31 March Friday

'മന്ത്രിയ്ക്കും മധുവിധു രാത്രി'യിലെ ചിരിയും നോവും

മനോജ് കോമത്ത്Updated: Tuesday Jul 5, 2016
മനോജ്‌ കോമത്ത്

മനോജ്‌ കോമത്ത്

വരികളില്‍ സംഗീതം ചേര്‍ത്തു പാട്ടുണ്ടാക്കുമ്പോള്‍ ഉച്ചാരണവും പദപാദ വിഭജനവും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.  ചിലപ്പോള്‍ വിചാരിക്കാത്ത അക്കിടി പറ്റിയെന്നും വരും. അത്തരത്തില്‍ ഒരു ഗാനത്തെപ്പറ്റി പറയാം. പാട്ടില്‍ അനിവാര്യമായി വന്ന ഒരു അഡ്ജസ്റ്റ്‌മെന്റ്  നമ്മളില്‍ ചിരി പടര്‍ത്തുമെങ്കിലും ആ പാട്ടിന്റെ പിറവിയ്ക്കു പിന്നിലെ നോവിന്റെ തീവ്രത അറിയുമ്പോള്‍ ചിരി മായും.

1976 ല്‍ ഇറങ്ങിയ 'ചോറ്റാനിക്കര അമ്മ'യിലേതാണ് ഈ ഗാനം. എഴുതിയത് ഭരണിക്കാവ് ശിവകുമാര്‍

അവസരങ്ങള്‍ ഏറെയൊന്നും കിട്ടിയിരുന്നില്ലെങ്കിലും വയലാര്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ അദ്ദേഹത്തോട് ആരോഗ്യകരമായി മത്സരിച്ചു മികച്ച കുറെ പാട്ടുകള്‍ സംഭാവന ചെയ്ത ഗാനരചയിതാവ് . ആദ്യരാവിന്റെ ചൂര് പേറുന്ന ഈ വരികള്‍ ഒരു പക്ഷെ, അദ്ദേഹത്തിന്റെ ഏറ്റവും മികച്ച,  മലയാളത്തിലെ എടുത്തു പറയാവുന്ന ഒരു ലിറിക് ആവും.
'മനസ്സു മനസ്സിന്റെ കാതില്‍
രഹസ്യങ്ങള്‍ മന്ത്രിയ്ക്കും മധുവിധുരാത്രി
നഖമുള്ള നമ്മുടെ രാഗവികാരങ്ങള്‍  
നീഹാരമണിയുന്ന രാത്രി..'

ആര്‍. കെ. ശേഖറിന്റേതാണ് ഈണം.  ഗാനസന്ദര്‍ഭത്തിനു വളരെയേറെ തീവ്രത നല്‍കുന്ന ആലാപനവും പശ്ചാത്തലസംഗീതവും. ശേഖറിന്റെ മികച്ച ഗാനങ്ങളില്‍ ഒന്ന്.
പക്ഷെ ഒരു കുഴപ്പം മാത്രം. താളം കണക്കാക്കി വരികള്‍ മുറിച്ചപ്പോള്‍ പാട്ട് ഇങ്ങനെ ആയി :
'മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
മന്ത്രിക്കും മധുവിധുരാത്രി; മന്ത്രിക്കും മധുവിധുരാത്രി... '
കേള്‍ക്കുന്നയാള്‍ മന്ത്രിയുടെ വ്യക്തി ജീവിതത്തെപ്പറ്റിയാണ്‌ കവി പരാമര്‍ശിച്ചതെന്നു തെറ്റിദ്ധരിച്ചു പോകും (അതും, സംഗതി രണ്ടുപ്രാവശ്യം ആവര്‍ത്തിക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ പ്രത്യേകിച്ചും ശ്രദ്ധിക്കും) !
ഈ വരി മുറിക്കല്‍ രസം കാരണം കേള്‍ക്കുമ്പോഴൊക്കെ ചിരിവരുമായിരുന്നു. പത്തുപന്ത്രണ്ടു വര്‍ഷം മുമ്പാകണം, ദൂര്‍ദര്‍ശനില്‍ ഭരണിക്കാവിന്റെ ഒരു നീണ്ട അഭിമുഖം വന്നിരുന്നു. അതില്‍ ഈ പാട്ടിനെപ്പറ്റി പരാമര്‍ശിച്ച്  'അതെഴുതിയ ശേഷം മന്ത്രിമാര്‍ക്കൊക്കെ എന്നോടു ദേഷ്യമായി ...' എന്ന് പറഞ്ഞുകേട്ടപ്പോള്‍ പൊട്ടിച്ചിരിച്ചു പോയി.  2007 ല്‍ അദ്ദേഹം അന്തരിച്ച ശേഷം ദൂര്‍ദര്‍ശന്‍ ഈ ഇന്റര്‍വ്യൂ ആവര്‍ത്തിച്ചിരുന്നു.   

