23 April Tuesday

ഏകാകിക്ക് കാലം കരുതിവെച്ചത്

ബി അബുരാജ്Updated: Sunday Sep 21, 2014

യൗവനത്തിന്റെ പടികടക്കുംമുമ്പുതന്നെ ഗാനരചനയില്‍ രണ്ടു പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് രാജീവ് ആലുങ്കല്‍. നാടകത്തിലും സിനിമയിലും ആല്‍ബങ്ങളുമായി ഇതിനോടകം മൂവായിരത്തിയഞ്ഞൂറിലധികം ഗാനങ്ങള്‍. ആകാശവാണിക്കുവേണ്ടിയുള്ള ലളിതഗാനങ്ങളും ടെലിവിഷന്‍ സീരിയല്‍ഗാനങ്ങളും വേറെ.

നാടകഗാനങ്ങളിലാണ് തുടക്കം; പത്തൊമ്പതാം വയസ്സില്‍. സിനിമ സ്വപ്നം കാണാന്‍പോലും മനസ്സ് പേടിച്ചിരുന്നു അപ്പോള്‍. പക്ഷേ, രാജീവിന്റെ അക്കൗണ്ടിലിപ്പോള്‍ തൊണ്ണൂറിലേറെ സിനിമകള്‍! അതിലെല്ലാമായി ഇരുനൂറിലധികം പാട്ടുകള്‍. പ്രിയദര്‍ശന്റെ ആമയും മുയലുമാണ് പുതിയ ചിത്രം. അതില്‍ മൂന്ന് ഗാനങ്ങളുണ്ട്.

കടക്കരപ്പള്ളി കണ്ടനാട്ടുവീട്ടില്‍ മാധവന്‍നായരുടെയും ഇന്ദിരയുടെയും മകന്‍ രാജീവിനെ, രാജീവ് ആലുങ്കലെന്ന ജനപ്രിയഗാനരചയിതാവാക്കിയത് നാടകമാണ്. ഇരുനൂറിലധികം നാടകങ്ങള്‍ക്കായി ആ തൂലികയില്‍നിന്ന് ഉതിര്‍ന്നുവീണത് ആയിരം പാട്ടുകള്‍. ഗാനങ്ങള്‍ ജനങ്ങള്‍ നെഞ്ചിലേറ്റിയപ്പോള്‍ രാജീവ് ആലുങ്കലിന്റെ കല്‍പ്പനാഭംഗി വഴിയുന്ന കവിതകള്‍, ആ നക്ഷത്രത്തിളക്കത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. നിലവിളിത്തെയ്യം, ബാല്യം, ഏകാകികളുടെ ഗീതം, വേരുകളുടെ വേദാന്തം, പ്രണയാടനം എന്നീ കാവ്യസമാഹാരങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഗാനരചനയുടെ തിരക്കിനിടയിലും കവിതയെ രാജീവ് കൈവിടുന്നില്ല.

മുപ്പതുവര്‍ഷംമുമ്പ് ഒരു തുലാം പത്ത്. വയലാര്‍ രക്തസാക്ഷിദിനം. കടക്കരപ്പള്ളിയിലെ ഗ്രാമവീഥികളിലൂടെ കാറ്റില്‍ പാറിപ്പറക്കുന്ന ചെങ്കൊടിയും ആവേശമുണര്‍ത്തുന്ന മുദ്രാവാക്യങ്ങളുമായി ഒരു ജാഥ മുന്നോട്ടുനീങ്ങുകയാണ്. റോഡരുകില്‍ ജാഥയില്‍ ലയിച്ച് പത്തുവയസ്സുകാരന്‍ രാജീവ്. അജ്ഞാതമായ ഏതോ ഒരുള്‍പ്രേരണയാല്‍ അവന്‍ അതിലേക്ക് ചേര്‍ന്നു, അവസാന കണ്ണിയായി. ജാഥ രാഘവപ്പറമ്പിനു മുന്നിലെത്തിയപ്പോള്‍ അവന്റെ ഉള്ളംതുടിച്ചു. ഇത് കവിയുടെ മണ്ണ്. അച്ഛന്‍ എപ്പോഴും അഭിമാനത്തോടെ പറയാറുള്ള വയലാര്‍ രാമവര്‍മയുടെ മണ്ണ്. കണ്ണുകളടച്ച് അവര്‍ കവിയെ ധ്യാനിച്ചു.

