07 December Tuesday

ധനകാര്യ ആപ്പുകള്‍ ഉപയോഗിക്കും മുമ്പ്

സ്മിതിUpdated: Sunday Aug 14, 2016

അപകടങ്ങളും തട്ടിപ്പുകളുമെല്ലാം തങ്ങളെ ബാധിക്കില്ല, മറ്റുള്ളവരെ മാത്രം ബാധിക്കുന്ന ഒന്നാണ് എന്ന ചിന്തയാണ് നമ്മളില്‍ പലര്‍ക്കുമുള്ളത്. സാമ്പത്തിക ഇടപാടുകള്‍ കൈകാര്യംചെയ്യാനുള്ള ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ഇതേ ചിന്തതന്നെയാണുള്ളത്. അതുകൊണ്ടുതന്നെ സാമ്പത്തിക ഇടപാടുകള്‍ എളുപ്പത്തില്‍ കൈകാര്യംചെയ്യുന്നതിനും ആസൂത്രണംചെയ്യുന്നതിനുമുള്ള മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കുംമുമ്പ് അതിന്റെ സുരക്ഷസംബന്ധിച്ച് വലിയതോതില്‍ ചിന്തിക്കണം.

പ്രധാനമായും രണ്ടു രീതിയിലുള്ള ധനകാര്യ മൊബൈല്‍ ആപ്പുകളാണ് ഇന്നു പ്രചരിച്ചുവരുന്നത്. സാമ്പത്തിക ഇടപാടുകള്‍ സൌകര്യപ്രദമായി കൈകാര്യംചെയ്യാന്‍ വ്യക്തികളെ സഹായിക്കുന്ന മണി മാനേജ്മെന്റ് ആപ്പുകള്‍, നികുതിക്കണക്കുകള്‍ തയ്യാറാക്കി റിട്ടേണ്‍ ഫയല്‍ചെയ്യാന്‍ സഹായിക്കുന്ന ടാക്സ് പ്രിപ്പറേഷന്‍ ആപ്പുകള്‍ എന്നിവയാണവ.  ഇതില്‍തന്നെ മണി മാനേജ്മെന്റ് ആപ്പുകളാണ് നമ്മളില്‍ പലര്‍ക്കും കൂടുതല്‍ ആവശ്യംവരിക. കുടുംബ, വ്യക്തിഗത ബജറ്റുകള്‍ തയ്യാറാക്കി മുന്നോട്ടുപോകാനും ബില്ലുകളും മറ്റു പണമടയ്ക്കലുകളും കൃത്യമായി നടത്താനും വഴിയൊരുക്കുന്ന  ഇവ ബാങ്കിങ് ഇടപാടുകള്‍ നടത്താനും സഹായിക്കും. സാമ്പത്തികാസൂത്രണം നടത്തല്‍മുതല്‍ ഓഹരികളിലും മറ്റും നിക്ഷേപിക്കല്‍വരെയുള്ളതെല്ലാം ചെയ്യുന്ന മൊബൈല്‍ ആപ്പുകള്‍ ഇന്നുണ്ട്. നമ്മുടെ സാമ്പത്തികസ്ഥിതികളും ഇടപാടുകള്‍ സംബന്ധിച്ച വിവരവുമെല്ലാം നല്‍കിയാലേ ഇത്തരം കാര്യങ്ങള്‍ ചെയ്യാനാവൂ.   സാധാരണഗതിയില്‍ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോപോലും പറഞ്ഞുകൊടുക്കാന്‍ നാം തയ്യാറാകാത്ത വിവരങ്ങളാണ് ഇവിടെ ഒരു പരിചയവുമില്ലാത്തവര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുന്നതെന്ന് ആരും ഓര്‍ക്കാറില്ല.

