06 June Tuesday

കുടുംബത്തിന് എന്തെല്ലാം ഇന്‍ഷുറന്‍സ് വേണം?

പി ജി സുജUpdated: Sunday Jun 5, 2016

കുടുംബത്തിന് സാമ്പത്തിക സ്വയംപര്യാപ്തതയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അനിവാര്യമാണ്. എന്നാല്‍, ഒരു കുടുംബത്തിന് എന്തെല്ലാം ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും ഉണ്ടാവണം. തൊട്ടതിനെല്ലാം ഇന്‍ഷുറന്‍സ് പോളിസി ലഭിക്കുന്ന ഇക്കാലത്ത് നിര്‍ബന്ധമായും ഉണ്ടാകേണ്ടത് ഏതെല്ലാം പോളിസികള്‍ എന്ന ചോദ്യം പ്രസക്തമാണ്.
കുടുംബാംഗങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്കായി ആരോഗ്യപോളിസിയോ, ഫാമിലി ഫ്ളോട്ടര്‍ പോളിസിയോ നിര്‍ബന്ധമാണ്. അതുപോലെത്തന്നെ പ്രധാനപ്പെട്ടതാണ് വീട്ടിലെ വരുമാനമുള്ള അംഗത്തിന് പെട്ടെന്ന് ജീവഹാനി സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന് സാമ്പത്തികസുരക്ഷിതത്വം ഉറപ്പുനല്‍കുന്ന ടേം ഇന്‍ഷുറന്‍സ് പോളിസിയും. ഇതു രണ്ടുമാണ് കുടുംബത്തിന് അനിവാര്യമായി ഉണ്ടാകേണ്ട അടിസ്ഥാന സംരക്ഷണം നല്‍കുന്ന പോളിസികളെന്ന് ലളിതമായി പറയാം.
കുടുംബത്തെ സംബന്ധിച്ച് സംരക്ഷണത്തിനാണ് ഇന്‍ഷുറന്‍സിലൂടെ പ്രാധാന്യം നല്‍കേണ്ടത്. വരുമാനം ഉള്ളവര്‍ക്ക് അവിചാരിതമായി എന്തെങ്കിലും സംഭവിച്ചാല്‍ സാമ്പത്തികബാധ്യത, കൊടുത്തുതീര്‍ക്കാനുള്ള കടങ്ങള്‍ തുടങ്ങിയവയ്ക്കു പുറമെ ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകുക തുടങ്ങിയ യാഥാര്‍ഥ്യങ്ങള്‍ക്കൊക്കെ പരിരക്ഷ ലഭിച്ചേ മതിയാകൂ.

ടേം ഇന്‍ഷുറന്‍സ് പദ്ധതി


കുറഞ്ഞ പ്രീമിയം നിരക്കില്‍ കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുകയാണ് ബുദ്ധിപൂര്‍വമുള്ള നടപടി. പ്രീമിയം നിര്‍ണായക ഘടകമാണ്. റിസ്ക്കിനനുസരിച്ചാണ് പ്രീമിയം കൂടുന്നത്. നിശ്ചിത തുകയ്ക്ക് പരിരക്ഷ നല്‍കുന്ന ഫിക്സഡ് ടേം ഇന്‍ഷുറന്‍സ്, വായ്പയെടുക്കുന്നതിനനുസരിച്ച് ഇന്‍ഷുറന്‍സ് തുക കുറഞ്ഞുവരുന്ന രീതിയിലുള്ള ഡിക്രീസ്ഡ് സം അഷ്വേര്‍ഡ്, പണപ്പെരുപ്പം മറികടക്കാന്‍ ഓരോ വര്‍ഷവും നിശ്ചിതശതമാനം കൂടുതല്‍ അടയ്ക്കുന്ന ഇന്‍ക്രീസ്ഡ് സം അഷ്വേര്‍ഡ്,  വരുമാനദായകനായ പോളിസിയുടമയ്ക്ക് ജീവഹാനി സംഭവിച്ചാല്‍ പ്രതിമാസ വരുമാനം നല്‍കുന്ന മന്ത്ലി ഇന്‍കം പ്ളാന്‍ നല്‍കുന്ന പോളിസി തുടങ്ങിയ വ്യത്യസ്തങ്ങളായ ടേം പ്ളാനുകള്‍ ലഭ്യമാണ്. ടേം ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ വരുമാനം, പ്രായം, കാലാവധി എന്നിവയാണ് ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങള്‍. ശ്രദ്ധിക്കേണ്ട കാര്യം, ഇത്തരം പോളിസികള്‍ എടുക്കുമ്പോള്‍ പല കമ്പനികളുടെ പോളിസി താരതമ്യം ചെയ്തശേഷം മാത്രമേ തെരഞ്ഞെടുക്കാവൂ എന്നതാണ്.