പിന്നീട് എല്ലാ വര്‍ഷവും ഒക്ടോബര്‍ 27ന് രാജീവ് വയലാറിലെത്തി. കഴിഞ്ഞ 30 വര്‍ഷമായി ആ പതിവ് തെറ്റിയിട്ടില്ല.ഒറ്റപ്പെട്ട ബാല്യകൗമാരങ്ങളില്‍ ആശ്വാസമായി രാജീവിലേക്ക് കവിത കടന്നുവന്നതിനുപിന്നില്‍ രാഘവപ്പറമ്പിലേക്കുള്ള ഈ യാത്രകളും ഉണ്ടായിരുന്നിരിക്കണം. നാലാംവയസ്സിലാണ് രാജീവിന് അമ്മയെ നഷ്ടപ്പെട്ടത്. പിന്നീട് അനുജനായിരുന്നു കൂട്ട്. സങ്കടവലയത്തിലായ കുട്ടികളെ സന്തോഷിപ്പിക്കാന്‍ അച്ഛന്‍ എല്ലാ വൈകുന്നേരങ്ങളിലും അവരെ അടുത്തുള്ള ചേര്‍ത്തല പട്ടണത്തില്‍ കൊണ്ടുപോകും. അത്തരം സായന്തന സവാരികള്‍ക്കിടയിലാണ് വയലാറിന്റെ പുസ്തകങ്ങള്‍ അച്ഛന്‍ വാങ്ങിക്കൊടുക്കുന്നത്.

പതിനാറാംവയസ്സില്‍ ആകസ്മികമായി അനുജനും ജീവിതത്തിന്റെ പുഴകടന്ന് ഇനി തിരിച്ചുവരാത്തവിധം പോയ്മറഞ്ഞപ്പോള്‍ രാജീവും അച്ഛനും മാത്രമായി.

"ഞങ്ങള്‍ രണ്ടും ഒരു തണല്‍ തണുപ്പിലൊന്നുപോല്‍ വിങ്ങിടുന്ന നെഞ്ഞുമായി കഴിഞ്ഞുവേറെ നാള്‍'

എന്ന് "അച്ഛനും ഞാനും' എന്ന കവിതയില്‍ രാജീവ് എഴുതിയിട്ടുണ്ട്.

ഗാനരചനയിലേക്ക്

പത്തൊമ്പതാം വയസ്സില്‍ നാടകഗാനരചയിതാവായി രംഗപ്രവേശം. എം കെ അര്‍ജുനന്‍, കുമരകം രാജപ്പന്‍, ആലപ്പി വിവേകാനന്ദന്‍, ഫ്രാന്‍സിസ് വലപ്പാട്, വൈപ്പിന്‍ സുരേന്ദ്രന്‍ തുടങ്ങിയ സംഗീതസംവിധായകരുടെ ഈണത്തില്‍ രാജീവിന്റെ ഗാനങ്ങള്‍ പ്രശസ്തമായിത്തുടങ്ങി. ആ തൂലികയില്‍നിന്ന് ഇതിനകം ആയിരത്തിലധികം നാടകഗാനങ്ങള്‍ പിറവിയെടുത്തുകഴിഞ്ഞു.ഓഡിയോകാസറ്റ് വ്യവസായത്തില്‍ പ്രമുഖനായ ജോണി സാഗരിക "അത്തം' എന്ന ഓണക്കാസറ്റിന് ഗാനങ്ങളെഴുതാന്‍ ആവശ്യപ്പെട്ടു. അത്തം ഹിറ്റായി. തുടര്‍ന്ന് മുന്‍നിര കാസറ്റ് കമ്പനികളുടെ പ്രിയ എഴുത്തുകാരനായി.

