30 March Thursday

പാട്ടുകള്‍ പഠിക്കാനാവാതെ

വി ടി മുരളിUpdated: Wednesday Sep 28, 2016

ഹൃദയത്തിനുള്ളില്‍ കിനിഞ്ഞിറങ്ങുന്ന, വേദനിപ്പിക്കുന്ന പാട്ടുകള്‍ ജീവിതകാലം മുഴുവന്‍ നമ്മെ വിട്ടുപിരിയുന്നില്ല. ഇത്തരം ഗാനങ്ങള്‍ എളുപ്പത്തില്‍ പഠിച്ചുപാടാന്‍ കഴിയില്ല. പഠിച്ചുതുടങ്ങുമ്പോഴേക്കും നാം ആ പാട്ടിലായിപ്പോവും. അതില്‍ വീണുപോകും. പിന്നീടതിന്റെ ഭാവാത്മകതയില്‍ ഇങ്ങനെ നിശ്ശബ്ദമായി ഇരിക്കാനേ കഴിയൂ. വീണ്ടും കേള്‍ക്കും. അപ്പോഴും അതുതന്നെ സംഭവിക്കും.

മലയാളത്തിലെന്നല്ല എല്ലാ ഭാഷകളിലും ചില പാട്ടുകള്‍ ഉണ്ട്. അത് നമുക്ക് കേള്‍ക്കാം. പക്ഷേ, പഠിക്കാനാവില്ല. കേട്ടുകേട്ട് വീണ്ടും വീണ്ടും പഠിക്കാന്‍ കഴിയില്ലെന്ന സത്യം മനസ്സിലാക്കാമെന്നല്ലാതെ അത് നമുക്ക് വഴങ്ങിത്തരില്ല. ഇങ്ങനെ പറയുമ്പോള്‍ ചിലരെങ്കിലും ധരിക്കും ഇവിടെ സൂചിപ്പിക്കുന്നത് ശാസ്ത്രീയ സംഗീതത്തിന്റെ കസര്‍ത്തുകളുള്ള പാട്ടുകളെക്കുറിച്ചാണെന്ന്. തീര്‍ച്ചയായും അല്ല. അത് സാധകബലം കൊണ്ട് സാധിച്ചെടുക്കാവുന്നതേയുള്ളൂ. തൊണ്ട കൊണ്ടുള്ള അഭ്യാസപ്രകടനങ്ങള്‍ക്ക് അനുവാചകനെ വിസ്മയിപ്പിക്കാനേ കഴിയൂ; നൊമ്പരപ്പെടുത്താന്‍ കഴിയില്ല. അസാധ്യം എന്നൊക്കെ പ്രതികരിച്ചേക്കാം. പക്ഷേ, പാട്ടില്‍ അലിഞ്ഞലിഞ്ഞില്ലാതാവുന്ന അവസ്ഥ സൃഷ്ടിക്കാന്‍ അത്തരം ഗാനങ്ങള്‍ക്കൊന്നും കഴിയുമെന്ന് തോന്നുന്നില്ല. ഗാനമേള വേദികളില്‍ അത്തരം പാട്ടുകള്‍ കുറച്ചുകാലം ജീവിക്കും. അതിനപ്പുറത്തേക്കതിന് നിലനില്‍പ്പില്ല.