ഭരണിക്കാവ് ശിവകുമാര്‍ ആള്‍ പരമരസികനാണ് . നന്നായി മെലിഞ്ഞു നീണ്ട രൂപം. പോരാഞ്ഞു മുടി മേലോട്ട് ചീകി ഉയരത്തില്‍ ഒരു
ഭരണിക്കാവ് ശിവകുമാര്‍

ഭരണിക്കാവ് ശിവകുമാര്‍

'കുരുവിക്കൂടും' (പഴയ പ്രമുഖ ഹെയര്‍ സ്റ്റയില്‍).  സ്വയം വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇപ്രകാരം : 'സോഡാക്കുപ്പിയുടെ ഷേപ്പില്‍ ഇരിക്കുന്ന ഈ എന്നെ നാട്ടുകാരൊക്കെ 'ഭരണിച്ചേട്ടന്‍' എന്നാ വിളിക്കുന്നെ....'. ആ അഭിമുഖത്തില്‍ തന്റെ പാട്ടുകളുടെ പിറവിയെക്കുറിച്ചു വിശദമായി വിവരിക്കുകയും ചെയ്തു. ഭാഷയില്‍ ബിരുദാനന്തരബിരുദം എടുത്ത ശേഷം സിനിമാ മോഹം തലക്കു പിടിച്ചു കോടമ്പാക്കത്തേക്കു വണ്ടി കയറി. അവസരത്തിന് കാത്തിരുന്നു. 'ചെണ്ട' എന്ന ചിത്രത്തില്‍ (1973) വിന്‍സെന്റ് മാഷ് പുതിയ പാട്ടെഴുത്തുകാരെ പരീക്ഷിക്കുന്നുണ്ടെന്ന് കേട്ടു ചെന്നതാണ്. വയലാറിന്റെയും ഭാസ്കരന്റെയും പാട്ടുകള്‍ക്കൊപ്പം ദേവരാജന്‍ സംഗീതം നല്‍കാനായി തിരഞ്ഞെടുത്തത് ശിവകുമാര്‍ എന്ന യുവകവിയുടെ വരികള്‍ ! ... 'പഞ്ചമിതിരുനാള്‍ മദനോത്സവതിരുനാള്‍... പ്രാസവും പദഗാംഭീര്യവും ഒക്കെ ചേരുന്ന '... നാല്‍പ്പാമരക്കുളിര്‍ പൊയ്കയില്‍ നാണിച്ചു വിടരും പൂക്കളേ ...' എന്നിങ്ങനെ പോകുന്ന വരികള്‍. പിന്നീടൊരിക്കല്‍ നേരിട്ടു കണ്ടപ്പോള്‍ വയലാര്‍ തന്നെ തിരിച്ചറിഞ്ഞു 'ആ 'നാല്‍പ്പാമരക്കുളിര്‍ പൊയ്ക' ഉഷാറായിട്ടുണ്ട് കേട്ടോ' എന്നു പറഞ്ഞത് 'ഭരണിച്ചേട്ടന്‍' രോമാഞ്ചത്തോടെയാണ് ഓര്‍ത്തത്.          

'മന്ത്രിക്കും മധുവിധു ..' വിലേക്ക് മടങ്ങി വരാം. ആ ഗാനം എഴുതിയ രംഗം ഭരണിക്കാവ് വിവരിച്ചതോടെ, എന്നിലെ ചിരി മാഞ്ഞുപോയി. ആര്‍. കെ. ശേഖറിന്റെ അവസാന ഗാനമായിരുന്നു അത്.
 