സിനിമ

സിനിമയിലേക്ക് വഴിതുറന്നതും ജോണി സാഗരികയാണ്. ജോണി നിര്‍മിച്ച ഹരിഹരന്‍പിള്ള ഹാപ്പിയാണ്

എന്ന ചിത്രത്തിലെ എല്ലാ പാട്ടുകളും രാജീവിന്റേതാണ്. ഇതിലെ "തിങ്കള്‍ നിലാവില്‍...' എന്നു തുടങ്ങുന്ന ഗാനം ഹിറ്റാവുകയുംചെയ്തു. വാണിജ്യ സിനിമയുടെ ലോകത്ത് രാജീവ് ആലുങ്കല്‍ എന്ന പേര് സ്വീകരിക്കപ്പെട്ടുതുടങ്ങി. ഇപ്പോള്‍ തൊണ്ണൂറ്റിയെട്ട് ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ രചിച്ചു. പ്രിയതമേ ശകുന്തളേ (കനകസിംഹാസനം), ചെമ്പകവല്ലികളില്‍ (അറബിയും ഒട്ടകവും), കാക്കാമലയിലെ (മല്ലുസിങ്), ഇനിയും കൊതിയോടെ (ഭാര്യ ഒന്ന് മക്കള്‍ മൂന്ന്), നിലാവേ...നിലാവേ (ചട്ടക്കാരി), അര്‍ത്തുങ്കലെ പള്ളിയില്‍ (റോമന്‍സ്), കന്നിപ്പെണ്ണേ (സൗണ്ട് തോമ) തുടങ്ങി ഹിറ്റ്ഗാനങ്ങളുടെ പട്ടിക നീളുന്നു.

എ ആര്‍ റഹ്മാന്‍ താജ്മഹലിന്റെ പശ്ചാത്തലത്തില്‍ നാല് ദക്ഷിണേന്ത്യന്‍ ഭാഷകളിലുള്ള "വണ്‍ ലൗ' എന്ന പ്രണയസംഗീതശില്‍പ്പം തയ്യാറാക്കിയപ്പോള്‍ അതില്‍ മലയാളവരികള്‍ കുറിക്കാന്‍ തെരഞ്ഞെടുത്തത് രാജീവ് ആലുങ്കലിനെയാണ്.

അവാര്‍ഡുകള്‍

സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് (2012), മികച്ച നാടക ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് (2004), ഫിലിംക്രിട്ടിക്സ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു.

കുടുംബം

ഭാര്യ വീണ. ഗായിക ചിത്രയുടെ അടുത്ത ബന്ധുവാണ്. മകന്‍ ആകാശ് രാജ് രണ്ടാംക്ലാസ് വിദ്യാര്‍ഥി.

സ്വപ്നം

പുസ്തകങ്ങളില്‍ കടന്നുകൂടാത്ത ജീവിതാനുഭവങ്ങള്‍ ചേര്‍ത്ത് ഒരു തിരക്കഥ. ചുറ്റുപാടുകളെ വായിക്കുന്ന ഹൃദയവുമായി തീരെ ധൃതിയില്ലാതെ അതിനായി തയ്യാറെടുക്കുന്നു. പിന്നെ കുറെ ഗാനങ്ങള്‍കൂടി. മനുഷ്യജീവിതത്തിന്റെ നേര്‍ചിത്രമാവുന്ന ഗാനങ്ങള്‍. "കാലമെന്തോ കരുതി വച്ചിട്ടുണ്ട്കാത്തിരിക്കുവാന്‍ ചൊല്ലുന്നു മാനസം'.

പ്രധാന വാർത്തകൾ
 Top