പക്ഷേ, അങ്ങനെയല്ല ഭാവാത്മകമായ ഗാനങ്ങള്‍. ഹൃദയത്തിനുള്ളില്‍ കിനിഞ്ഞിറങ്ങുന്ന, വേദനിപ്പിക്കുന്ന പാട്ടുകള്‍ ജീവിതകാലം മുഴുവന്‍ നമ്മെ വിട്ടുപിരിയുന്നില്ല. ഇത്തരം ഗാനങ്ങള്‍ എളുപ്പത്തില്‍ പഠിച്ചുപാടാന്‍ കഴിയില്ല. പഠിച്ചുതുടങ്ങുമ്പോഴേക്കും നാം ആ പാട്ടിലായിപ്പോവും. അതില്‍ വീണുപോകും. പിന്നീടതിന്റെ ഭാവാത്മകതയില്‍ ഇങ്ങനെ നിശ്ശബ്ദമായി ഇരിക്കാനേ കഴിയൂ. വീണ്ടും കേള്‍ക്കും. അപ്പോഴും അതുതന്നെ സംഭവിക്കും. വീണ്ടും വീണ്ടുമുള്ള കേള്‍വിയില്‍ ഒരു കാര്യം നമ്മള്‍ അറിയുന്നു. ഇനിയും ഞാന്‍ പാട്ടിനെ, അതിന്റെ സംഗീതത്തെ മനസ്സിലാക്കിയിട്ടില്ല എന്ന്. ചില പാട്ടുകളുടെ ശ്രീകോവിലിനുള്ളിലേക്ക് നമുക്ക് പ്രവേശനമില്ല. അയിത്തം കൊണ്ടല്ല, പ്രവേശിക്കാന്‍ കഴിയാത്തതുകൊണ്ട്. അപ്പോള്‍  ആ പാട്ടിനെ തൊഴുതു മാറിപ്പോകുന്നു. ഇത്തരം പാട്ടുകള്‍ പാടാന്‍ ശ്രമിച്ച് പരാജയമടഞ്ഞവരുടെ നീണ്ട പട്ടികതന്നെ നിരത്താന്‍ കഴിയും. അവര്‍ ഈ സത്യം മനസ്സിലാക്കിയിട്ടില്ല. നമുക്ക് കേള്‍ക്കാനും നമുക്ക് പാടാനും പാട്ടുകള്‍ ഉണ്ട് എന്ന സത്യം. അത്തരം ഗായകരെ ഞാനെന്റെ

ആസ്വാദനത്തില്‍നിന്ന് പൂര്‍ണമായും മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ഒന്നുകില്‍ അവരുടെ പാട്ടില്‍ നിന്നെന്തെങ്കിലും പഠിക്കാന്‍ കഴിയണം. പാഠങ്ങള്‍ ഇല്ലെന്ന് പറഞ്ഞുകൂടാ. അങ്ങനെ പാടരുത് എന്ന പാഠം ഉണ്ടല്ലോ. അല്ലെങ്കില്‍ അതെന്നെ നൊമ്പരപ്പെടുത്തണം, ചിന്തിപ്പിക്കണം, ഉറക്കണം, ഉണര്‍ത്തണം, തലോടണം –ഇതിനൊന്നും പ്രാപ്തിയില്ലാത്ത ഒരു വെറും ശബ്ദത്തെ (മലയാളി അവര്‍ക്കിഷ്ടപ്പെട്ട സംഗീതത്തിന് സംഗീതം എന്നു പറയില്ല. നല്ല ശബ്ദം എന്നേ പറയൂ) എന്തിന് നമ്മുടെയുള്ളില്‍ കുടിയിരുത്തണം. അതു തുടങ്ങുമ്പോള്‍ത്തന്നെ ഞാന്‍ ഒഴിവാക്കുന്നു. ചില പാട്ടുകള്‍ക്ക് പ്രവേശനം തന്നെ നിഷേധിക്കുന്നു. പിന്നെയെങ്ങനെ ഉള്ളില്‍ കയറും? പുറത്തുവച്ചുതന്നെ അതിനെ പിരിച്ചുവിടുന്നു. പുതിയ പാട്ടുകളുടെ ലോകത്തുനിന്ന് മിക്കവാറും മാറി നടക്കുന്നതിന്റെയും കാരണമതാണ്.

