26 February Wednesday

നൃത്തം ചെയ്യുന്ന വിരലുകളിലെ മേഘസന്ദേശം; തബലയിലെ ഹിമാലയം, ഉസ്‌താദ് അഹമ്മദ്‌ ജാൻ ധിരക്‌‌വ

നദീം നൗഷാദ‌് noushadnadeem@gmail.comUpdated: Sunday Dec 8, 2019

സംഗീതത്തെ രാജകൊട്ടാരങ്ങള്‍ സംരക്ഷിക്കുന്ന കാലത്തായിരുന്നു അദ്ദേഹം തബല വായിച്ചു തുടങ്ങിയത്.  അദ്ദേഹം മരിക്കുന്ന കാലത്ത്‌ ദര്‍ബാറുകളില്‍നിന്ന്  സംഗീതം ജനങ്ങളിലെത്തിയിരുന്നു. പകുതി പ്രായം പോലും  ഇല്ലാത്തവരുടെ കൂടെ വായിക്കാന്‍ ഒരു മടിയുമില്ലാതെ  കാലത്തിനൊത്ത് അദ്ദേഹം സഞ്ചരിച്ചുകൊണ്ടേയിരുന്നു

 

ഉസ്‌താദ് അഹമ്മദ്‌ ജാൻ ധിരക്‌‌വ

ഉസ്‌താദ് അഹമ്മദ്‌ ജാൻ ധിരക്‌‌വ

പണ്ടത്തെ കഥയാണ്‌.  കോഴിക്കോട്ടങ്ങാടിയിലെ ഒരു സംഗീത ക്ലബ്ബിൽ തബലവാദകനായ ഒരാൾ ഉണ്ടായിരുന്നു. എല്ലാ ദിവസവും കുറേനേരം തബല വായിക്കുമായിരുന്ന അയാൾ ഒരുനാൾ  പെട്ടെന്ന് അപ്രത്യക്ഷനായി.  ഏറെക്കാലം വിവരമൊന്നും ഇല്ല.  ഒരു ദിവസം അയാൾ തിരിച്ചെത്തി, തബല വാദനത്തിൽ  പുതിയൊരു ശൈലിയുമായി. അതിന്റെ സൗന്ദര്യം എല്ലാവരെയും വിസ്‌മയിപ്പിച്ചു. ആ തബലവാദകന്റെ  പേര് അബു ഉസ്‌താദ്.  അദ്ദേഹം പോയത്‌ ലക്‌നൗവിലേക്കായിരുന്നു.  തബലയിലെ ഹിമാലയം  എന്നറിയപ്പെട്ട ഉസ്‌താദ് അഹമ്മദ്‌ ജാൻ ധിരക്‌‌വയുടെ സവിധത്തിലേക്ക്.

തൊണ്ണൂറ്റി അഞ്ച് വർഷം നീണ്ട ജീവിതത്തിൽ  എൺപത്തിനാല്  വർഷവും തബല വായിച്ചു  അഹമ്മദ്‌ ജാൻ ധിരക്‌‌വ. ശക്തമായ മിന്നലിനു ശേഷം പതിക്കുന്ന ഇടിനാദം പോലെയായിരുന്നു  തബലവാദനം. അത്കൊണ്ട്  അഹമ്മദ്‌ ജാന്റെ പേരിനോടൊപ്പം  ധിരക്‌‌വ എന്ന വിശേഷണംകൂടി വന്നു.  ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഒരു സംഗീത കുടുംബത്തിൽ 1881ലാണ് അഹമ്മദ്‌ ജാനിന്റെ ജനനം. ആദ്യ പരിശീലനം വായ്‌പ്പാട്ടിൽ. അതും വളരെ ചെറുപ്പത്തിൽ. പിതാവിൽനിന്ന് സാരംഗി അഭ്യസിച്ച് അതിൽത്തന്നെ തുടക്കംകുറിച്ചു. ഉസ്‌താദ് മുനീർഖാനെ കേട്ട ശേഷമാണ് തബലവായനയിൽ കമ്പം കയറിയത്. പന്ത്രണ്ടാം വയസ്സിൽ തബലയിലേക്ക് മാറി. ധിരക്‌‌വയുടെ  നൈസർഗികമായ  കഴിവും അർപ്പണബോധവും അദ്ദേഹത്തെ മുനീർഖാന്റെ പ്രിയശിഷ്യനാക്കി.  ദിവസം പതിനാറു മണിക്കൂർവരെ തബല വായിക്കുമായിരുന്നു. തുടർച്ചയായി ഒമ്പതു വർഷം അടച്ചിട്ട മുറിയിൽ  പരിശീലനം നടത്തി. 
 
