28 September Thursday

നിഫ്റ്റി രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ പ്രതിമാസ നഷ്‌ടത്തിൽ

കെ ബി ഉദയ ഭാനുUpdated: Sunday Apr 2, 2023

കൊച്ചി> നിഫ്റ്റി സൂചിക രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ പ്രതിമാസ നഷ്ടത്തിൽ. തുടർച്ചയായി നാലാം മാസത്തിലും നിഫ്റ്റിക്ക്  തകർച്ചയിൽ നിന്നും രക്ഷനേടാനാവാഞ്ഞത് മൂന്ന് ട്രില്യൺ ഡോളറിലേയ്ക്കുള്ള വിപണിയുടെ തിരിച്ചു വരവിന് കാലതാമസം സൃഷ്ടിക്കും. ഹിഡൻബർഗ്  ആഘാതത്തിൽ നിന്നും തിരിച്ചു വരവിന് നടത്തിയ ശ്രമങ്ങൾ ഇനിയും വിജയിച്ചിട്ടില്ല. അതേ സമയം മുന്നാഴ്ച്ചകളിലെ തകർച്ച ശേഷം സെൻസെക്‌സ് 1464 പോയിന്റ്റും നിഫ്റ്റി 414 പോയിന്റ്റും കഴിഞ്ഞവാരം ഉയർന്നത് ഷോട്ട് കവറിങിന്റ്റ പിൻബലത്തിലാണ്.

ആർ ബി ഐ വായ്പ്പാ അവലോകനത്തിന് ഈ വാരം ഒത്ത് ചേരും. നാണയപ്പരുപ്പം അനിയന്ത്രിമായ പശ്ചാത്തലത്തിൽ റിപ്പോ നിരക്കുകളിൽ ഭേദഗതിക്ക് സാധ്യത. അതേ സമയം കർണാടകത്തിലെ തിരഞ്ഞടുപ്പിന്റ്റ പശ്ചാത്തലത്തിൽ ബാങ്ക് നിരക്കുകൾ സ്റ്റെഡിയായി നിലനിർത്താൻ റിസർവ് ബാങ്ക് ശ്രമം നടത്താം. മുൻ നിര ഓഹരികളായ ആർ ഐ എൽ, എച്ച് ഡി എഫ് സി ബാങ്ക്, എസ് ബി ഐ, ഇൻഡസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബാങ്ക്, ഇൻഫോസീസ്, വിപ്രോ, റ്റി സി എസ്, എച്ച് സി എൽ, എം ആന്റ് എം, ടാറ്റാ മോട്ടേഴ്‌സ്, എം ആന്റ് എം, എച്ച് യു എൽ, ടാറ്റാ സ്റ്റീൽ, ഐ റ്റി സി, ഡോ: റെഡീസ്, സിപ്ല, സൺ ഫാർമ്മ തുടങ്ങിയവയുടെ നിരക്കും കയറി.
    
നിഫ്റ്റി സുചിക 16,920 പോയിന്റ്റിൽ നിന്നുള്ള കുതിപ്പിൽ 17,380 ലേയ്ക്ക് ഉയർന്ന ശേഷം  ക്ലോസിങിൽ 17,359 പോയിന്റ്റിലാണ്. ഈവാരം 17,520 നെ ലക്ഷ്യമാക്കി ഇടപാടുകൾക്ക് തുടക്കം കുറിക്കും. ഈ പ്രതിരോധ മേഖല മറികടക്കാനായാൽ നിഫ്റ്റി 17,660-18,100 റേഞ്ചിനെ ഉറ്റ്‌നോക്കാം, 17,060 ൽ ആദ്യ സപ്പോർട്ടുണ്ട്.  

ബോംബെ സൂചിക 57,525 പോയിന്റ്റിൽ നിന്നും ഓപ്പണിങ് വേളയിൽ 57,413 റേഞ്ചിലേയ്ക്ക് തളർന്നഘട്ടത്തിൽ മുൻ നിര ഓഹരികളിൽ പുതിയ ബയ്യിങിന് ആഭ്യന്തര വിദേശ ഫണ്ടുകൾ കാണിച്ച ഉത്സാഹം വിപണിയിൽ നേരിയ ഉണർവ് സൃഷ്ടിച്ചെങ്കിലും പ്രദേശിക ഇടപാടുകാർ ഈ അവസരത്തിലും സൂചികയുടെ ചലനങ്ങൾ നിരീക്ഷിച്ചതല്ലാതെ നിക്ഷപത്തിന് താൽപര്യം കാണിച്ചില്ല. എന്നാൽ വാരമദ്ധ്യം പിന്നിട്ടതോടെ വിപണിയിലേയ്ക്ക് പണ പ്രവാഹം ശക്തമായത് സെൻസെക്‌സിനെ 59,068 പോയിന്റ്റ് വരെ ഉയർത്തി. മാർക്കറ്റ് ക്ലോസിങിൽ സൂചിക 58,991 ലാണ്.

പുതിയ സാമ്പത്തിക വർഷത്തിന്റ ആദ്യ മാസമെന്ന നിലയ്ക്ക് ഉണർവ് നിലനിർത്തുമെന്ന നിഗനമത്തിലാണ് ബുൾ ഓപ്പറേറ്റർമാർ. ഏപ്രിൽ സീരീസ് ആദ്യ ദിനത്തിൽ നിഫ്റ്റി ഒന്നര ശതമാനം ഉയർന്നു. ആഭ്യന്തര ഫണ്ടുകൾ 156 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതിനൊപ്പം 5112 കോടിയുടെ കനത്ത വാങ്ങലിനും തയ്യാറായി. തൊട്ട് മുൻവാരത്തിൽ അവർ 9432 കോടി നിക്ഷേപിച്ചിരുന്നു. സാന്പത്തിക വർഷാന്ത്യം വിപണിയുടെ അടിഒഴുക്കിൽ വൻ മാറ്റമാണ് ആഭ്യന്തര നിക്ഷേപം വരുത്തിയത്. വിദേശ ഫണ്ടുകൾ 3134 കോടി രൂപയുടെ നിക്ഷേപവും 891 കോടി രൂപയുടെ വിൽപ്പന നടത്തി.

ആഗോള വിപണിയിൽ സ്വർണം വീണ്ടും 2000 ഡോളറിലേയ്ക്ക് പ്രവേശിക്കാൻ ശ്രമം നടത്തി. നിക്ഷേപകർ പുതിയ വാങ്ങലുകളിൽ നിന്നും അകന്നതും പുതിയ വിൽപ്പനക്കാരുടെ വരവും മുന്നേറ്റത്തെ തടഞ്ഞു. സ്വർണം 1978 ഡോളറിൽ നിന്നും വാരാന്ത്യം ഔൺസിന് 1968 ഡോളറായി. മാർച്ചിൽ ആഗോള സ്വർണ വില ഔൺസിന് 133 ഡോളർ ഉയർന്നു. യു എസ് യൂറോപ്യൻ ബാങ്കിംഗ് മേഖലയിലെ തകർച്ചയാണ് ഫണ്ടുകളെ സ്വർണത്തിലേയ്ക്ക അടുപ്പിച്ചത്.
   


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top