വിവരങ്ങള്‍ സുരക്ഷിതമാക്കണം

മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍, പ്രത്യേകിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്താനോ സാമ്പത്തികാസൂത്രണം നടത്താനോ ഉള്ള ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍, നിങ്ങളുടെ വ്യക്തിഗതവിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നു എന്നതിനാവണം പ്രാധാന്യം. ഇതിന്റെ അടിസ്ഥാനത്തിലാവണം ഏത് ആപ്പ് ഉപയോഗിക്കണമെന്നു തീരുമാനിക്കേണ്ടത്. ഇങ്ങനെ സുരക്ഷിതത്വം കൂടുതലുണ്ടെന്ന് ഉറപ്പാക്കുന്ന ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ അല്‍പ്പം അസൌകര്യം തോന്നാം. എന്നാലും അതു നല്‍കുന്ന സുരക്ഷിതത്വത്തിനു മുന്‍ഗണന നല്‍കണം.
ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും നിങ്ങളുടെ ബാങ്ക് ലോഗിന്‍ വിവരവും പാസ്വേഡും നല്‍കേണ്ട സാഹചര്യം ഉണ്ടായേക്കാം. ഇത് എത്രത്തോളം അപകടകരമാണെന്നത് ഒന്നു ചിന്തിച്ചുനോക്കൂ. അതേസമയം നിങ്ങള്‍ക്കായുള്ള ബില്ലുകള്‍ അടയ്ക്കല്‍പോലുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്യണമെങ്കില്‍ ഇതു നല്‍കാതെ സാധിക്കുകയുമില്ല. ഇത്തരം കാര്യങ്ങളില്‍ നിങ്ങളുടെ വിവേചന ബുദ്ധി നന്നായി ഉപയോഗിച്ചശേഷം മാത്രമാകണം വിവരങ്ങള്‍ നല്‍കാന്‍. ബാങ്ക് ലോഗിനോ പാസ്വേഡോ ഉപയോഗിക്കേണ്ടി വരുന്ന ആപ്പുകള്‍ ഒഴിവാക്കുക എന്നതാകും ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ മികച്ചത്. അതല്ലയെങ്കില്‍ അത്ര വിശ്വാസ്യയോഗ്യമായ ആപ്പ് ആകണം. പ്ളേ സ്റ്റോറില്‍നിന്നു ഡൌണ്‍ലോഡ്ചെയ്തു എന്നതുകൊണ്ടു മാത്രം സുരക്ഷിതമെന്നു കരുതേണ്ട. ഈ വര്‍ഷം തുടക്കത്തില്‍ ഏതാണ്ട്  13 ഓളം ആപ്പുകളാണ് പ്ളേ സ്റ്റോര്‍ നീക്കംചെയ്തത്.

വൈഫൈ ഹോട്ട് സ്പോട്ടുകള്‍ വേണ്ട


ഇത്തരം വിവരങ്ങള്‍ നല്‍കാതെതന്നെ നിങ്ങളുടെ കണക്കുകള്‍ കൈകാര്യംചെയ്യാനും സഹായങ്ങള്‍ നല്‍കാനും സാധിക്കുന്ന ആപ്പുകള്‍ നിരവധിയുണ്ട്.  ഇത്തരം ആപ്പുകള്‍ സ്വന്തമാക്കുന്ന രീതിയിലും ഏറെശ്രദ്ധിക്കാനുണ്ട്. ഇന്ന് വൈഫൈ ഹോട്ട് സ്പോട്ടുകളുടെ കാലമാണ്. ഫ്രീ വൈഫൈ എന്നു കണ്ടാല്‍ പലരും മൊബൈല്‍ ഡാറ്റ ഓഫ് ചെയ്ത് അതിലേക്കു ചാടി  പരമാവധി ആപ്പുകള്‍ ഡൌണ്‍ലോഡ്ചെയ്യാന്‍ തുടങ്ങും. വൈഫൈ ഹോട്ട് സ്പോട്ടുകള്‍വഴി ഫിനാന്‍ഷ്യല്‍ ആപ്പുകള്‍ ഒരുകാരണവശാലും ഡൌണ്‍ലോഡ്ചെയ്യരുത്. തട്ടിപ്പുകാര്‍ നമ്മെക്കാളെല്ലാം സ്മാര്‍ട്ടാണെന്നത് ഇവിടെ മറക്കരുത്. അത്യാവശ്യം മെസേജുകള്‍ അയക്കുകയോ വാര്‍ത്തകളും വീഡിയോകളും നോക്കുകയോ ചെയ്യുന്നതുപോലെയല്ല സൌജന്യ വൈഫൈകളിലൂടെയുള്ള ഫിനാന്‍ഷ്യല്‍ ആപ്പുകളുടെ ഡൌണ്‍ലോഡിങ്. അങ്ങനെ ചെയ്താല്‍ ഒരുപക്ഷേ, നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്തപ്പെട്ടശേഷമാവും കാര്യങ്ങള്‍ അറിയുക. ഇത്തരം ആപ്പുകളുടെ പേര് കൃത്യമായി ശ്രദ്ധിക്കുക എന്നതിനും ഏറെ പ്രാധാന്യമുണ്ട്. ആകര്‍ഷകമായ തെറ്റിദ്ധരിപ്പിക്കുന്ന പേരുകള്‍ പല തട്ടിപ്പുകാരും ഉപയോഗിക്കാറുണ്ട്. ഫിനാന്‍ഷ്യല്‍ ആപ്പുകള്‍ ഡൌണ്‍ലോഡ്ചെയ്യുന്നതിന് സ്വന്തം ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുക എന്നത് നിര്‍ബന്ധമായും പാലിക്കേണ്ട ഒന്നാണ്. സ്വന്തം ബ്രോഡ്ബാന്‍ഡ് കണക്ഷന് പാസ്വേഡ് നല്‍കി സംരക്ഷണവും ഉറപ്പാക്കണം.

