25 September Sunday

കാത്തലിക് സിറിയൻ ബാങ്ക് കരാറായ ഓഹരി വിൽപ്പനയിൽ വിദേശകമ്പനി വിലപേശുന്നു

വി എം രാധാകൃഷ‌്ണൻUpdated: Monday Sep 17, 2018

തൃശൂർ
കാത്തലിക് സിറിയൻ ബാങ്കിന്റെ വിദേശ കമ്പനിയുമായുള്ള ഓഹരി വിൽപ്പന ഇടപാടിൽ അനിശ്ചിതത്വം. 51 ശതമാനം ഓഹരി വിൽക്കാൻ നേരത്തേ കരാറായ കനേഡിയൻ കമ്പനിയായ ഫെയർഫാക്സ്  ഓഹരി വില കുറയ‌്ക്കാൻ ബാങ്ക് മാനേജ‌്മെന്റുമായി വിലപേശൽ നടത്തുന്നതായാണ് സൂചന. ഇതോടൊപ്പം കഴിഞ്ഞ നാലു വർഷത്തെപ്പോലെ  ബാങ്ക‌് നടപ്പ‌് സാമ്പത്തിക വർഷവും വലിയ നഷ്ടത്തിലേക്കാണ് നീങ്ങുന്നത്.
 കാത്തലിക് സിറിയൻ ബാങ്കിന്റെ 51 ശതമാനം ഓഹരി കനേഡിയൻ വ്യവസായി പ്രേംവാട്സയുടെ ഉടമസ്ഥതയിലുള്ള ഫെയർഫാക്സ് കമ്പനിക്കു നൽകാൻ കഴിഞ്ഞ മാർച്ചിലാണ് ഡയറക്ടർ ബോർഡ് തീരുമാനിച്ചത്.  ഏപ്രിലിൽ വിദേശ കമ്പനിക്ക് ഭൂരിഭാഗം ഓഹരി വിൽക്കുന്നതിന് കേന്ദ്രസർക്കാരിന്റെ കോംപറ്റീഷൻ കമീഷൻ അനുമതി നൽകി. ജൂലൈ ആദ്യം ആർബിഐയുടെ അനുമതിയും ലഭിച്ചു. 140 രൂപ നിരക്കിൽ 8.3 കോടി ഓഹരികളാണ് വിൽക്കാൻ കരാറായത്.  1200 കോടി രൂപയാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്. ബാങ്ക് ചെയർമാനടക്കം രണ്ടുപേരെ വിദേശ കമ്പനി പ്രതിനിധികളായി ഡയറക്ടർ ബേർഡിൽ ഉൾപ്പെടുത്താനും നിശ്ചയിച്ചു. കഴിഞ്ഞ ആഗസ്തിൽ ഒഹരിത്തുക ലഭ്യമാകുമെന്നും ഇതിലൂടെ ബാങ്കിന് വളർച്ചയുടെ പുതിയ ഘട്ടം തുടങ്ങാനാകുമെന്നുമായിരുന്നു കരാറിന് നേതൃത്വം നൽകിയ, സ്ഥാനമൊഴിഞ്ഞ ചെയർമാൻ ടി എസ് അനന്തരാമൻ ഉൾപ്പടെ മാനേജ‌്മെന്റ‌് പറഞ്ഞിരുന്നത്. ഇക്കാര്യത്തിൽ പുരോഗതിയുണ്ടായില്ല.   ഇപ്പോൾ ഓഹരിവില പരമാവധി താഴ‌്ത്തി കരാർ പുതുക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന‌് ജീവനക്കാരുടെ സംഘടനകൾ പറയുന്നു.
മാനേജ‌്മെന്റിന്റെ പിടിപ്പുകേടും ദുർഭരണവുംമൂലം 2013 മുതൽ ബാങ്ക് നഷ്ടത്തിലാണ്. നടപ്പു സാമ്പത്തിക വർഷം ആദ്യപാദത്തിൽ 17 കോടി നഷ്ടം രേഖപ്പെടുത്തി. സെപ്തംബർ 30ന് അവസാനിക്കുന്ന അർധ വാർഷികത്തിൽ നഷ്ടം 50 കോടിയാകും.  427 ബ്രാഞ്ചുള്ള ബാങ്കിന് 2600 ജീവനക്കാരുണ്ട്. മാനേജ‌്മെന്റിന്റെ ജോലിസംബന്ധമായ പീഡനത്തെത്തുടർന്നാണെന്നു പറയുന്നു നിരവധി പേർ വിആർഎസ് എടുത്ത് ജോലി ഉപേക്ഷിച്ചു. അടുത്ത കാലത്തായി ഒരു ജനറൽ മാനേജരും ഡെപ്യൂട്ടി ജനറൽ മാനേജരുമടക്കം അമ്പതോളം പേർ ജോലി വിട്ടു. നിരവധി പേർ വിആർഎസിന് അപേക്ഷിച്ചിട്ടുണ്ട്.  അമിത ജോലിഭാരം, അന്യായ സ്ഥലം മാറ്റം തുടങ്ങിയവയാണ് കാരണം. വിദേശികൾ നിയന്ത്രിക്കുന്ന പുതുതലമുറ ബാങ്ക‌്പോലെ കേരളത്തിന്റെ സ്വന്തം ബാങ്കായ കാത്തലിക് സിറിയൻ ബാങ്കും തരം താഴുകയാണെന്ന് ബെഫി സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ പറഞ്ഞു.
ഈ ബാങ്കിനെ വിദേശികൾ കൈയടക്കാൻ ശ്രമിച്ചപ്പോഴെല്ലാം തൃശൂർ പൗരാവലിയും ഇടതുപക്ഷവും ചെറുത്തനിൽപ്പ‌് സംഘടിപ്പിച്ചിട്ടുണ്ട്.  1994ൽ തായ്ലൻഡ‌് ആസ്ഥാനമായ ചാവള ഗ്രൂപ്പ‌്   38 ശതമാനം ഓഹരികളുമായി ബാങ്കിനെ കൈവശപ്പെടുത്താൻ ശ്രമിച്ചപ്പോൾ ജനകീയ പ്രക്ഷോഭത്തിനു മുന്നിൽ  മുട്ടുമടക്കി.   പ്രതിഷേധത്തെത്തുടർന്ന് 2016ൽ  ഫെയർഫാക്സുകാർ  ഇടപാട് അവസാനിപ്പിച്ചതാണ്. എന്നാൽ, ഫെയർഫാക്സ് ബാങ്കിങ് കമ്പനി അല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ മാനേജ‌്മെന്റ്  തിരിച്ചുകൊണ്ടുവരികയായിരുന്നു. 74 ശതമാനംവരെ ഓഹരി വിദേശകമ്പനികൾക്കു വിൽക്കാമെന്ന കേന്ദ്രസർക്കാർ അനുമതിയാണ് ഇപ്പോൾ കാത്തലിക് സിറിയൻ ബാങ്കിന്റെ ന്യായ വാദം. സാമ്പത്തികശേഷി ഉയർത്താൻ സ്വദേശീയമായ നിരവധി മാർഗങ്ങളുള്ളപ്പോൾ വിദേശികളെ ക്ഷണിച്ചുകൊണ്ടുവരുന്നതിനു പിന്നൽ നിക്ഷിപ്ത താൽപ്പര്യങ്ങളാണെന്ന് ട്രേഡ് യൂണിയനുകൾ വ്യക്തമാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top