23 October Friday

വേദനയുടെ കടല്‍ നീന്തിയ ഗസൽ രാജ്ഞി

നദീം നൗഷാദ‌് noushadnadeem@gmail.comUpdated: Sunday Oct 20, 2019

ബീഗം അക്‌തർ

വ്യക്‌തിപരമായ  ദുഃഖങ്ങളുടെ വിശാലമായ കടൽ തന്നെ താണ്ടേണ്ടിവന്ന  ഗായികമാർ ചുരുക്കമായിരിക്കും.  ചെറുപ്രായത്തിൽ മധുരപലഹാരത്തിൽ വിഷം നൽകി കൊലപ്പെടുത്താനുള്ള അച്ഛന്റെ വീട്ടുകാരുടെ ശ്രമത്തെ അതിജീവിച്ചു ബീഗം അക്‌തർ. ആ ശ്രമത്തിൽ ഇരട്ടസഹോദരിയുടെ മരണം. കൗമാരത്തിൽ ഒരു നാട്ടുരാജാവിന്റെ ലൈംഗികാക്രമണം. ഭർത്താവ്‌ പാട്ടുവിലക്കിയതോടെ വിഷാദരോഗത്തിന്റെ തടവിൽ. ഒടുവിൽ പാട്ടിലൂടെ തന്നെയുള്ള രോഗമോചനം.  1974 ഒക്‌ടോബർ 30ന്‌ അന്തരിച്ച ഗസൽ രാജ്‌ഞി ബീഗം അക്‌തറിനെക്കുറിച്ച്‌

കടുത്ത വേദനയിലൂടെ കടന്നുപോയ ഗായികയാണ് ബീഗം അക്തർ. ഏ മുഹബ്ബത്ത് തെരെ അൻജാംപേ രോനാ ആയാ എന്ന ഗസൽ കേൾക്കുന്നവർക്ക് ആ വിഷാദമനുഭവിക്കാനാകും. കുട്ടിക്കാലത്തെ ഒറ്റപ്പെടൽ, കൗമാരത്തിലെ ഏകാന്തത, ദാമ്പത്യത്തിലെ  താളപ്പിഴ എല്ലാം  സ്വാസ്ഥ്യം കെടുത്തിയപ്പോൾ അവ അവരുടെ പാട്ടിലെ നിശ്ശബ്ദരോദനമായി.

 ഫൈസാബാദിൽ അസ്ഗർ ഹുസൈൻ എന്ന അഭിഭാഷകന് രണ്ടാം ഭാര്യ മുഷ്തരിയിൽ പിറന്ന ഇരട്ടപ്പെൺകുട്ടികളിൽ ഒരുവൾ. ബിബ്ബി എന്ന്‌ വിളിപ്പേര്. കൂടപ്പിറന്നവൾ സൊഹറ.  ആദ്യഭാര്യയും കുടുംബവും മുഷ്തരിയെ സ്വീകരിക്കുമെന്ന  ഉറപ്പിലായിരുന്നു വിവാഹം. ആദ്യനാളുകളിൽ അസ്ഗർ ഇടയ്‌ക്കിടെ  മുഷ്തരിയുടെ അടുത്ത് വരാറുണ്ടായിരുന്നു.  ആദ്യഭാര്യയുടെയും  കുടുംബത്തിന്റെയും സമ്മർദം കാരണം  പിന്നീട് സന്ദർശനം കുറഞ്ഞു. മുഷ്തരി ക്രമേണ ഒറ്റപ്പെട്ട ജീവിതത്തോട് പൊരുത്തപ്പെട്ടു. 
 
ഒരുദിവസം മുഷ്തരി വീട്ടുജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോൾ രണ്ട് മക്കളും വരാന്തയിൽ ബോധംകെട്ടുകിടക്കുന്നത് കണ്ടു.  വായിൽ  നുരയും പതയും. സമീപം മധുരപലഹാരങ്ങൾ ചിതറിക്കിടന്നു. ആരോ  കുട്ടികൾക്ക് വിഷം പുരട്ടിയ മധുരപലഹാരം നൽകിയതാകാമെന്ന് മുഷ്തരി  ഊഹിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൊഹയെ രക്ഷിക്കാനായില്ല.
 