ഇങ്ങനെ ഡൌണ്‍ലോഡ്ചെയ്തുകഴിഞ്ഞ ഫിനാന്‍ഷ്യല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നതിലും ശ്രദ്ധചെലുത്തണം. നേരത്തെ പറഞ്ഞതുപോലെ പബ്ളിക് വൈഫൈകളിലെ അപകടം ഇവയുടെ ഉപയോഗത്തിനിടയിലും ഉണ്ടായേക്കാം. സ്വന്തം മൊബൈല്‍ ഡാറ്റ ഉപയോഗിച്ചുവേണം ഇത്തരം ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍. ഉപയോഗശേഷം അവ ലോഗ് ഓഫ് ചെയ്യാനും ശ്രദ്ധിക്കണം. ഫിനാന്‍ഷ്യല്‍ ആപ്പുകള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്ക് രണ്ടുനിര സംരക്ഷണമെങ്കിലും ഉറപ്പാക്കണം. അതായത് ഫോണിന് പാസ്വേഡ് ഉണ്ടാകണം. ആര്‍ക്കു കിട്ടിയാലും തുറന്ന് ദുരുപയോഗം ചെയ്യാനാവുന്ന രീതിയിലാവരുത് ഫോണ്‍. അടുത്തതായി ആപ്പിന് പ്രത്യേകമായി ലോക്ക് ഉണ്ടാകണം. ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഓരോ തവണയും ലോഗിന്‍ചെയ്യുന്ന രീതിയാവണം തെരഞ്ഞെടുക്കേണ്ടത്. ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ അല്‍പ്പം അസൌകര്യം ഉണ്ടാകുമെന്നത് വസ്തുതയാണ്. പക്ഷേ, അതിലേറെ നേട്ടങ്ങളാവും ലഭ്യമാകുക.  പാസ്വേഡുകള്‍ മറ്റുള്ളവര്‍ക്ക് ഊഹിക്കാനാവാത്ത വിധത്തിലുള്ളതാകണം എന്നതും സ്ഥിരമായി മാറ്റിക്കൊണ്ടിരിക്കണമെന്നതും, വിവിധ ആപ്പുകള്‍ക്ക് വ്യത്യസ്തങ്ങളായ പാസ്വേഡുകള്‍ വേണമെന്നതുമെല്ലാം മറ്റെല്ലാ ആപ്പുകളിലും എന്നപോലെ ഇവിടെയും  പ്രസക്തമാണ്. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്ന ചിലര്‍പോലും ബാങ്കിങ് ഇടപാടുകള്‍ക്കുള്ള പാസ്വേഡുകളും ഫിനാന്‍ഷ്യല്‍ ആപ്പുകള്‍ക്കുള്ള പാസ്വേഡുകളും ഒന്നുതന്നെ ഉപയോഗിക്കാറുണ്ട്. ഇതിന്റെ അപകടം ഊഹിക്കാനാകുമോ?

