കൊച്ചി> കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയായ സ്വര്‍ണ ബോണ്ട് വാങ്ങാന്‍ ജനുവരി 14നും 18നും ഇടയില്‍ നിക്ഷേപകര്‍ക്ക് അപേക്ഷിക്കാം. ഈ മാസം 22നാണ് സര്‍ക്കാര്‍ അടുത്തതായി സ്വര്‍ണ ബോണ്ട് വിതരണം ചെയ്യുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഒക്ടോബര്‍ മുതലാണ് സര്‍ക്കാര്‍ സ്വര്‍ണ ബോണ്ട് വിതരണം ചെയ്യാന്‍ തുടങ്ങിയത്.
സ്വര്‍ണമായി വാങ്ങാതെ തുല്യമായ തുകയ്ക്കുള്ള സ്വര്‍ണ നിക്ഷേപ സര്‍ട്ടിഫിക്കറ്റ് അഥവാ സ്വര്‍ണ ബോണ്ട് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്ന് നല്കുന്ന പദ്ധതിയാണ് സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതി. സ്വര്‍ണത്തിന്റെ വിപണി വിലയ്ക്കൊപ്പം നികുതിയില്ലാതെ 2.50 ശതമാനം പലിശ കൂടി നിക്ഷേകന് ലഭിക്കും എന്നതാണ് സ്വര്‍ണ ബോണ്ടിന്റെ പ്രധാന പ്രത്യേകത. ബോണ്ട് കാലാവധി പൂര്‍ത്തിയാകുന്ന സമയത്തെ സ്വര്‍ണ നിരക്കിനെ അടിസ്ഥാനമാക്കി ഇതിനെ പണമാക്കി മാറ്റാനും സാധിക്കും.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ബ്രാഞ്ചുകളിലൂടെ സ്വര്‍ണ ബോണ്ട് വാങ്ങാനും വില്‍ക്കാനും അതിന്മേല് വായ്പ ലഭ്യമാക്കാനും സാധിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കൂടാതെ ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, തപാല്‍ ഓഫീസ്, സ്റ്റോക് ഹോള്‍ഡിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ ശാഖകള്‍, ഇന്ത്യയിലെ പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയിലൂടെയും ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാവുന്നതാണ്.
ഒരാള്‍ക്ക് ചുരുങ്ങിയത് ഒരു ഗ്രാമും പരമാവധി 4 കിലോ വരെയും സര്‍ട്ടിഫക്കറ്റ് അഥവാ ബോണ്ട് രൂപത്തില്‍ വാങ്ങാവുന്നതാണ്. ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്റെ മൂന്ന് ദിവസത്തെ സ്വര്‍ണവിലയുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് ഒരു യൂണിറ്റ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. ഒരു വ്യക്തിക്ക് ഒരു വര്‍ഷം കുറഞ്ഞത് 1 ഗ്രാമും പരമാവധി 4 കിലോ വരെയുള്ള സ്വര്‍ണ്ണത്തിന് തുല്യമായ നിക്ഷേപമാണ് നടത്താനാവുക.
''പണമോ ചെക്കോ നല്‍കുമ്പോഴാണ് ഈ ബോണ്ടുകള്‍ ലഭിക്കുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്കുന്ന സര്‍ട്ടിഫിക്കറ്റ് ആയോ സാധാരണ ഓഹരികള്‍ വാങ്ങുന്നതു പോലെ ഡീമാറ്റ് അക്കൗണ്ട് രൂപത്തിലോ മാത്രമേ ഇത് സൂക്ഷിക്കാനാകൂ''. അതുകൊണ്ടുതന്നെ സ്വര്‍ണ നാണയമോ സ്വര്‍ണാഭരണമോ സൂക്ഷിക്കുമ്പോഴുള്ള മോഷണസാധ്യത സ്വര്‍ണ ബോണ്ടിനില്ലെന്ന് ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ് മേനോന് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനു വേണ്ടി റിസര്‍വ് ബാങ്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റ് ആയതിനാല്‍ നിക്ഷേപത്തിനും പലിശയ്ക്കും സര്‍ക്കാര്‍ ഗ്യാരണ്ടിയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2015 നവംബറില്‍ ആദ്യമായി സര്‍ക്കാര്‍ സ്വര്‍ണ ബോണ്ട് പുറത്തിറക്കിയപ്പോള്‍ ഒരു യൂണിറ്റ് ബോണ്ടിന്റെ നിരക്ക് 2684 രൂപയായിരുന്നു. അന്ന് 246 കോടി രൂപയ്ക്ക് തുല്യമായ ബോണ്ടുകളാണ് വിറ്റുപോയത്.