21 May Tuesday

ജറ്റ് എയർവേസിന്റെ തകര്‍ച്ച പഴം, പച്ചക്കറി കയറ്റുമതിക്ക് തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Saturday Apr 27, 2019

കൊച്ചി> രാജ്യത്തെ പ്രമുഖ സ്വകാര്യ എയർലൈനായിരുന്ന ജെറ്റ് എയർവേസിന്റെ തകർച്ച രാജ്യത്തുനിന്നുള്ള പഴം, പച്ചക്കറി കയറ്റുമതിക്ക് തിരിച്ചടിയാകുന്നു.  മുംബൈയിൽനിന്ന‌് ലണ്ടൻ, പാരീസ്, സിങ്കപ്പുർ, ആംസ്റ്റർഡാം തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പഴം, പച്ചക്കറി കയറ്റുമതിയുടെ  പകുതിയും ജെറ്റ് ‌എയർവേസിലൂടെയായിരുന്നു. ഏതാണ്ട് 50 ടൺ പച്ചക്കറികളാണ് ദിനംപ്രതി മുംബൈയിൽനിന്ന‌് ലണ്ടനിലേക്ക് വിമാനമാർ​ഗം അയച്ചിരുന്നത്. ലണ്ടനിലേക്ക് ദിവസവും മൂന്ന് സർവീസ് നടത്തിയിരുന്ന  ജെറ്റ് എയർവേസായിരുന്നു ഈ കയറ്റുമതിയുടെ മുക്കാൽ പങ്കും കൈകാര്യം ചെയ്തിരുന്നത്.

ജെറ്റ് എയർവേസ്  17ന് സർവീസ് അവസാനിപ്പിച്ചതോടെ മറ്റ് എയർലൈനുകൾ ചരക്കുനീക്കത്തിനുള്ള നിരക്കിൽ വൻ വർധന വരുത്തി.  കിലോയ്ക്ക് 70-- 80 രൂപയായിരുന്ന നിരക്ക‌്, ജെറ്റ് കളംവിട്ടതോടെ 100 രൂപയ്ക്ക് മുകളിലായെന്ന‌് ഈ രംഗത്തുള്ളവർ പറയുന്നു. ഇത്  പഴം, പച്ചക്കറി കയറ്റുമതിക്കാർക്ക് അവരുടെ അന്താരാഷ‌്ട്ര വാണിജ്യ പങ്കാളികളുമായുള്ള ധാരണപ്രകാരം ചരക്ക് കൊടുക്കാനാകാത്ത സ്ഥിതി ഉണ്ടാക്കിയിട്ടുണ്ട‌്. അ​ഗ്രികൾച്ചറൽ ആൻഡ‌് പ്രൊസസ‌്ഡ് ഫുഡ് പ്രൊഡക്റ്റ് എക‌്സ‌്‌പോർട്ട‌്  ഡെവലപ‌്‌മെന്റ‌്  അതോറിറ്റി (എപിഇഡിഎ)യുടെ കണക്കുപ്രകാരം 2018 -- 19 സാമ്പത്തികവർഷം ഇന്ത്യയിൽനിന്നുള്ള പഴം പച്ചക്കറി കയറ്റുതി  6,696.09 കോടി  രൂപയുടേതായിരുന്നു ( 27,21,766.06 ടൺ).

വില ഉയർത്താൻ കയറ്റുമതിക്കാർ നിർബന്ധിതരാകുന്നതോടെ അന്താരാഷ‌്ട്ര വിപണിയിൽ ഇന്ത്യയിൽനിന്നുള്ള പഴം, പച്ചക്കറി എന്നിവയുടെ ഡിമാൻഡ‌് കുറയുന്ന സാഹചര്യമുണ്ട്. ഇത് കർഷകരെയും ചെറുകിട, മൊത്തക്കച്ചവടക്കാരെയും ഒരുപോലെ ബാധിക്കും.
ചരക്കുനീക്കത്തിനുള്ള നിരക്കുവർധന മറ്റ് കയറ്റുമതി ഇനങ്ങളെയും ബാധിക്കുമെന്നതിനാൽ ജെറ്റ് എയർവേസിന്റെ തകർച്ച വൈകാതെ രാജ്യത്തെ വിവിധ വാണിജ്യ, വ്യവസായ മേഖലകളിൽ പ്രതിസന്ധി സ‌ൃഷ്ടിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
1993  മെയ് അഞ്ചിന് പ്രവർത്തനം ആരംഭിച്ച ജെറ്റ് എയർവേസ്  17ന് സർവീസ് അവസാനിപ്പിക്കുമ്പോൾ അവർക്ക് ഇരുപതിനായിരത്തിലധികം ജീവനക്കാരും 115 വിമാനങ്ങളുമാണ് ഉണ്ടായിരുന്നത്.


പ്രധാന വാർത്തകൾ
 Top