30 January Monday

തൂഫാൻ, മെഹബൂബ... സുധാംശുവിന്റെ വരികളിൽ കെജിഎഫ്‌ ഹിറ്റ്‌

സുപ്രിയ സുധാകർUpdated: Sunday May 1, 2022

വീണ്ടും ജന്മങ്ങളിൽ നീയെൻ ഇണയാകണം നിന്റെ ഇടനെഞ്ചിൻ കൂടിൽ ഞാൻ കിളിയാവണം..

കോടികൾ വാരിക്കൂട്ടിയ കെജിഎഫ്‌ –-2 എന്ന ബ്രഹ്മാണ്ഡചിത്രത്തിലൂടെ സിനിമാസ്വാദകരുടെ ഹൃദയത്തിൽ പതിഞ്ഞ ഈ വരികൾ പിറന്നത്‌ സുധാംശുവിന്റെ തൂലികയിൽ. മൊഴിമാറ്റത്തിന്റെ തടസ്സങ്ങളൊന്നും ഇല്ലാത്ത പാട്ടുകൾ മാത്രമല്ല കെജിഎഫ്‌ ഒന്നാംഭാഗത്തിലെ സംഭാഷണങ്ങളും പാട്ടുമെല്ലാം സുധാംശുവിന്റേതുതന്നെ.

മുറിവേറ്റ സിംഹത്തിന്റെ ശ്വാസം

കന്നട സിനിമകളുടെ മലയാളത്തിലേക്ക്‌ മൊഴിമാറ്റം പൊതുവിൽ കുറവാണ്‌. കെജിഎഫ്‌ ഒന്നാംഭാഗത്തിന്റെ വിതരണച്ചുമതല കിട്ടിയ സുഹൃത്താണ്‌ മൊഴിമാറ്റത്തിനായി സുധാംശുവിനെ സമീപിച്ചത്‌. സൂപ്പർസ്റ്റാർ യഷിന്റെ അടയാളചിഹ്നമായ സിനിമ. എന്നാൽ, സിനിമ ഹിറ്റാകുമെന്ന പ്രതീക്ഷ ആദ്യഘട്ടത്തിൽ ഇല്ലായിരുന്നു. നായകൻ അപരിചിതനാണെന്നതും പ്രശ്‌നമായിരുന്നു. സംവിധായകൻ  പൂർണസ്വാതന്ത്ര്യം നൽകി. ആശയം കൈവിടരുതെന്ന ഉപാധിമാത്രമാണ്‌ വച്ചത്‌. അതോടെ ആവേശമായി. ‘മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തേക്കാൾ ഭയാനകം’ തുടങ്ങിയ പഞ്ച്‌ ഡയലോഗുകൾ നിറച്ച്‌ തിയറ്ററുകളിൽ കൈയടി നേടി.

15 മിനിറ്റിൽ പിറന്ന പാട്ട്‌

കെജിഎഫിന്റെ രണ്ടാം ഭാഗത്തിൽ പാട്ടെഴുതാൻ സംഗീതസംവിധായകൻ രവി ബസൂറാണ്‌ വിളിച്ചത്‌. ഒരു വർഷംമുമ്പ്‌ എഴുതിനൽകിയിരുന്നു. റിലീസിന്‌ രണ്ടു മാസംമുമ്പ്‌ രവി ബസൂർ വീണ്ടും വിളിച്ചു. ‘പാട്ടുകളിൽ തീപാറണം’ എന്നായിരുന്നു ആവശ്യം. അങ്ങനെയാണ്‌ തീപാറും പാട്ടായി തൂഫാൻ പിറന്നത്‌. സിനിമയിലെ പാട്ടുകളെല്ലാം മാറ്റിയെഴുതി നൽകി.‘സ്റ്റുഡിയോയിലേക്ക്‌ ചെന്നുള്ള പാട്ടെഴുത്ത്‌ പുതിയ അനുഭവമായിരുന്നു. എല്ലാ ഭാഷയിലുള്ള പാട്ടെഴുത്തുകാരും പാടുന്നവരും എല്ലാം ചേർന്ന്‌ ഉത്സവാന്തരീക്ഷമായിരുന്നു.