ശേഖറിനെ മലയാളസിനിമയിലെ പഴയ കുറച്ചു നല്ല ഗാനങ്ങള്‍ ചെയ്ത സംഗീതസംവിധായകന്‍ എന്ന നിലയിലാണ് സംഗീതപ്രേമികള്‍ അറിയുന്നത്. ഇപ്പോള്‍ എ ആര്‍ റഹ്‌മാന്റെ പിതാവ് എന്ന നിലയിലും. പക്ഷെ യഥാര്‍ത്ഥത്തില്‍ സിനിമയിലെ അറിയപ്പെടുന്ന മ്യുസിക് അറേന്‍ജറായിരുന്നു അദ്ദേഹം. 1960കളുടെ തുടക്കം തൊട്ട് 1976 വരെ മലയാള സിനിമാ സംഗീതത്തിന്റെ നട്ടെല്ല് ശേഖര്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍ തെറ്റില്ല. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, സലില്‍ ചൗധരി, എം കെ അര്‍ജുനന്‍, എ ടി ഉമ്മര്‍ ... ഇങ്ങനെ നമ്മള്‍ ആരാധിക്കുന്ന സംഗീതസംവിധായകതാരനിരയുടെ ഹിറ്റ്‌ പാട്ടുകള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിക്കൊടുത്തത് ആര്‍. കെ. ശേഖര്‍ ആയിരുന്നു.

സംഗീത സംവിധായകന്‍ ആദ്യം പാട്ടിനു ഈണമിടും (അല്ലെങ്കില്‍ ഈണത്തിനു ഒപ്പിച്ചു പാട്ടെഴുതിക്കും). പിന്നെയാണ് 'പ്രതിസന്ധി' തുടക്കം മുതല്‍ ഒടുക്കം വരെ ഉപകരണ സംഗീതം വേണം. പല്ലവിക്കും ചരണത്തിനും ഇടയില്‍ പ്രത്യേകം ഒര്‍ക്കെസ്‌ട്ര വായന വേണം. വെറുതെ പക്കമേളക്കാരെ വിളിച്ചാല്‍ ശരിയാവില്ല. മുന്‍പത്തെ പാട്ടുകളുമായി സാമ്യം വരാത്ത പുതുമയുള്ള ട്യുണും പശ്ചാത്തല സംഗീതവും ഉണ്ടെങ്കിലെ പ്രേക്ഷകര്‍ അംഗീകരിക്കൂ. ഏതേതു വാദ്യങ്ങള്‍ എപ്പോഴൊക്കെ എന്തൊക്കെ ഈണങ്ങള്‍ വായിക്കണം എന്ന പ്ലാന്‍ ഉണ്ടാക്കിക്കൊടുക്കുന്നത് അറേന്‍ജറാണ്. വരികളിലെ ഈണത്തിന്റെ ഘടനക്കു സമാന്തരമായി വാദ്യസംഗീതം ഒരുക്കലും  (ഹാര്‍മോണൈസേഷന്‍) അതു താളക്രമവുമായി സമ്മേളിപ്പിക്കലും (സിങ്കൊപ്പേഷന്‍) കൃത്യമായെങ്കില്‍ മാത്രമേ പാട്ടിനു ആസ്വാദ്യതയും ആകര്‍ഷണീയതയും ഉണ്ടാകൂ. ഇതിനു മുന്‍കൂര്‍ സമവാക്യങ്ങള്‍ ഒന്നുമില്ല. സംഗീതത്തിലെ ജ്ഞാനവും മനോധര്‍മവും മാത്രം ശരണം. അതുകൊണ്ട് തന്നെ ഈ രംഗത്ത്‌ വിരലെണ്ണാവുന്നവര്‍ മാത്രമേ ശോഭിക്കുകയുള്ളൂ. ജോലി ഭംഗിയായി ചെയ്താലും ക്രെഡിറ്റ് മുഖ്യസംഗീതസംവിധായകന് പോകും !

ഇത്തരത്തില്‍ നമ്മുടെ മനസ്സിനെ രസിപ്പിച്ചു ഗാനങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരുന്ന പ്രതിഭാധനനായ അറേന്‍ജറായിരുന്നു ശേഖര്‍.

ബ്രഹ്മാനന്ദന്‍, വി ദക്ഷിണാമൂര്‍ത്തി, യേശുദാസ് എന്നിവര്‍ക്കൊപ്പം ആര്‍ കെ ശേഖര്‍ (നടുവില്‍)

ബ്രഹ്മാനന്ദന്‍, വി ദക്ഷിണാമൂര്‍ത്തി, യേശുദാസ് എന്നിവര്‍ക്കൊപ്പം ആര്‍ കെ ശേഖര്‍ (നടുവില്‍)