സഹോദരിയെ നഷ്ടപ്പെട്ട ബിബ്ബിയുടെ ഏകാന്തജീവിതം ദുഷ്‌കരമായിരുന്നു. പല രാത്രികളിലും അച്ഛൻ കാണാൻ വരുമെന്ന് പ്രതീക്ഷിച്ച്‌ ഉറങ്ങാതെ കാത്തിരുന്നു നിരാശപ്പെട്ടു. ഇതിനിടെ കോളറ പടർന്നുപിടിച്ചു മുഷ്തരിയുടെ  മാതാപിതാക്കളും സഹോദരങ്ങളും മരിച്ചു. അവരെ സഹായിക്കാൻ ആ നഗരത്തിൽ ആരുമില്ലാതെയായി.
 
ചെറുപ്പത്തിൽത്തന്നെ ബിബ്ബിക്ക് പാട്ടിനോട് വല്ലാത്ത കമ്പം  ഉണ്ടായിരുന്നു. ഒരിക്കൽ സ്‌കൂളിൽ വന്ന പ്രശസ്‌ത ഗായിക ഗൗഹർജാന് ബിബ്ബി ഒരു പാട്ടുപാടി ക്കൊടുത്തപ്പോൾ ഗൌഹർ അവൾക്കൊരു സമ്മാനം കൊടുത്തു. അതുമായി വീട്ടിലെത്തിയ മകളെ അമ്മ ശകാരിച്ചു: “ഞാൻ നിന്നെ സ്‌കൂളിൽ അയക്കുന്നത് പഠിക്കാനാണ്, പാട്ട് പാടാനല്ല. നമ്മുടെ കുടുംബത്തിൽ പെൺകുട്ടികൾ പാടാറില്ല എന്ന് നിനക്കറിയാലോ.”  പാടണമെന്ന തീരുമാനത്തിൽ ബിബ്ബി ഉറച്ചുനിന്നു. ക്രമേണ അമ്മയുടെ നിലപാട് മയപ്പെട്ടു.
 
മുഷ്തരിയുടെ  ജീവിതത്തിൽനിന്ന് ദുരന്തങ്ങൾ വിട്ടുപോയില്ല. ഒരു ദിവസം രാത്രി മുഹറം ആഘോഷസമയത്ത്‌  ആരോ  വീടിന് തീയിട്ടു. അമ്മയും മകളും രക്ഷപ്പെടരുത്‌ എന്ന് ഉറപ്പിച്ച് മുൻവാതിൽ പുറത്തുനിന്ന് പൂട്ടിയിരുന്നു. ഈ സമയം ഇരുവരും അയൽവീട്ടിൽ ആയിരുന്നു.  വീട് കത്തിയമരുന്നത് മുഷ്തരിയും മകളും  വേദനയോടെ നോക്കിനിന്നു. ഭർത്തൃവീട്ടുകാർ ആയിരുന്നു അതിനുപിന്നിൽ. അടുത്ത ദിവസം  മുഷ്തരി ഗയയിലെ  ബന്ധു യൂസഫ്‌ ഹുസൈന്റെ അടുത്തേക്ക് പോയി.
 