ചെലവുകുറഞ്ഞ രീതിയില്‍ ഓണ്‍ലൈനായും ഇത്തരം പോളിസികള്‍ ലഭ്യമാണ്. ഇങ്ങനെ ഓണ്‍ലൈനായി വാങ്ങുമ്പോള്‍ നല്‍കുന്ന പ്രസ്താവനകള്‍ തികച്ചും സത്യസന്ധമാകണം. വിവിധ അസുഖങ്ങള്‍, പുകവലി, മദ്യപാനം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം കൃത്യമായി പൂരിപ്പിക്കണം. കാരണം, ഓണ്‍ലൈന്‍ പോളിസികളില്‍ ക്ളെയിം നിഷേധിക്കാനുള്ള പ്രവണത ഏറെയാണ്.
അതേസമയം, ഇന്‍ഷുറന്‍സ് ഉപദേശകര്‍വഴി വാങ്ങുന്ന പോളിസികളില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആധികാരിക രേഖയായി പരിഗണിച്ചാണ് ക്ളെയിം നല്‍കുക. ഐആര്‍ഡിഎയുടെ സൈറ്റില്‍ പോയി ക്ളെയിം തീര്‍പ്പാക്കല്‍ അനുപാതം ഏറ്റവും കൂടുതലുള്ള 10 കമ്പനികളില്‍ ഒരു കമ്പനി തെരഞ്ഞെടുക്കുന്നതാകും നല്ലത്. ഇന്‍ഷുറന്‍സില്‍നിന്നു ലഭിക്കേണ്ട സേവനമായ ക്ളെയിം കൃത്യമായി ലഭിക്കുന്ന പോളിസിയാകണം ലക്ഷ്യം. പ്രീമിയം മാത്രം പരിഗണനയിലെടുത്താല്‍ അവസാനം പരിരക്ഷ ലഭിക്കാതെവരും. മെഡിക്കല്‍ റിപ്പോര്‍ട്ടുകൂടിയുള്ള പോളിസി ആധികാരികത ഉറപ്പാക്കുന്നവയുമാണ്.


ഒരാള്‍ക്ക് എത്ര തുകയുടെ ടേം പരിരക്ഷ ആവശ്യമാണെന്നതും പലപ്പോഴും അറിയില്ലാത്ത കാര്യമാണ്. വ്യക്തിയുടെ പ്രതിമാസ വരുമാനത്തിന്റെ 100–120 ഇരട്ടി തുകവരെ സം അഷ്വേര്‍ഡ് ലഭിക്കുന്ന പോളിസി എടുക്കുന്നതാകും ഉചിതം.
നിലവില്‍ പോളിസിയുള്ള ആള്‍ പുതിയ പോളിസി എടുക്കുമ്പോള്‍ പഴയതിന്റെ വിശദാംശങ്ങള്‍ കാണിച്ച് ബാക്കി തുകയ്ക്കുള്ള പോളിസി എടുക്കുകയാണ് നല്ലത്. ഇവിടെയുള്ള മറ്റൊരു കാര്യം പ്രായംകൂടുന്തോറും സം അഷ്വേര്‍ഡ് തുക കുറയും. ചെറുപ്പക്കാര്‍ക്ക് 120 ഇരട്ടിവരെ സം അഷ്വേര്‍ഡ് കൊടുക്കുമ്പോള്‍ 50 വയസ്സുള്ളവര്‍ക്ക് അത്രയും കിട്ടില്ല. കമ്പനികള്‍ പോളിസി ഉടമയുടെ പ്രായം, വരുമാനം, റിസ്ക് എന്നീ ഘടകങ്ങള്‍ പരിഗണിച്ചശേഷം നിശ്ചയിക്കുന്ന തുക മാത്രമേ സം അഷ്വേര്‍ഡ് നല്‍കു. ഇക്കാര്യത്തില്‍ പോളിസി ഉടമയ്ക്ക് ഒന്നും ചെയ്യാനാകില്ല.