ഏറ്റെടുത്ത ജോലി ഭംഗിയായി ചെയ്തു സമയത്തിന് തീര്‍ത്ത് കൊടുക്കാന്‍ വേണ്ടി അദ്ദേഹം രാപകല്‍ പണിയെടുത്തു. മാത്രമല്ല, അന്ന് സിനിമാ മ്യുസിഷ്യന്‍സിനു കിട്ടുന്ന വരുമാനം നോക്കിയാല്‍ കുടുംബം പുലര്‍ത്താന്‍ ഓവര്‍ടൈം എടുത്താലേ രക്ഷയുള്ളൂ. മിക്കപ്പോഴും ഇടവേളകളില്‍ കട്ടന്‍ ചായയും ബ്രെഡും മാത്രം കഴിച്ചു  റെക്കോര്‍ഡിംങ്ങിനായി നിരന്തരം ഓടിനടക്കും. അമിതായാസം കാരണം  കലശലായ വയറുവേദന കൂട്ടിനു വന്നു.  സ്റ്റുഡിയോകളില്‍ വയര്‍ അമര്‍ത്തി വളഞ്ഞുകുത്തി ഇരുന്നു വേദന കടിച്ചമര്‍ത്തുന്ന കാര്യം സഹപ്രവര്‍ത്തകര്‍ പരാമര്‍ശിച്ചു കണ്ടിട്ടുണ്ട്.

അദ്ദേഹം വല്ലപ്പോഴും മാത്രമേ സംഗീത സംവിധായകന്റെ കുപ്പായം അണിഞ്ഞിരുന്നുള്ളൂ. ഒന്നാമതായി പാട്ട് ട്യുണ്‍ ചെയ്യുന്നയാള്‍ക്ക് അറെന്‍ജറെക്കൊണ്ട് പണിയെടുപ്പിക്കാം; പക്ഷെ മറിച്ചു ചെയ്യിക്കാന്‍ ബുദ്ധിമുട്ടാണ്. രണ്ടാമത്, സിനിമയില്‍ മുതിര്‍ന്നവര്‍ കളിക്കുന്ന തട്ടകത്തില്‍ അവരുടെ അനുവാദം ഇല്ലാതെ താഴെയുള്ളവര്‍ കയറി പയറ്റുകയില്ല.  നിര്‍മാതാക്കള്‍ കരാര്‍ കൊടുത്ത സംഗീതസംവിധായകര്‍ക്ക് കാര്യം ചെയ്യാന്‍ പറ്റാതെ വരുമ്പോള്‍ മാത്രം, അവരുടെ അനുവാദത്തോടെ മാത്രം, ശേഖര്‍ വര്‍ക്ക് ഏറ്റെടുക്കും. അത്തരത്തില്‍ കിട്ടിയ അവസാന അവസരമായിരുന്നു 'ചോറ്റാനിക്കര അമ്മ'യുടേത്.
 
ആ പടത്തിലെ 'മനസ്സു മനസ്സിന്റെ കാതില്‍ ... ' ചിട്ടപ്പെടുത്തിയ അനുഭവം ഭരണിക്കാവ് ശിവകുമാര്‍ ദൂരദര്‍ശന്‍ അഭിമുഖത്തില്‍ വിവരിച്ചത് ഇങ്ങനെ:
നമ്മുടെ ധാരണ അനുസരിച്ചു സിനിമാ പാട്ടുണ്ടാക്കുന്നത് ഹോട്ടല്‍ മുറിയില്‍ നിര്‍മാതാവിന്റെ ചെലവില്‍ ('അഴകിയ രാവണ' നിലെയും മറ്റും രംഗങ്ങള്‍ ഓര്‍ക്കുക) ഹാര്‍മോണിയത്തിനു ചുറ്റും ഇരുന്ന് 'സിപ്പും' നുണഞ്ഞു കൊണ്ട് ആഘോഷപൂര്‍വ്വം ആയിരിക്കും . പക്ഷെ ഇവിടെ 'ഭരണിച്ചേട്ടന്‍' ശേഖറിന്റെ വാടക വീട്ടില്‍ ഇരുന്നാണ് ഗാന രചന നിര്‍വഹിക്കുന്നത് . സ്വതവേ സ്റ്റുഡിയോ ഫ്ലോറില്‍ തന്നെ സമയം കഴിക്കാറുള്ള ശേഖര്‍ അസുഖം മൂര്‍ഛിച്ച് കിടപ്പിലായതിനാലാണ് ജോലി വീട്ടില്‍ ആക്കിയത്. വയറുവേദന കാന്‍സറിന്റെ ഉപദ്രവമായിരുന്നു എന്നു മനസ്സിലായത് വൈകിയാണ്. അന്നദ്ദേഹത്തിനു പ്രായം നാല്‍പ്പത്തിരണ്ട്.