 യൂസഫ്‌ ഹുസൈൻ അവരെ സ്വീകരിച്ചു. അദ്ദേഹം ബിബ്ബിയുടെ പാടാനുള്ള കഴിവിനെ   പ്രോത്സാഹിപ്പിച്ചു. സുഹൃത്തായ ഉസ്‌താദ് ഇംദാദ് ഖാന്റെ അടുത്തേക്ക് അവളെ സംഗീതം പഠിപ്പിക്കാൻ അയച്ചു. പിന്നീട് ഉസ്‌താദ്  അത മുഹമ്മദ്‌ ഖാന്റെ അടുത്തുനിന്ന്‌ പഠിച്ചു. ഇതിനിടെ സ്റ്റേജിൽ പാടാൻ അവസരം. ജീവകാരുണ്യ പരിപാടിയായിരുന്നു. വലിയ ഗായകരെ പ്രതീക്ഷിച്ച സദസ്സ് ഒരു ചെറിയ പെൺകുട്ടിയെ കണ്ടു ആദ്യം സംശയിച്ചു. പിന്നീട് അവർ പാട്ടിൽ ലയിച്ചിരുന്നു.  അക്തരിഭായ് ഫൈസാബാദിയുടെ  അരങ്ങേറ്റം കേമമായി. പാട്ട് കേൾക്കാൻ  ഒരു ഗ്രാമഫോൺ കമ്പനിയുടെ ഉടമ ജിതേന്ദ്രനാഥ ഘോഷും വന്നിരുന്നു. അദ്ദേഹം  അവളുമായി ഒരു കരാറിൽ ഒപ്പുവച്ചു. ആദ്യറെക്കോഡ്‌ വൻവിജയം. ദീവാന ബനാനാ ഹോ തോ എന്ന ഗസൽ റെക്കോഡ്‌  അതിവേഗം വിറ്റുപോയി.
 
അക്കാലത്ത്  ഞെട്ടിപ്പിക്കുന്ന ഒരു സംഭവം  ബിബ്ബിയുടെ  ജീവിതത്തിലുണ്ടായി. ബിഹാറിലെ സംഗീതപ്രേമിയായ നാട്ടുരാജാവ് അവളെ  കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. രാത്രി വൈകുംവരെ അവളെക്കൊണ്ട്  ദീവാനാ ബനാന ഹോ തോ എന്ന ഗസൽ പാടിപ്പിച്ചു. അത് വീണ്ടും വീണ്ടും ആവർത്തിച്ചുകൊണ്ടിരുന്നു.  പരിപാടി കഴിഞ്ഞപ്പോൾ രാജാവ് ബിബ്ബിയെ  മുറിയിലേക്ക് വിളിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു. ആ രാത്രി അവസാനിക്കുംവരെ. അർധബോധാവസ്ഥയിലായ  മകളെ കണ്ട് മുഷ്തരി കരഞ്ഞു. ഇതൊക്കെ പതിവാണെന്നും ഒന്നും മിണ്ടാതെ സ്ഥലം വിടണമെന്നുമായിരുന്നു കൊട്ടാരം ഉദ്യോഗസ്ഥരുടെ കല്പന.
 
മുഷ്തരി മകളെ ലഖ്‌നൗവിലേക്ക് കൊണ്ടുപോയി.  ആറാഴ്‌ചയ്‌ക്കുശേഷമാണ് അവൾക്ക് പൂർണബോധം തിരിച്ചുകിട്ടിയത്. അവൾ ഗർഭിണിയായി. അവിടെ ആരും അറിയാതെ  ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. അപ്പോൾ വയസ്സ്‌ പതിമൂന്ന്‌.  സമൂഹത്തെ ഭയന്ന് മുഷ്തരി അത് തന്റെ കുഞ്ഞാണെന്ന് പറഞ്ഞു. അങ്ങനെ മകളെ സഹോദരിയായി വളർത്തേണ്ട ദുര്യോഗവും ബീഗം അക്തറിനുണ്ടായി. ഇതിനുശേഷം വീണ്ടും ഗ്രാമഫോൺ റെക്കോഡുകളിൽ പാടാൻ തുടങ്ങി. ഇടക്കാലത്ത്  സിനിമാലോകത്ത് പ്രവേശിച്ചെങ്കിലും അത്‌ തന്റെ തട്ടകമല്ലെന്ന്‌ മനസ്സിലാക്കി പിന്മാറി.  
 
