27 September Sunday

കുടുംബത്തിന് സുരക്ഷിതത്വമേകാന്‍ ടേം ഇന്‍ഷുറന്‍സ്

സത്യന്‍ ജംബുനാഥന്‍Updated: Sunday Mar 27, 2016

ടേം ഇന്‍ഷുറന്‍സ് എന്തെന്നു ചോദിച്ചാല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഏറ്റവും ലളിതമായ മാതൃകയാണതെന്നു പറയാം.  ഒരു വ്യക്തി നിശ്ചിത തുക പ്രീമിയമായി നല്‍കുകയും ആ വ്യക്തിക്ക്  അത്യാഹിതം സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന് ലൈഫ് ഇന്‍ഷുര്‍ചെയ്ത സ്ഥാപനം മൊത്തമായ ഒരു തുക നല്‍കുകയുമാണിവിടെ ചെയ്യുന്നത്. ടേം ഇന്‍ഷുറന്‍സ് സംബന്ധിയായി പൊതുവായുയരുന്ന ചില ചോദ്യങ്ങള്‍ താഴെ കൊടുക്കുന്നു.

എന്തിനാണ് ടേം ഇന്‍ഷുറന്‍സ്?
കുടുംബത്തിലെ വരുമാനമുള്ള വ്യക്തിക്ക് അത്യാഹിതം സംഭവിച്ചാല്‍ ആ കുടുംബം സാമ്പത്തിക അനിശ്ചിതത്വത്തിലേക്കു വീഴുന്നില്ലെന്ന് പരിരക്ഷയിലൂടെ ഉറപ്പാക്കാനാവും. ബാധ്യതകള്‍ മറികടക്കാനും ‘ഭാവിയിലെ വരുമാനം സംരക്ഷിക്കാനും ഈ ടേം ഇന്‍ഷുറന്‍സ് സഹായിക്കും. ഇതിനെല്ലാം പുറമെ, ഇപ്പോള്‍ പല ടേം ഇന്‍ഷുറന്‍സ് പദ്ധതികളിലും മാരകരോഗങ്ങളും അംഗവൈകല്യവും പോലുള്ള സന്ദര്‍ഭങ്ങളില്‍ ആരോഗ്യപരിരക്ഷ ലഭ്യമാക്കുകയും അപകടമരണത്തിന് ഇന്‍ഷുറന്‍സ് ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.

ടേം ഇന്‍ഷുറന്‍സ് വാങ്ങുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ്?
ഇന്ത്യക്കാരുടെ ജീവിതശൈലികള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ജീവിതശൈലീരോഗങ്ങളും ഏറിവരികയാണ്. കുടുംബത്തിലെ വരുമാനമുള്ള വ്യക്തി മാരകരോഗത്തിന്റെ പിടിയിലകപ്പെടുന്നു എന്നുവച്ചാല്‍ ആ കുടുംബത്തിന്റെ ഭാവിതന്നെ പ്രശ്നത്തിലേക്കു നീങ്ങുന്നു എന്നാണ് അര്‍ഥം. മാരകരോഗങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ഉടന്‍തന്നെ മൊത്തത്തില്‍ ഒരു തുക ലഭ്യമാക്കുന്നതരം പുതിയ പദ്ധതികള്‍ അധിക സാമ്പത്തികബാധ്യതകള്‍ ഇല്ലാതെ മുന്നോട്ടുപോകാന്‍ കുടുംബത്തെ സഹായിക്കും.
പതിനഞ്ചുവര്‍ഷം മുമ്പുണ്ടായിരുന്ന അവസ്ഥയില്‍നിന്നു മാറി താങ്ങാവുന്ന രീതിയിലുള്ള ടേം ഇന്‍ഷുറന്‍സുകള്‍ ഇന്നു ലഭ്യമാണ്. പദ്ധതികളുടെ നിരക്കുകള്‍ 50 ശതമാനത്തിലേറെ കുറഞ്ഞിട്ടുമുണ്ട്. ഇതിലെല്ലാം ഉപരിയായി അപകടമരണങ്ങള്‍, മാരകരോഗങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം പരിരക്ഷ നല്‍കുന്ന സമഗ്രമായ പദ്ധതികളും ഇന്നു ലഭ്യമാണ്. തങ്ങളുടെ സാമ്പത്തികസാഹചര്യങ്ങള്‍ ആസൂത്രണംചെയ്യാനുതകുംവിധം ക്ളെയിം തുക ഒറ്റയടിക്കോ സ്ഥിരമായ വരുമാനത്തിന്റെ രീതിയിലോ സ്വീകരിക്കാനുള്ള അവസരം ഇന്നു പല ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും നോമിനികള്‍ക്കു നല്‍കുന്നുണ്ട്.