ആ താമസസ്ഥലത്തിന് വീടെന്നും പറയാനാവില്ല ഇടുങ്ങിയ വൃത്തിഹീനമായ തെരുവിലേക്ക് തുറക്കുന്ന രണ്ടുമുറി ഷെഡ്‌. കോടമ്പാക്കത്തു സിനിമ കൊണ്ട് ഉപജീവനം കഴിച്ചിരുന്ന മറ്റ് ആയിരങ്ങള്‍ തങ്ങിയിരുന്നത് പോലെ ഒരു വാടകക്കൂട്. അതില്‍ പുറത്തെ മുറിയില്‍ ചിതറിക്കിടക്കുന്ന സംഗീത ഉപകരണങ്ങള്‍ക്കിടയില്‍ ഇട്ടിരിക്കുന്ന പൊളിഞ്ഞു തുടങ്ങിയ സോഫയില്‍, ഇരിക്കാന്‍ പറ്റുന്നൊരു ഭാഗത്ത്‌,  കടലാസും പേനയുമായി ശിവകുമാര്‍. താഴെ അഴുക്കും പൊടിയും നിറഞ്ഞ തറയില്‍ വിരിച്ചിട്ടുള്ള പഴയ പിഞ്ഞിയ കോസറിയില്‍ ശേഖര്‍ കിടക്കുന്നു കാന്‍സറിന്റെ നീരാളിക്കൈകള്‍ കരളിനെ തിന്നു തീര്‍ക്കാറായ അവസ്ഥ. ലിവര്‍ സിറോസിസ്സിന്റെ ഫലമായി ചീര്‍ത്ത വയറും കരുവാളിച്ച ദേഹവും. അരയില്‍ പേരിനൊരു തുണി മാത്രം (ശരീരമാകെ നീര് വച്ചത് കൊണ്ടും അസ്വസ്ഥത കൊണ്ടും വസ്ത്രം ധരിക്കാന്‍ വയ്യായിരുന്നു). പൂര്‍ണബോധം ഉണ്ടോ എന്ന് പോലും ഉറപ്പിക്കാനാകാത്ത വിധം അവശന്‍. തൊണ്ടയില്‍ ശ്വാസം കയറുന്നതും ഇറങ്ങുന്നതും കേള്‍ക്കാം. അതിനിടയില്‍ ട്യുണ്‍ മൂളുന്നുണ്ട്.
ആര്‍ കെ ശേഖര്‍ മക്കളായ എ ആര്‍ റഹ്മാനും ഫാത്തിമയ്ക്കുമൊപ്പം

ആര്‍ കെ ശേഖര്‍ മക്കളായ എ ആര്‍ റഹ്മാനും ഫാത്തിമയ്ക്കുമൊപ്പം

ശിവകുമാര്‍ വരി പറഞ്ഞു കൊടുക്കുന്നു; ശേഖര്‍ ആ കിടപ്പില്‍ അതിനൊത്ത ഈണം മൂളുന്നു. തെരുവില്‍ അടുത്തുള്ള ഒരു അസിസ്റ്റന്റ്‌ ഇടക്കിടെ വന്ന് ശേഖറിന്റെ അടുത്തു കുനിഞ്ഞിരുന്നു പൂര്‍ത്തിയായ വരികളുടെ നോട്ടേഷന്‍ എഴുതിവെക്കും. എട്ടുവയസ്സുകാരന്‍ മകന്‍ ദിലീപ് (റഹ്‌മാന്റെ ആദ്യപേര്) ഓടിക്കളിക്കുന്നു. വരി എഴുതി വായിച്ചും മൂളിയും ഒടുവില്‍ രാത്രി വൈകി എപ്പോഴോ പാട്ടിന്റെ ചിട്ടപ്പെടുത്തല്‍ അവസാനിച്ചു.

ശേഖര്‍ സ്വബോധം വരാതെ അതേ കിടപ്പില്‍ കിടന്നു. പിന്നീട് ആഴ്ചകളോളം ആശുപത്രിയില്‍. സിനിമാ ജോലി വൈകിക്കാന്‍ പറ്റാത്തതിനാല്‍ ('ദ ഷോ മസ്റ്റ് ഗോ ഓണ്‍' എന്നാണല്ലോ സര്‍ക്കസിലെ എന്നപോലെ സിനിമയിലെയും പ്രമാണം) ചിരസുഹൃത്തായ അര്‍ജുനന്‍ 'മനസ്സു മനസ്സിന്റെ കാതില്‍ ... ' സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്തു പുറത്തിറക്കി. അതു കേള്‍ക്കാനുള്ള സ്വബോധം കൈവരാതെ തുടര്‍ച്ചയായ ശസ്ത്രക്രിയകള്‍ക്കൊടുവില്‍  1976 സപ്തംബര്‍ 30 നു ശേഖര്‍ അന്തരിച്ചു.
 