ഇരുപത്തൊമ്പതാം വയസ്സിൽ ബിബ്ബി ബാരിസ്റ്റർ ഇഷ്‌താഖ് അഹമ്മദ്‌ അബ്ബാസിയെ വിവാഹം കഴിച്ചു. ഭർത്താവിന്റെ  നിർദേശം മാനിച്ച് നിരാശയോടെ   പൊതുവേദികളിൽനിന്ന് പിന്മാറി. അത് അവളെ  വിഷാദത്തിലേക്ക് തള്ളിവിട്ടു. പലതവണ  ഗർഭം അലസിപ്പോയത്  ആരോഗ്യം ക്ഷയിപ്പിച്ചു.  ഗുരുതരമായ രോഗത്തിലേക്കാണ്‌ അത് എത്തിച്ചത്. അവസാനം ഡോക്ടർമാരുടെ ഉപദേശ പ്രകാരം  പാട്ട് തുടരാൻ ഭർത്താവ്  അനുവദിച്ചു. എട്ടുവർഷത്തെ  ഇടവേളയ്‌ക്ക് ശേഷം ലഖ്‌നൗ ആകാശവാണിയിൽ  അക്തരിഭായ് ഫൈസാബാദി വീണ്ടും പാടി, ബീഗം അക്തർ എന്ന പുതിയ പേരിൽ.
 
ഗസലിനെ ശാസ്‌ത്രീയസംഗീതത്തിന്റെ തലത്തിലേക്കുയർത്തി ബീഗം അക്തർ.  ഋജുവായ ആലാപനം. സ്വകാര്യ മെഹ്‌ഫിലുകളിൽ  ഒതുങ്ങിനിന്ന ഗസലിനെ ജനകീയമാക്കിയതിൽ ബീഗം അക്തറിന്‌ വലിയ പങ്കുണ്ട്‌. അതുകൊണ്ട് ബീഗം  മലിക–--എ– ഗസൽ(ഗസൽ രാജ്ഞി) എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ജദ്ദൻഭായ്, ബർക്കത്ത് അലിഖാൻ,  ഗൌഹർജാൻ, മലികജാൻ എന്നിവരുടെ പാട്ടുകൾ ബീഗത്തെ പ്രചോദിപ്പിച്ചിരുന്നു.
 
നല്ല മദ്യപാനിയും നിർത്താതെ പുകവലിക്കുന്നയാളും  ആയിരുന്നു ബീഗം അക്തർ എന്ന്  സംഗീതനിരൂപകൻ മോഹൻ നാദ്‌കർണി തന്റെ പുസ്‌തകത്തിൽ രേഖപ്പെടുത്തുന്നു. പക്ഷേ ഇവ രണ്ടും  ഒരിക്കലും ബീഗത്തിന്റെ ശബ്ദത്തെ ബാധിച്ചിരുന്നില്ല എന്നതാണ് അത്ഭുതകരം. ശിഷ്യയായ റീത്ത ഗാംഗുലി എഴുതിയ ജീവചരിത്രം ബീഗം അക്തർ താണ്ടിയ വേദന വിവരിക്കുന്നു.
 
1974 ഒക്ടോബർ 26ന് ബീഗം അക്തർ അഹമ്മദാബാദിൽ ഒരു സംഗീത പരിപാടിയിൽ പങ്കെടുക്കാൻ പോയി. ഡോക്ടർമാരുടെ ഉപദേശം മാനിക്കാതെയായിരുന്നു യാത്ര. പാടിക്കൊണ്ടിരിക്കുമ്പോൾ ഹൃദയാഘാതംവന്ന്‌ സ്റ്റേജിൽ കുഴഞ്ഞുവീണു. മൂന്ന് ദിവസത്തെ ആശുപത്രിചികിത്സയ്‌ക്ക് ശേഷം ഒക്ടോബർ 30ന് അന്തരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top