31 March Friday

കുട്ടികളുടെ നിക്ഷേപം അറിയേണ്ട കാര്യങ്ങള്‍

വിഘ്നേഷ് ഷഹാനെUpdated: Sunday Jul 17, 2016

ഉന്നതവിദ്യാഭ്യാസമാകട്ടെ, വിവാഹമാകട്ടെ, നിങ്ങളുടെ കുട്ടിയുടെ ഭാവി ശോഭനമാക്കുന്നതിനുള്ള നിക്ഷേപ മാര്‍ഗങ്ങളേറെയാണ്. ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നുള്ള കുട്ടികളുടെ പദ്ധതികള്‍ക്ക് ഇവിടെ പ്രസക്തിയേറുന്നുണ്ട്. പ്രത്യേക സവിശേഷതകളുള്ള ഇത്തരം പദ്ധതികള്‍ കുട്ടിയുടെ ‘ഭാവി സുരക്ഷിതമാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയോടുകൂടിയ കുട്ടികളുടെ പദ്ധതികള്‍ നിങ്ങളുടെ അസാന്നിധ്യത്തില്‍പ്പോലും കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ദുരീകരിക്കുന്നു. അംഗവൈകല്യം, ഗുരുതരമായ രോഗങ്ങള്‍, പ്രീമിയം ആനുകൂല്യങ്ങള്‍ തുടങ്ങിയവയ്ക്കുള്ള അധികസംരക്ഷണ റൈഡറുകളും തെരഞ്ഞെടുക്കാം. ഇത്തരം പദ്ധതികള്‍ നല്‍കുന്ന സുരക്ഷിത്വം മനസ്സിലായാല്‍ സ്വാഭാവികമായും കൃത്യതയാര്‍ന്ന നിക്ഷേപങ്ങളിലേക്കു തിരിയും. ഇത് പദ്ധതിയുടെ കാലാവധി  പൂര്‍ത്തിയാക്കി മികച്ച തുക സമാഹരിക്കാന്‍ സഹായിക്കും.

വിവാഹം, ഉന്നതപഠനം തുടങ്ങിയ കാര്യങ്ങള്‍ക്ക് സമ്പാദ്യം നേരത്തെതന്നെ തുടങ്ങിയില്ലെങ്കില്‍ ബുദ്ധിമുട്ടാകും. കാരണം ഇവ പെട്ടെന്നൊന്നും നേടാനാകില്ല. ഉന്നതവിദ്യാഭ്യാസ ചെലവിലെ വര്‍ധന വരും വര്‍ഷങ്ങളിലും തുടരും. ഈ സാഹചര്യത്തില്‍ സമ്പാദ്യം സമാഹരിക്കുന്നതിന് കൃത്യമായ നിക്ഷേപങ്ങള്‍ വേണം. സമയത്തിനൊപ്പം വളരുന്ന രീതിയില്‍. ഓഹരികളില്‍ പത്തോ അതിലധികമോ വര്‍ഷം നിക്ഷേപം നടത്തിയാല്‍ മറ്റേതിനെക്കാളും ഉയര്‍ന്ന വരുമാനം നേടാമെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. 

കുട്ടികളുടെ പദ്ധതിയുണ്ടെങ്കില്‍ അടിയന്തരാവശ്യങ്ങള്‍ക്ക് ചെറിയ തുകകള്‍ സൂക്ഷിച്ചാല്‍ മതിയാകും.  ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളും ലിക്വിഡ് ഫണ്ടുകളുമൊക്കെ ഇത്തരത്തിലുള്ളതാണ്. അങ്ങനെ റിട്ടയര്‍മെന്റ്പോലുള്ള ആവശ്യങ്ങള്‍ക്ക് കൂടുതല്‍ തുക മുടക്കാനാകും. മറ്റ് ഇന്‍ഷുറന്‍സ് പ്ളാനുകളെപ്പോലെ പ്രതിമാസം, ത്രൈമാസം, വാര്‍ഷികം എന്നിങ്ങനെയുള്ള പ്രീമിയം അടവുകള്‍ ചൈല്‍ഡ് പ്ളാനുകളില്‍ സാധ്യമാണ്. സ്വയംതൊഴില്‍ പ്രൊഫഷണലുകള്‍, ബിസിനസുകാര്‍ എന്നിവരെപ്പോലെ നിശ്ചിതമല്ലാത്ത വരുമാനമാണ് ഉള്ളതെങ്കില്‍, ബാങ്ക് റെക്കറിങ് നിക്ഷേപങ്ങള്‍പോലെ പ്രതിമാസ നിക്ഷേപം നടത്തി ആ തുക വാര്‍ഷിക പ്രീമിയത്തിനായി വിനിയോഗിക്കാനാകും.

പരമ്പരാഗതമായ നേരിട്ടുള്ള പ്രീമിയം അടവുകള്‍ക്കു പുറമെ മറ്റ് രീതികളും ലഭ്യമാണ്. ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി അല്ലെങ്കില്‍ ഇസിഎസ് എന്നിവയിലൂടെ പ്രീമിയം അടയ്ക്കല്‍ ഉറപ്പാക്കാം. ഓട്ടോ ഡെബിറ്റ് സൌകര്യത്തില്‍ കൃത്യമായി ബാങ്ക് അക്കൌണ്ടില്‍നിന്ന് പ്രീമിയം തുക അടയ്ക്കാന്‍കഴിയും. സ്വന്തം ക്രെഡിറ്റ് കാര്‍ഡ് കമ്പനിക്കും നിര്‍ദേശം നല്‍കി കൃതൃസമയത്തുള്ള പ്രീമിയം അടവ് ഉറപ്പാക്കാം.

ലൈഫ് ഇന്‍ഷുറന്‍സ് പ്ളാനുകള്‍പോലെ കുട്ടികളുടെ പ്ളാനുകളും ദീര്‍ഘകാല നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും നേരത്തെ പ്ളാനില്‍നിന്നുള്ള പിന്‍വാങ്ങല്‍ നിരുത്സാഹപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. ദീര്‍ഘകാല നിക്ഷേപം കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള തുക നേടിത്തരുന്നതിനു സഹായകമാകും. പരമ്പരാഗത പ്ളാനുകളും യൂണിറ്റ് ലിങ്ക് പ്ളാനുകളുടെ അഞ്ചുവര്‍ഷ ലോക് ഇന്‍ പീരിഡും നിശ്ചിതകാലം നിക്ഷേപത്തില്‍ തുടരുന്നുവെന്ന് ഉറപ്പാക്കും. നേരത്തെ പിന്‍വാങ്ങുമ്പോഴുള്ള പിഴകളും ഇവിടെ ഗുണകരമാണ്.

ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് സിഇഒ ആണ് ലേഖകന്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top