31 May Wednesday

ജോലിയ്ക്കും പഠനത്തിനും ഓസ്ട്രേലിയ: സാധ്യതകളും പരിമിതികളും

ഷിനോയ് ചന്ദ്രന്‍Updated: Wednesday Jan 9, 2019

ഷിനോയ് ചന്ദ്രന്‍

ഷിനോയ് ചന്ദ്രന്‍

ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ-- തൊഴില്‍ സാധ്യതകളെപ്പറ്റി ഷിനോയ് ചന്ദ്രന്‍ എഴുതുന്നു.

ഓസ്ട്രേലിയ രണ്ടുതരത്തിലുള്ള ദീർഘകാല വിസയാണ് അനുവദിക്കുന്നത് . ആദ്യത്തേത് വിദ്യാഭ്യാസ സംബന്ധമായ വിസയും മറ്റൊന്ന് ജോലിസംബന്ധമായ വിസയും .

നാട്ടിൽനിന്നും ബാച്ചിലർ ഡിഗ്രി സമ്പാദിക്കാനും മാസ്റ്റർ ഡിഗ്രി സമ്പാദിക്കാനും ആണ് ഭൂരിഭാഗം പേരും സ്റ്റുഡൻറ് വിസ വഴി ശ്രമിക്കുന്നത്. ആദ്യത്തെ തവണ മാത്രമേ പണം  ചിലവാകൂ, ബാക്കിയുള്ള സെമസ്റ്ററുകൾ  ചെയ്യാനുള്ള ചിലവ് അവിടെത്തന്നെ ജോലിചെയ്ത് സമ്പാദിക്കാമെന്നുള്ള  ഏജന്റുമാരുടെ മോഹനവാഗ്ദാനങ്ങളിൽ കുടുങ്ങി ഇവിടെ എത്തുന്നവർ നിരവധിയാണ് .ആദ്യമേ പറയാം ഒരു പാർട് ടൈം ജോലി എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല .ഒരു വിദ്യാർത്ഥിക്ക് പരമാവധി 20 മണിക്കൂർ മാത്രമേ ആഴ്ചയിൽ ജോലിചെയ്യാൻ വിസ നിയമം അനുവദിക്കുന്നുള്ളൂ. മിക്കവരും പെട്രോൾ സ്റ്റേഷനിലും റെസ്റ്റോറന്റിലും ആണ് ജോലി കണ്ടെത്തുന്നത് . കോഴ്സ് ഫീ, വീട്ടുവാടക, മറ്റു ചിലവുകൾ എന്നതൊക്കെ ഇതുകൊണ്ട് മാത്രം കണ്ടെത്താൻ ബുദ്ധിമുട്ടായതിനാൽ ഇക്കാര്യത്തിൽ ഒരു കരുതൽ നല്ലതാണ്.

സ്റ്റുഡന്റ്  വിസ ലഭിക്കാനുള്ള ആദ്യപടിയായി ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം തെളിയിക്കുന്ന ടെസ്റ്റ് നിശ്ചിത മാർക്കോടെ പാസാവണം. കൂടാതെ പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സുകൾ ഉള്ള യൂണിവേഴ്സിറ്റികളിൽ  അപേക്ഷിക്കുകയും ചെയ്യാം. യൂണിവേഴ്സിറ്റി വെബ്‌സൈറ്റുകളിൽ  വിശദവിവരങ്ങൾ ലഭിക്കും.

കോഴ്സ് കഴിഞ്ഞാലും നേരിട്ട് പഴയ കാലങ്ങളിലെ പോലെ പെർമനന്റ്  വിസ കിട്ടാൻ എളുപ്പമല്ല എന്നകാര്യവും മനസ്സിൽ കരുതണം. പഠിത്തം കഴിഞ്ഞ ശേഷം കിട്ടുന്ന ബ്രിഡ്ജിങ് വിസയുടെ  കാലയളവിനുള്ളിൽ നമ്മളെ സ്പോൺസർ ചെയ്യാൻ ഒരു സ്ഥാപനം കണ്ടെത്തിയാൽ മാത്രമേ ദീർഘകാല വിസ എന്ന സ്വപ്നം സഫലമാകൂ .