തന്റെ ജീവിതത്തിലെ ഏറ്റവും അലട്ടുന്ന ഓര്‍മയായി ഭരണിക്കാവ് ശിവകുമാര്‍ അതിനെ അവതരിപ്പിച്ചത് കേട്ട ശേഷം ആ പാട്ട് കേള്‍ക്കുമ്പോള്‍ 'മന്ത്രിക്കും മധുവിധു' പ്രയോഗം ചിരി ഉണര്‍ത്താറില്ല. പകരം മനസ്സിനെ കൊളുത്തിപ്പിടിക്കുന്ന ആ രംഗം, മരണക്കിടക്കയില്‍ കിടന്നും ഒരു പ്രതിഭാധനന്‍ തന്റെ കര്‍ത്തവ്യം നിറവേറ്റിക്കൊണ്ട് ഊര്‍ധ്വന്‍ വലിക്കുന്നതിനിടയില്‍ ഈണം മൂളുന്നത് ഓര്‍മ്മവരും.
 
*  *  *   *   *   *   *
 
ശേഖറിന് ശേഷം
 
അതിലേറെ മനസ്സിനെ സ്പര്‍ശിക്കുന്നത് ശേഖറിന്റെ കുടുംബത്തിന്റെ അവസ്ഥയാണ്. ആ മരണത്തോടെ കുടുംബം ദാരിദ്യത്തിലേക്കും അനാഥത്വത്തിലേക്കും കൂപ്പുകുത്തി. (ഒടുവില്‍ കുടുംബം മതം മാറുകയായിരുന്നു. അങ്ങനെ മകന്‍ ദിലീപ് 'അല്ലാ രഖ റഹ്‌മാന്‍' ആയി. വളരെ ചെറു പ്രായത്തില്‍ തന്നെ വരുമാനത്തിന് ഉപകരണ സംഗീതം ശീലിക്കേണ്ടിയും വന്നു). ദക്ഷിണേന്ത്യന്‍ ചലച്ചിത്രസംഗീതത്തിലെ ഏറ്റവും തിരക്കുള്ള ഒരാളുടെ ഗതിയാണിത് എന്ന് കാണുക അദ്ദേഹത്തിന്റെ അത്രയും വര്‍ക്ക് ലഭിക്കാത്ത, വല്ലപ്പോഴും പാട്ടിനിടയില്‍ ചെറിയ ബിറ്റ് കിട്ടുന്നതും പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന കോടമ്പാക്കത്തെ മറ്റു ഇന്‍സ്ട്രമെന്റലിസ്റ്റുകളുടെ കാര്യം എന്തായിരുന്നിരിക്കണം ?  

മധ്യവയസ്സിലെത്തും മുന്‍പാണ് ശേഖര്‍ വിടപറയുന്നത്. ഇതിലും മുതിര്‍ന്ന പ്രായത്തില്‍ അഭിനേതാക്കളും മറ്റു കലാകാരന്മാരും മരിച്ചാല്‍ 'തീരാനഷ്ടം, തീരാനഷ്ടം' എന്ന് പറയുന്ന മാധ്യമങ്ങള്‍ക്ക് ശേഖറിന്റെ മരണം, ഏതാനും നല്ലപാട്ടുകള്‍ ഈണമിട്ട സംഗീത സംവിധായകന്റെ വിടപറയല്‍ മാത്രമായിരുന്നു. ഒരു അറെന്‍ജര്‍ എന്ന നിലയില്‍ മലയാളചലച്ചിത്രഗാനശാഖയ്ക്ക് അദ്ദേഹം നല്കിയ സംഭാവന വിലയിരുത്തപ്പെട്ടില്ല. (സ്വാഭാവികമായും ആര്‍ കെ ശേഖറിന്റെ അസ്തിത്വം മറവിയിലേക്ക് മായുകയും ചെയ്തു.
എ ആര്‍ റഹ്‌മാന്‍  ഒരു താരമായി ഉദിച്ച സമയത്താണ് പ്രേക്ഷകലോകം ശേഖറിനെ വീണ്ടും ഓര്‍ക്കുന്നത്). അക്ഷരാര്‍ത്ഥത്തില്‍ അതൊരു തീരാനഷ്ടം തന്നെയായിരുന്നു പ്രത്യേകിച്ച് ശേഖറിനെ എല്ലായ്‌പ്പോഴും ആശ്രയിച്ചിരുന്ന ദേവരാജനും അര്‍ജുനനും എ ടി ഉമ്മറിനും ഒക്കെ. നാലഞ്ചു വര്‍ഷത്തിനകം ജോണ്‍സണ്‍ അറെന്‍ജര്‍ ആയി വന്നതോടെയാണ് ദേവരാജന്റെയും അര്‍ജുനന്റെയും ഗാനങ്ങള്‍ക്ക് പുനര്‍ജ്ജന്മം വന്നത്. അതിനിടയിലെ ശൂന്യത നികത്താന്‍ ശേഖറിന്റെ സഹായിമാര്‍, പ്രത്യേകിച്ച് ഫ്ലൂട്ടിസ്റ്റ് ഗുണസിംഗിനെപ്പോലെ ഉള്ളവര്‍ പരിശ്രമിച്ചു.
 