ചില പാട്ടുകള്‍ നമ്മുടെ ഉള്ളില്‍ കാലാകാലമായി കയറിയിരിക്കും. അത്തരം ധാരാളം പാട്ടുകള്‍ മലയാളത്തിലുണ്ട്. സംഗീതശാസ്ത്രം കൊണ്ട് വിശദീകരിക്കാന്‍ കഴിയാത്ത, ഹൃദയംകൊണ്ട് മാത്രം വിശദീകരിക്കാന്‍ കഴിയുന്ന പാട്ടുകള്‍! പാട്ടുകാരന്‍ എന്ന നിലയില്‍ ചിലപ്പോള്‍ ഇത് പഠിക്കേണ്ടിവരും. അത്തരം സന്ദര്‍ഭങ്ങളില്‍ ചില പാട്ടുകളെ ഉള്ളില്‍നിന്ന് പുറത്തെടുക്കാന്‍ ശ്രമിക്കും. കഴിയില്ല. എന്നാല്‍ ആ പാട്ടിന്റെ രസാംശം എന്റെ സൌന്ദര്യചിന്തയില്‍, സംഗീത ക്രിയാത്മകതകളില്‍, ആലാപനത്തില്‍, വീക്ഷണങ്ങളില്‍, നിരീക്ഷണങ്ങളില്‍, ആസ്വാദനത്തില്‍– എല്ലാമെല്ലാം അറിയാതെ കലരുന്നുമുണ്ട്. സ്വയം തിരിച്ചറിയാന്‍ കഴിയാത്ത വിധം അവയെല്ലാം എന്നില്‍ അലിഞ്ഞുചേര്‍ന്നുപോയി.

ഇത്രയും പറഞ്ഞത് ചില പ്രത്യേക പാട്ടുകളെ മനസ്സില്‍ വെച്ചുകൊണ്ടു തന്നെയാണ്. ബാബുരാജ് സംഗീതസംവിധാനം നിര്‍വഹിച്ച രണ്ടു ഗാനങ്ങളെക്കുറിച്ചാണ്  പറയാനുള്ളത്. ഈ രണ്ടു പാട്ടുകള്‍ സംഗീത വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതാണ്. ഒരാസ്വാദനത്തിനപ്പുറം ചില പാഠങ്ങള്‍ കൂടി ഈ പാട്ടുകള്‍ നല്‍കുന്നുണ്ട്.വളരെക്കാലമായി ഈ രണ്ടു പാട്ടുകളും മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടു പാട്ടുകളും പാടിയത എസ് ജാനകി. എഴുതിയത് പി ഭാസ്കരന്‍. രണ്ടു പാട്ടുകളും എം ടിയുടെ കഥയെ ആസ്പദമാക്കി നിര്‍മിച്ച സിനിമയിലേതും. പല തവണ ശ്രമിച്ചിട്ടും ഈ പാട്ടുകള്‍ പൂര്‍ണമായി പഠിക്കാന്‍ കഴിഞ്ഞില്ല എന്നുപറഞ്ഞാല്‍ എന്റെ കഴിവുകേടായി ധരിക്കാനും സാധ്യതയുണ്ട്. അങ്ങനെ കരുതുന്നവര്‍ അങ്ങനെ കരുതട്ടെ. പാട്ടുകള്‍ കേട്ടുതുടങ്ങുമ്പോള്‍ത്തന്നെ ആ പാട്ട് ജാനകിയുടേത് മാത്രമല്ലാതാവുന്നു. എല്ലാവരും ജാനകിയമ്മയുടെ പാട്ട് ജാനകിയമ്മയുടെ പാട്ട് എന്നുപറയുമ്പോള്‍ അതെന്റെ പാട്ട് മാത്രമല്ല എന്ന് ജാനകിതന്നെ പറയുന്നതുപോലെ തോന്നും പാട്ട് കേട്ടാല്‍. അത് അമ്മുക്കുട്ടിയുടെ പാട്ടും സൈനബയുടെ പാട്ടുമല്ലേ, അത് എംടിയുടെ പാട്ടല്ലേ, പി ഭാസ്കരന്റെ പാട്ടല്ലേ, ബാബുരാജിന്റെ പാട്ടല്ലേ എന്നുപറയുന്നതുപോലെ. ഒടുവില്‍ ജാനകിതന്നെ പറയുന്നു ഇത് നിങ്ങളുടെ പാട്ടല്ലേ എന്ന്. നിങ്ങളെ നൊമ്പരപ്പെടുത്തിയ ഈ പാട്ടുകള്‍ എന്റെതല്ലാതായിത്തീര്‍ന്നില്ലേ എന്ന്. ഒരിക്കല്‍ ഏഷ്യാനെറ്റിന്റെ ഒരഭിമുഖത്തില്‍ 'ഇരുട്ടിന്റെ ആത്മാവ്' എന്ന ചിത്രത്തിലെ 'ഇരു കണ്ണീര്‍ത്തുള്ളികള്‍' എന്ന പാട്ട് പാടി എസ് ജാനകി കരഞ്ഞു. പി ഭാസ്കരന്‍ മാസ്റ്ററുടെ വരികളുടെ ആന്തരികാര്‍ഥം ആ ആന്ധ്രക്കാരി വിശദീകരിച്ചു. പാട്ട് പാടിത്തുടങ്ങിയപ്പോള്‍ അവര്‍ക്ക് കരച്ചില്‍ നിയന്ത്രിക്കാനായില്ല. അവര്‍ എം ടിയുടെ അമ്മുക്കുട്ടിയായി മാറി. ആ വരികളിലെയും ബാബുരാജിന്റെ സംഗീതത്തിലെയും മുഴുവന്‍ ജീവിതത്തെയു തന്റേതാക്കി. ഒടുവില്‍ അതെല്ലാം മലയാളിയുടെ മുഴുവനുമാക്കി മാറ്റി. പലവട്ടം ആ രംഗം ഞാന്‍ യൂട്യൂബില്‍ കണ്ടു. പാട്ട് നിര്‍ത്തിയ ഇടം കൌതുകമുണര്‍ത്തി. സിനിമയുടെ സംവിധായകന്‍ പി ഭാസ്കരന്റെ കൂടി നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കുമല്ലോ പാട്ട് എവിടെ അവസാനിപ്പിക്കണമെന്ന് നിശ്ചയിച്ചത്. ചരണം കഴിഞ്ഞ് പാട്ട് വീണ്ടും പല്ലവിയിലേക്ക് പോകുന്നില്ല.