പതിനാറാം വയസ്സിൽ മുംബൈയിലായിരുന്നു  അരങ്ങേറ്റം. പിന്നീട് ഉത്തരേന്ത്യയിലെ ഏറ്റവും തിരക്കുള്ള തബല വാദകനായി. 1936ൽ രാംപുർ നവാബിന്റെ കൊട്ടാരം സംഗീതഞ്ജനായി. ലക്‌നൗവിലെ ഭാത്‌ഖണ്ഡെ കോളേജിൽ തബല പഠനവകുപ്പ് മേധാവിയായി. അഹമ്മദ്‌ ജാന് എല്ലാ ശൈലിയിലും വായിക്കാൻ അറിയാമായിരുന്നു. എങ്കിലും പിന്തുടർന്നത്‌ ഫാറൂഖാബാദ് ഖരാനയാണ്.
 
മറാഠി നാടകവേദിയിലെ ഇതിഹാസം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാൽ ഗന്ധർവയുമൊത്തുള്ള അദ്ദേഹത്തിന്റെ വായന  പ്രശസ്‌തം. ബാൽ ഗന്ധർവ പാടി അഭിനയിക്കുമ്പോൾ ധിരക്‌വ തബലയിൽ ഉണ്ടാക്കുന്ന  നാദങ്ങൾ അത്ഭുതകരമാണ്. ഗന്ധർവ–- ധിരക്‌വ സഖ്യം  നാടകവേദിയുടെ ഉന്നതിയിൽ  നിന്നകാലം  പഴയ തലമുറയ്‌ക്ക്‌ ഇപ്പോഴും സുഖമുള്ള ഓർമ. 
 
വിരലുകളുടെ സഞ്ചാരം, സാങ്കേതിക വൈദഗ്‌ധ്യം, എല്ലാ ഖരാനകളേയും കുറിച്ചുള്ള അഗാധമായ അറിവ്, ഇടിമുഴക്കം പോലുള്ള നാദം എന്നിവയെല്ലാമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതകൾ. തബലയെ ഏകവാദക കല എന്നരീതിയിൽ വളർത്തി കൊണ്ടുവന്നതിൽ ധിരക്‌വയുടെ സംഭാവന വളരെ വലുതാണ്‌. അത് ജനകീയമാവാനും കാരണം അദ്ദേഹത്തിന്റെ വായന തന്നെ. ധിരക്‌വയുടെ  തബല വായന പഴയ തലമുറയിലെ തബല  വായനക്കാരെ വളരെയധികം സ്വാധീനിച്ചിരുന്നു. നല്ലൊരു വായ്‌പ്പാട്ടുകാരൻകൂടി ആയിരുന്ന അദ്ദേഹം അത് തുടർന്നിരുന്നെങ്കിൽ ഉസ്‌താദ് ബഡേ ഗുലാം  അലിഖാൻ, ഉസ്‌താദ് ആമിർഖാൻ  എന്നിവർക്കൊപ്പമാവുമായിരുന്നു സ്ഥാനം. ധിരക്‌വയെപോലെ ഇരുവരും സാരംഗി വാദകരായാണ്  സംഗീതജീവിതം തുടങ്ങിയത്. 
  
ധിരക്‌വ  മരിക്കുന്നതിനു നാല് വർഷംമുമ്പ് ഫിലിം ഡിവിഷൻ ചെയ്‌ത ഡോക്യുമെന്ററിയുടെ പേര് തബലയിലെ ഹിമാലയ പർവതം എന്നായിരുന്നു. അതിലും മികച്ചൊരു വിശേഷണം ആ പ്രതിഭയെ അടയാളപ്പെടുത്താൻ വേറെയില്ല. ധിരക്‌വയുടെ  വായ്‌പ്പാട്ടോടെയാണ്  ഡോക്യുമെന്ററി അവസാനിക്കുന്നത്. 
 