ശേഖറിന്റെ വിയോഗം മലയാള ചലചിത്ര സംഗീത രംഗത്തു ഒരു 'വികേന്ദ്രീകരണ'ത്തിന് വഴിവച്ചു എന്നാണ് ഞാന്‍ നിരീക്ഷിക്കുന്നത്. അന്നോളം, ഹാര്‍മോണിയം വായിച്ചു വരികള്‍ക്ക് വിജയകരമായി ഈണം മൂളുന്നയാള്‍ സംഗീതസംവിധായകന്‍ ആകും; പാട്ടിന് ഉപകരണം വായിക്കുന്ന മ്യുസിഷ്യന്‍സ് താല്കാലിക സഹായികളെന്ന നിലയില്‍ പിന്നില്‍ നില്‍ക്കും (ക്രെഡിറ്റും വലിയ വരുമാനവും ഒന്നും ഇല്ലാതെ). ഇതിനിടയില്‍ നിന്നുകൊണ്ട് രണ്ടുവിഭാഗത്തെയും കൂട്ടിയിണക്കിയിരുന്ന ശേഖര്‍ ഇല്ലാതായതോടെ  മ്യുസിഷ്യന്‍സ് പലരും സ്വന്തം നിലയില്‍ സംഗീത സംവിധാനത്തിന് ഇറങ്ങി ഗിറ്റാറിസ്റ്റ്‌ രാജയ്യ (ഇളയരാജ), അക്കൊര്‍ഡിയന്‍ വിദഗ്ധന്‍ കെ.ജെ.ജോയി എന്നിങ്ങനെ. സ്വന്തമായി ഒര്‍ക്കെസ്ട്ര അറെന്ജ് ചെയ്യാമെന്ന് കോണ്ഫിഡെന്‍സ് വന്ന സാമുവലിനെ(ശ്യാം)പ്പോലെയുള്ള സഹായികളും സ്വതന്ത്രമായി. ഒരല്‍പം കഴിഞ്ഞു ദേവരാജന്‍ മാഷുടെ അനുവാദത്തോടെ ജോണ്‍സണും കോറസ് ഗായകന്‍ രവീന്ദ്രനും സംഗീതസംവിധാനം തുടങ്ങി. അങ്ങനെ ചലച്ചിത്ര ഗാന രംഗത്ത്‌ പുതുവഴികള്‍ തുറന്നുകൊണ്ട് പുതിയ തലമുറ രംഗത്തെത്തി.
 