ആരോഗ്യ ഇന്‍ഷുറന്‍സ്

അച്ഛന്‍, അമ്മ, മക്കള്‍, പ്രായമായ മാതാപിതാക്കള്‍ ഇവരടങ്ങുന്ന കുടുംബത്തിന് ചികിത്സാചെലവുകള്‍ താങ്ങാനാവാത്ത അവസ്ഥവരുന്നത് നേരിടുകയാണ് ഇത്തരം പോളിസികളുടെ ലക്ഷ്യം. ഫാമിലി ഫ്ളോട്ടര്‍ പോളിസിയും ഇക്കൂട്ടത്തില്‍പ്പെടുന്നു. നിശ്ചിതതുക തെരഞ്ഞെടുത്താല്‍ ആ വര്‍ഷം മുഴുവന്‍ ആ പരിധിക്കുള്ളിലുള്ള തുക ചികിത്സക്കായി ഉപയോഗപ്പെടുത്താനാകും. 35–45 വയസ്സുവരെയുള്ളവര്‍ക്ക് ആരോഗ്യപരിശോധന കൂടാതെത്തന്നെ പോളിസിയെടുക്കാം.
നിലവിലുള്ള അസുഖങ്ങള്‍ക്ക്  മിക്കവാറും പോളിസികളിലും പരിരക്ഷ ലഭ്യമല്ല. നിലവിലുള്ള അസുഖമെന്നതിന്റെ നിര്‍വചനം പോളിസി എടുക്കുമ്പോള്‍ 48 മാസത്തിനുള്ളില്‍ വന്ന അസുഖമോ ചികിത്സിച്ചു ഭേദമാക്കിയ അസുഖമോ എന്നതാണ്. ജന്മനാ ഉള്ള അസുഖം ഇതിന്റെ പരിധിയില്‍വരില്ല. പോളിസി എടുത്ത് 30 ദിവസത്തിനുള്ളില്‍ അസുഖംവന്നാലും പരിരക്ഷ കിട്ടില്ല. എന്നാല്‍,അപകടമാണെങ്കില്‍ പോളിസി എടുത്ത അന്നുമുതല്‍ പരിരക്ഷ ലഭിക്കും. നാലുവര്‍ഷം കഴിഞ്ഞാല്‍ നിലവിലുള്ള അസുഖങ്ങള്‍ക്കും പരിരക്ഷ ലഭിക്കും.
ആരോഗ്യ പോളിസിയുടെയും സം അഷ്വേര്‍ഡ് തുക വ്യക്തിയുടെ വരുമാനത്തിനനുസരിച്ച് തെരഞ്ഞെടുക്കുക. അത് ചെറിയതോതില്‍ വര്‍ധിപ്പിക്കുകയുമാകാം. ഇത്തരം പോളിസികളില്‍ ക്ളെയിമില്ലെങ്കില്‍ ആര്‍ജിത ബോണസ് സൌകര്യം പ്രയോജനപ്പെടുത്താം. കാരണം ഒരുലക്ഷം രൂപയ്ക്ക് അഞ്ചുശതമാനം ആര്‍ജിത ബോണസ് ലഭിക്കുമെങ്കില്‍ നാലുവര്‍ഷം കഴിയുമ്പോള്‍ 1.2 ലക്ഷം രൂപയുടെ ക്ളെയിം ലഭിക്കും. എപ്പോഴും അസുഖം വന്നുകഴിഞ്ഞ് പോളിസി എടുക്കുന്നതിലും നല്ലത് ആരോഗ്യത്തോടെ, പണിചെയ്ത് വരുമാനമുണ്ടാക്കുമ്പോള്‍ പോളിസി എടുക്കുന്നതാണ്. കാരണം, ഇന്നത്തെ ജീവിതരീതി, ഭക്ഷണശൈലി, മാനസികസമ്മര്‍ദങ്ങള്‍, മലിനീകരണം തുടങ്ങിയവ കാരണം എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും അസുഖം പിടിപെടാം. മറുവശത്ത് ചികിത്സാചെലവ് റോക്കറ്റ്പോലെ കുതിച്ചുയരുകയുമാണ്.