രണ്ടാമത്തെ വിസയായ ജോലിചെയ്യാനുള്ള വിസ വിവിധ തരത്തിലുണ്ട്. ഓസ്ട്രേലിയയിലെ ഏതെങ്കിലും സ്ഥാപനം വഴി നേരിട്ട് കിട്ടുന്ന വർക്ക് വിസയാണ് അതിലൊന്ന് .2 + 2 വർഷം കാലാവധിയാണ് സാധാരണ ഇത്തരം വിസകൾക്ക്. ഇതിനിടയിൽ സ്ഥാപനത്തിന്റെ  സഹായത്തോടെ പെർമനന്റ്  വിസയിലേക്ക് മാറാൻ ഉള്ള സാഹചര്യമുണ്ട്. പെർമനന്റ് വിസ കിട്ടുന്നത് വരെ യാതൊരു ആനുകൂല്യവും സർക്കാരിൽ നിന്നും ലഭിക്കില്ല.
 

പിന്നെയുള്ളത്  മൈഗ്രേഷൻ ടൈപ്പ് വിസയാണ് -അതായത് കുടിയേറ്റ വിസ - വിദേശത്തു നിന്നു തന്നെ അപേക്ഷിക്കാവുന്ന  ഈ വിസ കിട്ടാൻ ഇപ്പോൾ കുറച്ചു കാലതാമസം എടുക്കുന്നുണ്ട്. https://www.australia.gov.au/information-and-services/immigration-and-visas  എന്ന ലിങ്കിൽ ഇതിന്റെ വിശദാംശങ്ങൾ ലഭിക്കുന്നതാണ് . അതിനുവേണ്ടി നിശ്ചിത പോയിന്റ്  കണ്ടെത്തുക എന്നതാണ് ആദ്യപടി.
വയസ്സ്, വിദ്യാഭ്യാസം, ഇംഗ്ലീഷ് ടെസ്റ്റിലെ മാർക്ക്, ജോലി പരിചയം എന്നീ ഘടകങ്ങളാണ് പോയിൻറ് നിർണയത്തിൽ  പ്രധാന പങ്കുവഹിക്കുന്നത് .

ഇവിടെ ഏറ്റവും കൂടുതൽ അന്വേഷണം വരുന്ന തൊഴിൽ മേഖലയാണ് നഴ്സിംഗ് മേഖല. സ്വദേശികളായ നഴ്സുമാർ ഒരുപാട് പേർ ഈ മേഖലയിൽ ഉള്ളതിനാൽ ഇപ്പോൾ പഴയതുപോലെ ജോലി കിട്ടാൻ ബുദ്ധിമുട്ടാണ്. എങ്കിലും 2020 ആകുമ്പോഴേക്കും നഴ്സിംഗ് മൈഗ്രേഷൻ കൂടാൻ സാധ്യതയുണ്ട് എന്നാണ് കിട്ടിയ വിവരങ്ങൾ. നഴ്സിംഗ് ജോലി ലഭിക്കാൻ വേണ്ടി ഇവിടെ ആദ്യം രജിസ്ട്രേഷൻ ലഭിക്കണം . ബി എസ് സി നഴ്സിംഗും, രണ്ടുവർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉള്ളവരും , ഇംഗ്ളീഷ് ടെസ്റ്റിൽ നല്ല  സ്‌കോർ ഉള്ളവരുമായവർക്ക്‌ നാട്ടിൽനിന്നും ഇവിടെ ഏതെങ്കിലും അംഗീകൃത നഴ്സിംഗ് ഏജൻസി വഴിയൊ ,നേരിട്ടോ  അഡാപ്റ്റേഷൻ  കോഴ്സിന് അപേക്ഷിക്കാം .ആറു മാസത്തെ കോഴ്സ് പൂർത്തീകരിച്ച് പരീക്ഷ  പാസായാൽ രജിസ്ട്രേഷൻ ലഭിക്കും. രജിസ്ട്രേഷൻ കിട്ടിക്കഴിഞ്ഞാൽ നിങ്ങൾക്ക് പെർമനന്റ് വിസക്ക്  അപേക്ഷിക്കാം. മിക്കവാറും നാട്ടിൽ തിരിച്ചുവന്ന് ശേഷമായിരിക്കും ഈ പ്രോസസ് പൂർത്തിയാവുകയുള്ളൂ . അതല്ലെങ്കിൽ രജിസ്ട്രേഷൻ കിട്ടിക്കഴിഞ്ഞാൽ ഇവിടെയുള്ള  ആശുപത്രികൾ നിങ്ങളെ സ്പോൺസർ ചെയ്യാൻ തയ്യാറായാൽ   താൽക്കാലിക വിസ ലഭിക്കും . പക്ഷേ അതത്ര എളുപ്പമുള്ള കാര്യമല്ല.