 

പകൽ മൂന്നോടെ പാട്ടെഴുതി നൽകി ചായ കുടിക്കുമ്പോഴുള്ള സംസാരത്തിനിടയ്‌ക്കാണ്‌ നായകനും നായികയും തമ്മിലുള്ള പ്രണയരംഗത്തിനുശേഷം നായിക വെടിയേറ്റ്‌ മരിക്കുന്നതാണ്‌ സീനെന്ന്‌ അറിഞ്ഞത്‌. ആദ്യമെഴുതിയ റൊമാന്റിക്‌ ഫീലുള്ള മെലഡിഗാനം മാറ്റാമെന്നു പറഞ്ഞു. വൈകിട്ട്‌ അഞ്ചിന്‌ റെക്കോഡ്‌ ചെയ്യാൻ നിശ്ചയിച്ച ഗാനം 15 മിനിറ്റിനകം മാറ്റിയെഴുതി നൽകി. ആ ഗാനമാണ്‌ ‘മെഹബൂബ.’

സിനിമയും സുധാംശുവും

2000ൽ നഗരവധു എന്ന സിനിമയ്‌ക്കാണ്‌ ആദ്യം പാട്ടെഴുതിയത്‌. ഇരുപതോളം സിനിമയിൽ പാട്ടെഴുതി. ഷിമോഗയിൽ എൽഎൽബി പഠിക്കാൻ പോയപ്പോഴാണ്‌  തമിഴ്‌, തെലുഗു, കന്നട, ഹിന്ദി, ഇംഗ്ലീഷ്‌, സംസ്‌കൃതം എന്നിവ പഠിച്ചത്‌. അറബിക്‌ കേട്ടാൽ മനസ്സിലാകും. ചാനലുകളിൽ വരുന്ന മൊഴിമാറ്റ സിനിമകൾക്കായാണ്‌ പാട്ടെഴുതിത്തുടങ്ങിയത്‌. കാതൽകോട്ടൈയിലെ പാട്ടുകൾ ഹിറ്റായതോടെ നിരന്തരം സിനിമകൾ കിട്ടി. എസ്‌ എസ്‌ രാജമൗലിയുടെ മഗധീര, ഗുണശേഖറിന്റെ രുദ്രമാദേവി എന്നിവയാണ്‌ അതിൽ പ്രധാനം.
ടെർമിനേറ്റർ ആറാംഭാഗം മൊഴിമാറ്റുന്നതും സുധാംശുവാണ്‌. ഡിസ്‌നിയുടെ മുംബൈയിലെ ഹെഡ്‌ ഓഫീസിൽനിന്ന്‌ സുധാംശുവിനെ നേരിട്ട്‌ വിളിക്കുകയായിരുന്നു. ചെന്നൈയിൽ ഒരു തിയറ്ററിൽ  ഒരാഴ്‌ച സിനിമ കണ്ടാണ്‌ പണി തീർത്തത്‌.

കുടുംബം

വൈക്കം തലയോലപ്പറമ്പിലെ പാരമ്പര്യ വൈദ്യകുടുംബത്തിലെ അംഗമായ സുധാംശുവിന്‌ സംഗീതവും കുടുംബത്തിൽനിന്ന്‌ കിട്ടിയതാണ്‌. ഹിന്ദു, ക്രിസ്‌ത്യൻ, മുസ്ലിം ഭക്തിഗാനങ്ങൾ തമിഴ്‌, തെലുഗു, കന്നട ഭാഷകളിൽ എഴുതിയിട്ടുണ്ട്‌. ഭക്തിഗാനത്തിന്റെ 300 സിഡിയുണ്ട്‌. സീരിയലുകളും നാടകഗാനങ്ങളും എഴുതിയിട്ടുണ്ട്‌. ഭാര്യ ദീപ്‌തി (അധ്യാപിക, ആലുവ എസ്‌എൻഡിപി എച്ച്‌എസ്‌എസ്‌), ഗീതിക (ബിരുദവിദ്യാർഥി, പാല അൽഫോൺസ കോളേജ്‌), ഗായതി (മൂന്നാംക്ലാസ്‌).

വക്കീലിൽനിന്ന്‌ അധ്യാപനത്തിലേക്ക്‌

ഷിമോഗയിൽനിന്ന്‌ നിയമപഠനം പൂർത്തിയാക്കിയ സുധാംശു 15 വർഷം അഭിഭാഷകനായിരുന്നു. തിരക്കിട്ട അഭിഭാഷകജോലിക്കിടയിലാണ്‌ കണ്ണൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ മലയാള അധ്യാപക ഒഴിവിലേക്ക്‌ സുഹൃത്തുക്കൾക്കൊപ്പം അപേക്ഷ നൽകിയത്‌. കണ്ണൂരിലേക്കൊരു യാത്ര എന്നു കരുതിയാണ്‌ പുറപ്പെട്ടത്‌. എന്നാൽ, പരീക്ഷാഫലം വന്നപ്പോൾ ഒന്നാംറാങ്ക്‌. ആറു വർഷമായി കണ്ണൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ മലയാള അധ്യാപകനാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top