പത്തൊമ്പതാം നൂറ്റാണ്ടിൽ തുടങ്ങി ഇരുപതാം നൂറ്റാണ്ടിന്റെ അവസാനംവരെ  നാലുതലമുറകളോടൊപ്പം ധിരക്‌വ തബല വായിച്ചു. ഉസ്‌താദ് അല്ലാദിയ ഖാൻ, പണ്ഡിറ്റ്‌ ഭാസ്‌കർറാവു ഭാക്‌ലെ, ഇംദാദ്ഖാൻ, ഹാഫിസ് അലിഖാൻ, ഗൗഹാർജാൻ  എന്നിവരെ കൂടാതെ  തന്നെക്കാൾ പ്രായം കുറഞ്ഞവരായ  രവിശങ്കർ, വിലായത് ഖാൻ, ബിസ്‌മില്ല ഖാൻ, അംജദ് അലിഖാൻ  എന്നിവരെയും ധിരക്‌വ അനുഗമിച്ചു. സംഗീതത്തെ രാജകൊട്ടാരങ്ങൾ സംരക്ഷിക്കുന്ന കാലത്തായിരുന്നു  വായിച്ചു തുടങ്ങിയത്.   മരിക്കുന്ന കാലത്ത്‌  ദർബാറുകളിൽനിന്ന്  സംഗീതം ജനങ്ങളിലെത്തിയിരുന്നു. പകുതി പ്രായം പോലും  ഇല്ലാത്തവർക്കൊപ്പം വായിക്കാൻ ഒരുമടിയുമില്ലാതെ  കാലത്തിനൊത്ത് അദ്ദേഹം സഞ്ചരിച്ചുകൊണ്ടേയിരുന്നു. പ്രായം  ഊർജസ്വലതയെയും ഓർമയെയും  അശേഷം തളർത്തിയില്ല. മരണംവരെ ആവേശത്തോടെ തബല വായിച്ചു. 1976 ജനവരി 13ന് വിടവാങ്ങുമ്പോൾ 95 വയസ്സുണ്ടായിരുന്നു.  
 ഇന്ത്യക്ക്  പുറത്ത്‌ അദ്ദേഹം ഒരിക്കലും വായിച്ചില്ല,  പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു അഭ്യർഥിച്ചിട്ടു പോലും. വിമാനയാത്രയെ ഭയമായിരുന്നു. പിന്നീട് അദ്ദേഹം കൊൽക്കത്തയിൽനിന്ന് ഗുവാഹതിയിലേക്ക്  വിമാനയാത്ര നടത്തി. അതിനുശേഷം ആരെങ്കിലും ക്ഷണിച്ചാൽ വിദേശത്ത്  പോവാം എന്നുണ്ടായിരുന്നു.  കാത്തിരുന്നെങ്കിലും ആ ക്ഷണം ഒരിക്കലുംവന്നില്ല. 
 
ഒരുകാലത്ത് കേരളത്തിൽ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കേന്ദ്രമായിരുന്ന പഴയ കോഴിക്കോട് നഗരത്തിൽ ഉസ്‌താദ് അഹമ്മദ്‌ ജാൻ ധിരക്‌വയുടെ ശിഷ്യനായ അബു ഉസ്‌താദിന്റെ വായന കേട്ടവർ ആ ശൈലിയിൽ ആകൃഷ്‌ടരായിരുന്നു. നഗരത്തിലെ സംഗീത ക്ലബ്ബുകളിൽ തബലവാദകരുടെ സുവർണയുഗമായിരുന്ന കാലം. അബു ഉസ്‌താദിനെ കൂടാതെ ബിച്ചമ്മു ഉസ്‌താദ്, അരച്ചെണ്ട ഉമ്മർ എന്നിവരും അവരെ തുടർന്ന് തബല ഉസ്മാൻ, വെങ്കിച്ചൻ (ഡി അബൂബക്കർ) കുമാർ ഉസ്‌താദ്, പുരന്ദരദാസ് എന്നിവരും തബലയെ  ജനകീയമാക്കി.  പരിമിതമായ യാത്രാ സൗകര്യം മാത്രമുള്ള കാലത്താണ്‌ അബു ഉസ്‌താദ്‌ ലക്‌നൗവിൽ പോയി തബല പഠിച്ചത്‌.  തിരച്ചുവന്ന അബു ഉസ്‌താദ്‌  ഒരുപാട് പേരെ  പഠിപ്പിച്ചു. തബല പഠിക്കാൻ മോഹിച്ച് കൈയിൽ പണമില്ലാതെ നടന്നവരും അതിൽ ഉൾപ്പെടും. കറുപ്പിന്റെ അമിത ഉപയോഗം  അബു ഉസ്‌താദിന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചിരുന്നു. അതുതന്നെ  അദ്ദേഹത്തിന്റെ മരണത്തിനും കാരണമായി. അതിനുശേഷം ധിരക്‌വയുടെ  ശൈലി പഠിച്ച തലമുറയുടെ കണ്ണികൾ എവിടെയോ മുറിഞ്ഞുപോയി.
പ്രധാന വാർത്തകൾ
 Top