ലാന്‍ഡിങ് നോട്ട് : ശേഖര്‍ ഇല്ലാതായ സമയം മലയാള ചലചിത്ര സംഗീത രംഗത്തുണ്ടായ പ്രതിസന്ധിയുടെ ആഴം ചൂണ്ടിക്കാട്ടാന്‍ ഒരുദാഹരണം പറയാം.
ഐ വി ശശിയുടെ പ്രശസ്തമായ 'അവളുടെ രാവുകള്‍' റെക്കോര്‍ഡിംഗ് നടക്കാനിരിക്കുന്നു. ലോ ബജറ്റ് പടം. കുറഞ്ഞ നിരക്കില്‍  പാട്ട് ചെയ്യാന്‍ എ. ടി. ഉമ്മറെ ഏല്‍പ്പിച്ചു. അദ്ദേഹം ആ സമയത്തിനു ഗള്‍ഫ് പരിപാടിക്ക് പോയി അവിടെ കുടുങ്ങിപ്പോയി. ശശിയാണെങ്കില്‍, പുതുക്കക്കാരനെങ്കിലും അപ്പം ചുടുന്ന പോലെ സിനിമ എടുത്തുകൊണ്ടിരിക്കുന്നു. ഷൂട്ടിങ്ങിനു മുന്‍പേ പാട്ട് തീരണം. ശേഖര്‍ ഉണ്ടായിരുന്നെങ്കില്‍ സംഗീതസംവിധായകന്‍ സ്ഥലത്തില്ലെങ്കില്‍ പോലും ശൈലി മനസ്സിലാക്കി, അതേമട്ടില്‍ ഈണം കൊടുത്തു 'ചത്തു പണിയെടുത്ത്' രായ്ക്കുരാമാനം പാട്ട് ഇറക്കിയേനെ.  ഉമ്മറിനെ സഹായിക്കാന്‍ നിന്നിരുന്ന ഗുണസിംഗിനു കോണ്ഫിഡെന്‍സ് ഇല്ല (അദ്ദേഹം പിന്നീട് ചില പടങ്ങളില്‍ സംഗീതം നല്കിയിട്ടുണ്ട്).

ഒടുവില്‍ ശശി തന്നെ ഒരു 'കടുംവെട്ട്' പരിപാടി ചെയ്തു ഹിന്ദി ട്യുണുകള്‍ ഡബ് ചെയ്യുക. അദ്ദേഹം ചില LP റിക്കാര്‍ഡുകള്‍ വരുത്തി ബിച്ചു തിരുമലയെ കേള്‍പ്പിച്ചു പാട്ടെഴുതിച്ചു.  ലതയുടെ രണ്ടു പാട്ടുകള്‍ ഒന്ന് 'സ്വാമി' (1977) യില്‍ രാജേഷ്‌ റോഷന് വേണ്ടിപാടിയ 'പല്‍ ഭര്‍ മെ .. (https://www.youtube.com/watch?v=ulCCXkpCHzk), രണ്ടാമത്തേത് ഝീല്‍ കെ ഉസ് പാറില്‍ (1973)
RD ബര്‍മന് വേണ്ടി പറ്റിയ 'കെഹ് രഹെ .. (https://www.youtube.com/watch?v=sOmjB75V4y8). ആദ്യത്തേത് 'രാകേന്ദു കിരണങ്ങള്‍' (https://www.youtube.com/watch?v=3IGdGI2tv58) ആയും, രണ്ടാമത്തേത് 'ഉണ്ണി ആരാരിരോ' ആയും (https://www.youtube.com/watch?v=hPVj83qTs8M) ജാനകിയുടെ ശബ്ദത്തില്‍ പുനര്‍ജനിച്ചു. റെക്കോര്‍ഡ്‌ ചെയ്യുമ്പോള്‍ പാട്ട് പ്ലേ ചെയ്തു ജാനകി കൂടെ പാടുകയായിരുന്നു. ഡബ്ബിംഗ് ആണെന്ന് ഗായിക അറിഞ്ഞില്ല. സിങ്ങറുടെ ബൂത്തില്‍ നിന്ന് പാടുമ്പോള്‍ റെക്കോര്‍ഡിസ്റ്റ്  എന്ത് ചെയ്യുന്നു എന്ന് കാണാന്‍ പറ്റില്ല. പാട്ടില്‍ ലതയുടെ വോയ്സ് വരുമ്പോള്‍ ശബ്ദം കുറയ്ക്കും. ആ സമയം ഫില്ലിംഗ് നടത്താന്‍ ഗുണസിംഗ് ഒര്‍ക്കെസ്ട്ര ഒരുക്കിയിരുന്നതുകൊണ്ട് ജാനകിക്ക് യാതൊരു സംശയവും തോന്നിയതും ഇല്ല. (ഇത് ഐ വി ശശി ഒരു ഇന്റര്‍വ്യൂവില്‍ സമ്മതിച്ചതാണ്). ഒറിജിനല്‍ സംഗീത സംവിധായകന്‍ ഉമ്മര്‍ക്ക നാട്ടില്‍ വരുമ്പോഴേക്ക്‌ പാട്ടുകള്‍ വമ്പന്‍ ഹിറ്റായി കഴിഞ്ഞിരുന്നു !
(തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സില്‍ ശാസ്ത്രജ്ഞനാണ് ലേഖകന്‍. മെയില്‍: manoj@physicist.net ).

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top