04 August Tuesday

'ഉജ്വലം, അതിമനോഹരം'; ബിഗ് ബിയുടെയും മനം കവർന്ന് ആര്യ ദയാലിന്റെ ഗാനം

വെബ് ഡെസ്‌ക്‌Updated: Saturday Jul 25, 2020

കൊച്ചി > ഒരു ഗാനത്തിലൂടെ സാക്ഷാൽ അമിതാഭ് ബച്ചനെപ്പോലും അതിശയിപ്പിച്ചിരിക്കുകയാണ് മലയാളി ഗായിക ആര്യ ദയാൽ. 'സഖാവ്' കവിത ചൊല്ലി ശ്രദ്ധേയയായ ആര്യ ഇപ്പോൾ വ്യത്യസ്തമായ സംഗീത പരീക്ഷണങ്ങളിലൂടെയാണ് ഇന്ത്യയാകെ വൈറലായിക്കൊണ്ടിരിക്കുന്നത്.

കർണാടക സംഗീതത്തിലെ സ്വരങ്ങളും പാശ്ചാത്യ സംഗീതവും സമന്വയിപ്പിച്ചാണ് ആര്യയുടെ ഗാനം. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആര്യ പങ്കുവെച്ച ഗാനം നിമിഷങ്ങൾക്കുള്ളിൽ വൈറലായി മാറി. അങ്ങനെയാണ് കോവിഡ് ബാധിതനായി ആശുപത്രി ചികിത്സയിൽ കഴിയുന്ന അമിതാഭ് ബച്ചനും ഗാനം ശ്രദ്ധിച്ചത്.



'സംഗീതാസ്വാദനത്തിലെ എന്റെ പങ്കാളിയും അടുത്ത സുഹൃത്തുമായ ഒരാളാണ് ഈ വീഡിയോ എനിക്ക് അയച്ചത്. ഇതാരാണെന്ന് എനിക്കറിയില്ല.. പക്ഷെ ഇത്രയും പറയാം, കുട്ടീ, നിനക്ക് വളരെ പ്രത്യേക കഴിവ് തന്നെയാണുള്ളത്. ദൈവം അനുഗ്രഹിക്കട്ടെ. ഈ നല്ല സൃഷ്ടികൾ ഇനിയും തുടരുക. എൻറെ ആശുപത്രി ദിനത്തെ മറ്റൊരിക്കലുമില്ലാത്തവിധം നീ മനോഹരമാക്കി. കർണാടിക് സംഗീതവും വെസ്റ്റേൺ പോപ്പും സമന്വയിപ്പിക്കുക എന്നത് അത്ര നിസാരമല്ല. പക്ഷേ വളരെ ചടുലമായും എളുപ്പത്തോടെയുമാണ് അവൾ അത് ചെയ്തത്'- ബച്ചൻ കുറിച്ചു.



അപ്രതീക്ഷിതമായുള്ള ബച്ചന്റെ വാക്കുകൾ കേട്ട് ഏറെ സന്തോഷത്തിലാണ് ആര്യ. 'മേഘങ്ങൾക്ക് മുകളിലുള്ളതുപോലെയാണ് ഞാൻ. എന്റെ പാട്ട് താങ്കൾ കേൾക്കുമെന്ന് സ്വപ്‌നത്തിൽ പോലും ഞാൻ വിചാരിച്ചതല്ല. - ആര്യ ഫെയ്‌‌സ്‌ബുക്കിൽ കുറിച്ചു.


നേരത്തെ ഗായകരായ ഹരിഹരൻ, ശ്രീനിവാസ് എന്നിവരും ആര്യയെ അഭിനന്ദിച്ച് പ്രതികരിച്ചിട്ടുണ്ട്. തലശേരി ബ്രണ്ണൻ കോളേജിൽ എസ്എഫ്‌ഐ പാനലിൽ വൈസ് ചെയർപേഴ്‌സണായിരുന്നു ആര്യ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top