ഫാമിലി ഫ്ളോട്ടര്‍  പോളിസി


ഒരു പോളിസികൊണ്ട് കുടുംബത്തിലെ കൂടുതല്‍ പേര്‍ക്ക്   കവറേജ് ഉറപ്പാക്കാന്‍ സഹായിക്കുന്ന പോളിസിയാണ് ഫാമിലി  ഫ്ളോട്ടര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി. 
 പോളിസിയുടമ, ജീവിതപങ്കാളി, രണ്ട് അല്ലെങ്കില്‍ മൂന്നു മക്കള്‍ എന്നിവര്‍ക്കാണ് ഫ്ളോട്ടര്‍ പോളിസി സാധാരണ ലഭ്യമാക്കുക. പോളിസി ഉടമയുടെ ആശ്രിതരായ മാതാപിതാക്കള്‍ക്ക് ഈ പോളിസിവഴി കവറേജ് നേടാന്‍കഴിയില്ലെങ്കിലും എക്സ്റ്റന്‍ഡ്  ഫാമിലി ഫ്ളോട്ടര്‍ പ്ളാനിലൂടെ ആശ്രിതരായ മാതാപിതാക്കളടക്കം ആറംഗ കുടുംബത്തിന് കവറേജ് ഉറപ്പാക്കാനാകും. പോളിസി ഉടമയുടെ സ്വന്തം മാതാപിതാക്കളെയോ  ജീവിതപങ്കാളിയുടെ മാതാപിതാക്കളെയോ  ഇത്തരത്തില്‍ കവറേജില്‍ ഉള്‍പ്പെടുത്താം.
 ഒരു പോളിസിയില്‍ ഒരു നിശ്ചിത സം അഷ്വേര്‍ഡാകും ഉണ്ടാകുക. അത് കുടുംബത്തിലുള്ള  മൊത്തം അംഗങ്ങള്‍ക്കും ഉപയോഗപ്പെടുത്താം. അതായത്, നാല് അംഗങ്ങളുള്ള ഒരു കുടുംബം ഒരുലക്ഷം രൂപയുടെ കവറേജ് ഒരു നിശ്ചിത പ്രീമിയത്തില്‍ എടുത്തുവെന്നിരിക്കട്ടെ. നാലുപേരില്‍  ആര്‍ക്ക് രോഗംവന്നാലും കവറേജ് ഉറപ്പാക്കാം. അതല്ല, ഒരുവര്‍ഷം രണ്ടോ മൂന്നോ, അതല്ല നാലു പേര്‍ക്കും രോഗചികിത്സ വേണ്ടിവന്നാല്‍  കവറേജ് എല്ലാവര്‍ക്കുമായി ഉപയോഗിക്കാം. പക്ഷേ, പരമാവധി ഒരുലക്ഷം രൂപവരെയേ ഇത്തരത്തില്‍ ലഭിക്കൂ. ബാക്കി തുക കൈയില്‍നിന്ന് നല്‍കേണ്ടിവരും.
  മൂന്നുമാസം പ്രായമുള്ള കുട്ടിക്കുമുതല്‍ ഈ പോളിസിയില്‍ അംഗമാകാം. 76 വയസ്സുവരെ കവറേജ് നേടാം. എന്നാല്‍, കുട്ടികള്‍ക്ക് 25 വയസ്സുവരെ മാത്രമേ ഫാമിലി ഫ്ളോട്ടറില്‍ തുടരാനാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top