എത്ര ഇന്‍ഷുറന്‍സ് വേണം?
ഓരോ വ്യക്തിയുടെയും വരുമാനം, ചെലവ്, ബാധ്യതകള്‍ എന്നിവയ്ക്കനുസരിച്ചാണ് ഇതു തീരുമാനിക്കേണ്ടത്. 30 വയസ്സുള്ള വിവാഹിതനും ഒരു കുട്ടിയുള്ളതുമായ ഒരു വ്യക്തിയുടെ കാര്യം നമുക്കു പരിഗണിക്കാം. പ്രതിമാസം 25,000 രൂപ വരുമാനമുള്ള ഇയാള്‍ക്ക് 10 ലക്ഷം രൂപയുടെ ഭവനവായ്പയുമുണ്ട്. ഇദ്ദേഹത്തിന് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഈ ഭവനവായ്പ തിരിച്ചടയ്ക്കാനും ജീവിതം മുന്നോട്ടുകൊണ്ടുപോകാനും കുടുംബം വഴി കണ്ടെത്തേണ്ടിവരും. കുടുംബത്തിന് ഈ വായ്പ തിരിച്ചടയ്ക്കാനും അതോടൊപ്പം സാമ്പത്തികസ്ഥിതി നിലനിര്‍ത്താനും സഹായിക്കുന്ന രീതിയിലെ പരിരക്ഷയാണ് ഈ വ്യക്തിയെ സംബന്ധിച്ച് അഭികാമ്യം. 25,000 രൂപ 12 മാസംവീതം 28 വര്‍ഷത്തേയ്ക്കുള്ള തുകയും വായ്പയുടെ 10 ലക്ഷം രൂപയുമടക്കംവരുന്ന 94 ലക്ഷം രൂപയുടെ പരിരക്ഷയാണ് ഇവിടെ അഭികാമ്യം. ജോലിയില്‍നിന്നു വിരമിക്കുന്നതുവരെ ഈ വ്യക്തി ഈ പരിരക്ഷ തുടരണം.

ടേംഇന്‍ഷുറന്‍സ് വാങ്ങുമ്പോള്‍ പരിഗണിക്കേണ്ട മറ്റു ഘടകങ്ങള്‍ എന്തൊക്കെയാണ്?
കഴിയുന്നതും നേരത്തെ മുതല്‍ പരിരക്ഷ ലഭ്യമാക്കുന്നതാണ് നല്ലത്. പ്രായം കൂടുന്നതനുസരിച്ച് ഇതിനായുള്ള ചെലവുകൂടും. ക്ളെയിമുകള്‍ തീര്‍പ്പാക്കുന്നതിന്റെ കാര്യത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനത്തെവേണം തെരഞ്ഞെടുക്കാന്‍. കൃത്യമായ നോമിനിയെ തെരഞ്ഞെടുത്തിരിക്കണം. നിങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും, പ്രത്യേകിച്ച്  വൈദ്യശാസ്ത്രപരമായ വിവരങ്ങള്‍, സത്യസന്ധമായി നല്‍കുക എന്നതും ഏറെ പ്രധാനപ്പെട്ടതാണ്. ക്ളെയിമുകള്‍ ഉണ്ടായാല്‍ അവ സുഗമമായി തീര്‍പ്പാക്കാന്‍ ഇതു സഹായിക്കും. വൈദ്യപരിശോധനയില്‍ എന്തെങ്കിലും രോഗം കണ്ടെത്തിയാല്‍ പ്രീമിയം ഉയര്‍ന്നേക്കും. എന്നാല്‍, ഇതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തേടുന്നതില്‍നിന്നു പിന്മാറരുത്. കാരണം ഇതു നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനുള്ള മാര്‍ഗമാണെന്ന് അറിയുക.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ആക്ച്യുറി വിഭാഗം മേധാവിയാണ് ലേഖകന്‍


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top