'മഴത്തുള്ളിപോലെയവര്‍
തകര്‍ന്നുപോയി'

എന്ന വരി പാടി ഒരു നിശ്ശബ്ദതയില്‍ പാട്ടവസാനിക്കുകയാണ്. ആ ശൂന്യതയാണ് നമ്മളെ പാട്ടിനെക്കാളും വിഷമിപ്പിക്കുന്നത്. പിന്നീട് ഒരു സാധാരണ പാട്ടിലെന്നപോലെ ആ  പാട്ടിന് പല്ലവിയിലേക്ക് തിരിച്ചുപോകാന്‍ കഴിയുമായിരുന്നില്ല. അനുപല്ലവിയിലും ചരണത്തിലും ഒരേപോലെയാണെങ്കിലും രണ്ടും അവസാനിക്കുന്നത് രണ്ട് സ്ഥാനങ്ങളിലാണ്. ബാബുരാജ്  സംഗീത സംവിധായകനോ അതോ എഴുത്തുകാരനോ അതോ സിനിമാ സംവിധായകനോ എന്നുതോന്നും. അതിന്റെ സാങ്കേതികാംശത്തിലേക്ക് ഞാന്‍ കടക്കുന്നില്ല. ചരണം അവസാനിക്കുമ്പോഴേക്കും കഥാപാത്രത്തിന്റെ തകര്‍ച്ചകൂടി നമ്മള്‍ അറിയുന്നു.  അമ്മുക്കുട്ടിയുടെ ദുഃഖം അതിന്റെ ഉച്ചസ്ഥായിയില്‍, സംഗീതത്തിന്റെ ഭാഷയില്‍ താരസ്ഥായിയില്‍ എത്തിക്കുകയാണ് പാട്ടിലൂടെ ബാബുരാജ്. ഒപ്പം പ്രേക്ഷകനും കേള്‍വിക്കാരനും തകര്‍ന്നുപോകുന്ന ഒരവസ്ഥയിലേക്കാണ് പാട്ട് നമ്മെ എത്തിക്കുന്നത്. കഥാപാത്രവും എഴുത്തുകാരനും ഗാനരചയിതാവും നടിയും ഗായികയും സംഗീതസംവിധായകനും കഥയും എല്ലാം കൂടിക്കലര്‍ന്നൊരു പാട്ട്. ഇങ്ങനെയുള്ള പാട്ടുകള്‍ മലയാള സിനിമയില്‍ അത്യപൂര്‍വമായിട്ടേ കാണാന്‍ സാധ്യതയുള്ളൂ.