ഇവിടുത്തെ ജീവിത ശൈലിയെ പറ്റി അല്പം.

കാലാവസ്ഥ മൂന്നുമാസത്തോളം നല്ല തണുപ്പും (ജൂൺ, ജൂലൈ, ഓഗസ്റ്റ് )മൂന്നു മാസത്തോളം നല്ല ചൂടുമാണ് (ഡിസംബർ, ജനുവരി, ഫെബ്രുവരി ) തണുപ്പ് പൂജ്യം ഡിഗ്രി വരെയും , ചൂട്  40-42 ഡിഗ്രി വരെയും എത്താറുണ്ട്.

വൈദ്യശാസ്ത്ര രംഗം  വളരെയധികം വികസിച്ച  രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. ഇവിടുത്തെ സ്ഥിരതാമസക്കാർക്ക്  ഒട്ടുമിക്ക ചികിത്സകളും സർക്കാർ സൗജന്യമായി നൽകുന്നു. താൽക്കാലിക വിസ  ഉള്ളവർക്കും, വിദ്യാഭ്യാസ വിസയിലുള്ളവർക്കും പ്രൈവറ്റ്  ഇൻഷുറൻസ് കവർ  എടുക്കേണ്ടിവരും.

വിദ്യാഭ്യാസരംഗത്തും നല്ല പുരോഗതി ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഓസ്ട്രേലിയ. പ്ലസ്ടു വരെ സർക്കാർ സൗജന്യ വിദ്യാഭ്യാസം നൽകുന്നുണ്ട്. സ്വകാര്യ മേഖലയിലും  സ്കൂളുകളുണ്ട്. താമസിക്കുന്ന സ്ഥലത്തെ കുട്ടികൾക്കാണ് അവിടെ അടുത്തുള്ള സ്കൂളുകളിൽ അഡ്മിഷൻ കിട്ടാൻ കൂടിയ പരിഗണന.
 
സ്ഥിരതാമസം ഉള്ളവർക്ക് ഉന്നതവിദ്യാഭ്യാസത്തിന് സർക്കാർ വായ്പയും കൊടുക്കും.

നാട്ടിൽ നിന്ന് നേരിട്ട് വിമാനങ്ങൾ കുറവാണ് . സിംഗപ്പൂർ/ മലേഷ്യ വഴിയാണ് പ്രധാന വ്യോമമാർഗം. ശരാശരി 11മണിക്കൂർ  പറക്കൽ സമയം .

ഭാഷ ഇംഗ്ലീഷ് തന്നെയാണ്. തദ്ദേശീയരായ ആദിവാസികൾക്ക് പ്രത്യേകഭാഷ ഉണ്ടെങ്കിലും അത് പൊതുവായി ഉപയോഗിക്കുന്നതല്ല.

ഓസ്ട്രേലിയ ഇപ്പോഴും ഒരു റിപ്പബ്ലിക്  രാജ്യമല്ല. ഈയിടെ  നടന്ന ഹിതപരിശോധനയിൽ ഭൂരിഭാഗവും ഇങ്ങനെ തന്നെ തുടരാനാണ് ആഗ്രഹിച്ചത്.

ഇവിടെയുള്ള ആളുകളിൽ ഭൂരിഭാഗവും കുടിയേറിവന്നവരാണ് . സമാധാനപരമായ അന്തരീക്ഷമാണ് പൊതുവെ .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top