അലര്‍ട്ടുകള്‍ നോക്കണം

ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന അലര്‍ട്ടുകള്‍ കൃത്യമായി നോക്കുകയും അതനുസരിച്ചുള്ള നടപടി  സ്വീകരിക്കുന്നതിനും ഏറെ പ്രാധാന്യമുണ്ട്. ചെറിയ എന്തെങ്കിലും അസ്വാഭാവികത കണ്ടെത്തിയാല്‍പോലും അവ ബന്ധപ്പെട്ടവരുടെ അടുത്ത് പരാതിപ്പെടുന്ന കാര്യത്തില്‍ അമാന്തം കാട്ടരുത്. ഫിനാന്‍ഷ്യല്‍ ആപ്പുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ കൃത്യമായ ആന്റി വൈറസ് സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം. ഇവ പണംകൊടുത്തു വാങ്ങുന്നതാവും ബുദ്ധി. അതോടൊപ്പം കൃത്യമായ ഇടവേളകളില്‍ പുതുക്കുകയും വേണം. ആപ്പുകളുടെ നിബന്ധനകളും വ്യവസ്ഥകളും വായിച്ചുനോക്കാനും അല്‍പ്പം സമയം കണ്ടെത്തണം. സാധാരണ നിലയ്ക്ക് അവ അംഗീകരിക്കുന്നു എന്ന ബട്ടണ്‍ അമര്‍ത്തുക മാത്രമാണ് ഓരോ ആപ്പുകള്‍ ഡൌണ്‍ലോഡ്ചെയ്യുമ്പോഴും എല്ലാവരും ചെയ്യാറുള്ളത്. ഫിനാന്‍ഷ്യല്‍ ആപ്പുകളുടെ കാര്യത്തിലെങ്കിലും അതു വായിച്ചുനോക്കാന്‍ സമയം കണ്ടെത്തണം. ഇതിന്റെ അടിസ്ഥാനത്തിലാണം എന്തൊക്കെ വിവരങ്ങള്‍ അവയിലൂടെ പങ്കുവയ്ക്കാം, എന്തൊക്കെ ഉപയോഗിക്കാം എന്നെല്ലാം തീരുമാനിക്കാന്‍. ബാങ്കുകള്‍, പ്രമുഖ സാമ്പത്തികസ്ഥാപനങ്ങള്‍ എന്നിവയുടെ ആപ്പുകള്‍ സാധാരണ സുരക്ഷ നല്‍കുന്നവയാകും. സുരക്ഷ ഉറപ്പാക്കാന്‍ ചെലവാക്കാനുള്ള പണം അവയ്ക്കുണ്ട് എന്നതാണ് ഇതിനു കാരണം. ഓണ്‍ലൈന്‍ ബാങ്കിങ് ഉപയോഗിക്കുന്നവര്‍ക്കും ഏറെ ആശ്രയിക്കാവുന്ന ഒന്നാണ് മൊബൈല്‍ വാലറ്റുകള്‍ എന്ന പേരില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ള സംവിധാനം. ബാങ്ക് അക്കൌണ്ടില്‍നിന്ന് ചെറിയ തുകകള്‍ ഈ മൊബൈല്‍ വാലറ്റ് എന്ന ആപ്പുകളിലേക്കു മാറ്റി അത് പണമടയ്ക്കലുകള്‍ക്ക് ഉപയോഗിക്കുന്നത് നമ്മുടെ ബാങ്ക് അക്കൌണ്ടുകള്‍ വിപുലമായി ഉപയോഗിക്കപ്പെടുന്നതിനെതിരെ സംരക്ഷണം നല്‍കും.

ഗെയിമുകളും ഫിനാന്‍ഷ്യല്‍ ആപ്പുകളും പലപ്പോഴും ഒരേ ഫോണില്‍ ഉപയോഗിക്കുന്നത് അപകടകരമാകും എന്നാണ് സൈബര്‍വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചില ഗെയിമുകളിലെങ്കിലും മാല്‍വെയറുകള്‍ അടങ്ങിയിരിക്കും. നിങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അതു മതി. അവ ഉപയോഗിച്ച് തട്ടിപ്പുകാര്‍ നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചാലുള്ള ബുദ്ധിമുട്ട് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top