പഴയ ആളുകള്‍ക്കീ പാട്ടറിയാം. 1967 ലാണ് ഇരുട്ടിന്റെ ആത്മാവ് പുറത്തിറങ്ങിയത്. എം ടി വാസുദേവന്‍ നായരുടെ കഥ, തിരക്കഥ, സംഭാഷണം. അഭിനയശേഷി കുറഞ്ഞ നടന്‍ എന്ന് പ്രേംനസീറിനെ എല്ലാവരും പഴിക്കുമ്പോള്‍ നസീര്‍ അനുകൂലികള്‍ ഇരുട്ടിന്റെ ആത്മാവിലെ വേലായുധനെ മുന്‍നിര്‍ത്തിയാണതിനെയെല്ലാം പ്രതിരോധിച്ചത്. ഏത് കോണിലൂടെ നോക്കിയാലും മികച്ച കലാസൃഷ്ടി. പിന്നീടുവന്ന തലമുറയില്‍പ്പെട്ട ഗായികമാര്‍ 'ഇരുകണ്ണീര്‍ത്തുള്ളികള്‍' എന്ന ഗാനത്തെ ചില മത്സരങ്ങള്‍ക്കായി പഠിച്ചു. അവര്‍ അമ്മുക്കുട്ടിയെ കണ്ടില്ല. അവര്‍ ജാനകി കണ്ടതുപോലെ ആ വരികളുടെ ആത്മാവു കണ്ടില്ല. അവര്‍ പാട്ടിനെ ബാഹ്യമായിപ്പാടി.
അവര്‍ പാടുമ്പോള്‍ നമ്മുടെ വിധികര്‍ത്താക്കള്‍ അതിന്റെ രാഗത്തെക്കുറിച്ചും സ്വരസ്ഥാനങ്ങളെക്കുറിച്ചും സംസാരിച്ചു. അവരും എം ടിയുടെ കഥാപാത്രത്തെ അടുത്തറിയാന്‍ ശ്രമിച്ചില്ല. യൂട്യൂബില്‍ ഇതേ ഗാനം പുതിയ ഒരു പിന്നണി ഗായിക പാടിയിട്ടിരിക്കുന്നതും കേള്‍ക്കുകയുണ്ടായി. യഥാര്‍ഥ ഗാനത്തിന്റെ പ്രേതത്തെയാണ് അവര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും വിചിത്രമായ മറ്റൊരു കാര്യം ശ്രദ്ധയില്‍പ്പെട്ടു. എസ് ജാനകി പാടിയ പാട്ടിനെക്കാളും പ്രേക്ഷകര്‍ പുതിയ പാട്ടുകാരി പാടിയതിനാണുള്ളത് എന്നത്. മലയാളിയുടെ സ്വഭാവത്തിന്റെ പ്രത്യേകതയായിരിക്കാം അത്. ഇരുട്ടിന്റെ ആത്മാവിലെ രംഗത്തോടൊപ്പമുള്ള പാട്ടിനെക്കാളും മലയാളി കേട്ടതും പഠിച്ചതും ഈ പാട്ടിനെയാണെന്നല്ലേ ഇതിന്റെയര്‍ഥം.

