്ല. പക്ഷെ പ്രവേശന പരീക്ഷവഴി മികച്ച ഇൻസ്റ്റിറ്റ്യൂട്ടിലെത്തുകയെന്നതാണ് പ്രധാനം.

മാനേജ്മെന്റ് ബിരുദ വിദ്യാർത്ഥികൾക്ക് ലക്ഷ്യംവയ്ക്കാവുന്ന മികച്ച മാർഗമാണ് മാനേജ്മെന്റ്. എൻട്രൻസ് വഴിയാണ് പ്രവേശനം. മികച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടുകയെന്നതാണ് ഇവിടെയും പ്രധാനപ്പെട്ടത്. പ്രധാനപ്പെട്ട മനേജ്മെൻറ് പ്രവേശന പരീക്ഷകൾ താഴെചേർക്കുന്നു.

1. CAT  കോമ്മൺ അഡ്മിഷൻ ടെസ്റ്റ്

2. XAT  സേവ്യർ അഡ്മിഷൻ ടെസ്റ്റ്

3. GMAT  ഗ്രാജ്വേറ്റ് അഡ്മിഷൻ ടെസ്റ്റ്

4. CMAT  കോമ്മൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റ്

5. MAT  മാനേജ്മെൻറ് ആപ്റ്റിട്യൂഡ് ടെസ്റ്റ്

6. NMAT  നാൻസി മോൻജി അഡ്മിഷൻ ടെസ്റ്റ്

7.SAT   സിംബയോസിസ് അഡ്മിഷൻ ടെസ്റ്റ്

വളരെ പ്രശസ്തമായ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം ലഭിക്കുന്നതിനുള്ള പ്രധാനപ്പെട്ട ചില ടെസ്റ്റുകളുടെ വിവരമാണ് മുകളിൽ കാണിച്ചത്. ഒന്നാം സെമസ്റ്റർ മുതൽതന്നെ ചിട്ടയായ പരിശീലനം നേടിയാൽ ലക്ഷ്യം നേടാൻ

കഴിയും. സർക്കാർ ജോലിയും ലക്ഷ്യമാകാം. ബിരുദ കാലയളവിൽ സർക്കാർ ജോലി നേടാനുള്ള പരിശീലന

കാലയളവായി പരിഗണിക്കണം. സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ സുപ്രധാനമായ മൂന്ന് പരീക്ഷകളണ് മൾടി ടാസ്കിങ് സ്റ്റാഫ് എക്സാം, ഹയർസെക്കൻഡറി ലെവൽ , കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എന്നിവ. നേരത്തെയുള്ള ചിട്ടയായ പരിശീലനം നേടിയാൽ പഠനകാലയളവിൽത്തന്നെ ജോലി ലഭിക്കും. സംസ്ഥാന പബ്ലിക് സർവീസ്

കമ്മീഷന്റെ വിവിധതലത്തിലുള്ള പരീക്ഷകൾക്കും ഈകാലയളവിൽ പരിശീലനം നടത്താം. ദീർഘകാല തയ്യാറെടുപ്പിലുടെ മാത്രമേ മത്സരപരീക്ഷകൾക്ക് ഉയർന്ന റാങ്ക് നേടാൻ കഴിയൂ. പഠനശേഷം മതി തയ്യാറെടുപ്പ് എന്ന് ചിന്തിച്ചാൽ സുപ്രധാനമായ മൂന്ന് വർഷങ്ങൾ നമുക്ക് നഷ്ടമാകും. പിജി മാനേജ്മെന്റ് പ്രവേശനത്തിനുള്ള പരിശീലനത്തോടൊപ്പം എസ്എസ്സി, പിഎസ്സി പരിശീലനവും നടത്താൻ കുട്ടികൾ തയ്യാറാവണം.

നൈപുണി വികസനം
ബിരുദതലത്തിൽ

കംപ്യൂട്ടർ അധിഷ്ഠിത നൈപുണി വികസനം ബിരുദതലത്തിൽ നല്ല നിലയിൽ വിദ്യാർഥികളാർജിക്കണം. ഏറ്റവും പുതിയ പ്രവണതകൾവരെ മനസ്സിലാക്കണം. ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം കുറ്റമറ്റതാക്കാൻ കഴിയുന്ന ഏറ്റവും

നല്ല കാലയളവ് ബിരുദപഠന കാലമാണ്. ഒരു അധ്യാപകന്റെ സഹായത്തോയെ സർക്കാർ തലത്തിലും വാണിജ്യമേഖലയിലും ആവശ്യമായ ഭാഷാപ്രയോഗരീതി പരിശീലിക്കാൻ

ശ്രമിക്കണം.

വായന

പഠന വിഷയത്തിലുള്ള അധികവായന പ്രാധാന്യമുള്ളതാണ്. കല, സാംസ്കാരികം, രാഷ്ട്രീയം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളെ സംബന്ധിച്ച പരന്നവായന ശീലമാക്കിയാൽ മികച്ച വ്യക്തിത്വം രൂപീകരിക്കാൻ കഴിയും. സിവിൽ സർവീസ് അടക്കമുള്ള വലിയ സ്വപ്നങ്ങൾക്ക് ഇത് മുതൽക്കൂട്ടാകും.

ബിരുദപഠനകാലത്ത് വിജയകരമായ ജീവിതത്തിന്റെ അടിത്തറയാക്കാൻ പരിശ്രമിച്ചാൽ പഠനം പാഴ്വേലയാകില്ലെന്നുറപ്പാണ്.

പേരാമ്പ്ര കരിയർ ഡവലപ്‌മെന്റ്‌ സെന്ററിലെ എംപ്ലോയ്‌മെന്റ്‌ ഓഫീസറാണ്‌ േലഖകൻ. ഫോൺ: 04962615500

 


പ്രധാന വാർത്തകൾ
 Top