ഒരുപക്ഷേ, ആ പുതിയ പാട്ടുകാരി പാടിയ പാട്ട് കേട്ടായിരിക്കും ഇനി വരുന്നവര്‍ പഠിക്കുന്നത.് അങ്ങനെ പാട്ട് മെലിഞ്ഞുമെലിഞ്ഞില്ലാതാവുന്നു.
'ഇരുകണ്ണീര്‍ത്തുള്ളികള്‍' എന്ന പാട്ടിന്റെ തുടക്കത്തിലെ ഈണം വച്ചുതന്നെ തുടങ്ങുന്ന മറ്റൊരു പാട്ടുണ്ട് ബാബുരാജിന്റേതായി. 'ഓളവും തീരവും' എന്ന ചിത്രത്തിലെ 'ഇടയ്ക്കൊന്നു ചിരിച്ചും, ഇടയ്ക്കൊന്നു കരഞ്ഞും' എന്ന ഗാനം. രണ്ടു പാട്ടുകളും സ്ത്രീദുഃഖത്തിന്റെ പരകോടിയില്‍ത്തന്നെ. അമ്മുക്കുട്ടിക്കുപകരം 'ഓളവും തീരവും' എന്ന സിനിമയില്‍ സൈനബയാണ്. അമ്മുക്കുട്ടി ഒരു പ്രതീക്ഷയുമില്ലാതെ പഴയ നായര്‍ തറവാട്ടില്‍ അടിമയെപ്പോലെ കഴിഞ്ഞുകൂടുന്നവള്‍. സൈനബ എല്ലാ പ്രതീക്ഷകളും തകര്‍ക്കപ്പെട്ടവള്‍. രണ്ടും രണ്ടു സംസ്കാരങ്ങള്‍. രണ്ടിടത്തും ഘനീഭവിച്ച ദുഃഖം തന്നെയാണ് സംഗീതജ്ഞന് ആവിഷ്കരിക്കാനുള്ളതെങ്കിലും ഈ വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലത്തെക്കൂടി അയാള്‍ കണക്കിലെടുക്കേണ്ടിവരുന്നു. 'ഇടയ്ക്കൊന്നു ചിരിച്ചും'  എന്ന പാട്ടിനെ മാപ്പിള സംസ്കാരത്തിലേക്ക് നയിക്കാന്‍ പി ഭാസ്കരന്‍ ഒന്നും എഴുതിവെച്ചിട്ടില്ല;  'പടച്ചവനെ' എന്നൊരുവാക്കല്ലാതെ. മറ്റു മാപ്പിളപ്പദങ്ങളൊന്നും അദ്ദേഹം പ്രയോഗിച്ചിട്ടില്ല. എന്നിട്ടും തന്റെ അസാമാന്യമായ സര്‍ഗശേഷി കൊണ്ട് ബാബുരാജ് പാട്ടിനെ ഈ സംസ്കാരത്തെ ഓര്‍മപ്പെടുത്തത്തക്ക രീതിയില്‍ സ്വരവിന്യാസം നടത്തുന്നു. വൈകാരികതകള്‍ സൃഷ്ടിക്കാനുള്ള സാമര്‍ഥ്യത്തിലൂടെ പാട്ടുകളെ രണ്ടുതരത്തിലുള്ള ദുഃഖങ്ങളാക്കി മാറ്റുന്നു. 'ഇരു കണ്ണീര്‍ത്തുള്ളികള്‍' നാട്ടഭൈരവിയുടെ സ്വരവഴികളിലൂടെയാണ് സഞ്ചരിക്കുന്നതെങ്കില്‍ ഒരു സ്വരത്തെ മാത്രം വ്യത്യാസപ്പെടുത്തി ഇടയ്ക്കൊന്നു ചിരിച്ചും എന്ന ഗാനത്തെ സിന്ധുഭൈരവിയാക്കി മാറ്റുന്നു. സിന്ധുഭൈരവിയെത്തന്നെ മാപ്പിളത്വത്തിന്റെ നാം അറിഞ്ഞ വഴികളിലൂടെ സഞ്ചരിക്കാന്‍ വിടാതെ മറ്റൊരു വഴിയിലേക്ക് വികസിപ്പിക്കുന്നു; സിന്ധുഭൈരവിയാണെന്ന് ധ്വനിപ്പിക്കുകപോലും ചെയ്യാതെ.

ഇത്തരത്തിലുള്ള അതിസൂക്ഷ്മ പ്രയോഗങ്ങളെ  ബുദ്ധിപരമായും കാണേണ്ടതുണ്ട്. രാഗങ്ങളെക്കുറിച്ചുള്ള അഗാധ പാണ്ഡിത്യത്തില്‍ നിന്നല്ല ഇത് സാധിക്കുന്നതെന്നോര്‍ക്കണം. മണ്ണില്‍ തൊട്ടുനില്‍ക്കുന്ന മനുഷ്യവികാരങ്ങളെ അനുഭവിച്ചും അനുഭവിപ്പിച്ചും അറിയുന്ന സര്‍ഗാത്മകതയാണിതിന്റെ അടിസ്ഥാനം.

താന്‍ കേട്ട സംഗീതത്തില്‍ നിന്നും അതിന്റെ ശാസ്ത്രീയ അംശങ്ങളെ മാത്രമല്ല ബാബുരാജ് സ്വാംശീകരിച്ചിരിക്കുന്നത്; വൈകാരിക വൈവിധ്യങ്ങളെക്കൂടിയാണ്. മലയാളത്തിലെ ശാസ്ത്രീയ സംഗീതജ്ഞര്‍ ബാബുരാജിന്റെ സംഗീതത്തില്‍നിന്നും പഠിക്കേണ്ടത് എങ്ങനെയാണീ രാഗങ്ങളെയെല്ലാം ജീവിതവുമായി ബന്ധിപ്പിക്കുന്നതെന്നാണ്.  അല്ലെങ്കില്‍ ജീവിതവികാരങ്ങള്‍ എങ്ങനെ രാഗങ്ങളായിത്തീരുന്നുവെന്ന്. എല്ലാം രാഗങ്ങളില്‍ നിന്നാണുണ്ടായത് എന്നുപറയുന്നതിനുപകരം ഇങ്ങനെ രാഗങ്ങളുണ്ടായി എന്നു പറയുന്നതാവും കൂടുതല്‍ ശരി. അത്തരം ജീവിതരാഗങ്ങളെ സൃഷ്ടിക്കുകയാണ് ബാബുരാജ് ചെയ്തത്. രാഗങ്ങളില്‍ നിന്ന് ഗാനങ്ങളെ സൃഷ്ടിക്കുകയല്ല. മറിച്ച് ഗാനങ്ങളില്‍നിന്ന് രാഗങ്ങളെ സൃഷ്ടിക്കുകയാണ്. അതാണ് ബാബുരാജിന്റെ സംഗീതജീവിതം നമുക്ക് നല്‍കുന്ന പാഠം. ഇങ്ങനെ ജീവിതംകൊണ്ടു രാഗങ്ങളെ സൃഷ്ടിച്ച എത്രപേര്‍ കാണും. ബാബുരാജ് ജീവിതത്തോടടുത്തു നില്‍ക്കുന്ന, ഒട്ടിനില്‍ക്കുന്ന രാഗങ്ങളെ സൃഷ്ടിക്കുകയായിരുന്നു. നാം ഈ രാഗങ്ങള്‍ക്കെല്ലാം സംഗീതശാസ്ത്രത്തിലെ പേരുകള്‍ നല്‍കി വിളിച്ചുവെന്ന് മാത്രം. നൂറുനൂറ് ജീവിതങ്ങളുടെ കഥ പറയാന്‍ ബാബുരാജ് നൂറുനൂറു രാഗങ്ങള്‍ സൃഷ്ടിച്ചു. ജീവിതത്തെക്കുറിച്ചുകൂടി പഠിച്ചാലേ ഈ രാഗങ്ങളെക്കുറിച്ചുള്ള പഠനം പൂര്‍ത്തിയാവൂ. ബാബുരാജ് നിര്‍മിച്ച രാഗങ്ങളെയെല്ലാംകൂടി നമുക്കൊറ്റപ്പേരില്‍ വിളിക്കാം; ജീവിതം.

(ദേശാഭിമാനി വാരികയില്‍ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top