05 February Sunday

അലോഷി പാടുന്നു..ജനങ്ങളുടെ പാട്ട്.. ജനങ്ങൾക്കുവേണ്ടി..

രാജീവ് മഹാദേവൻUpdated: Friday Sep 23, 2022

അലോഷി ആഡംസ്

രാജീവ് മഹാദേവൻ

രാജീവ് മഹാദേവൻ

ജനകീയ ഗായകൻ അലോഷി ആഡംസ് സെപ്റ്റംബർ 16 ന് മസ്‌ക്കറ്റിൽ നടത്തിയ ഗാനസന്ധ്യയെയും, തുടർന്ന് അദ്ദേഹവുമായി നടത്തിയ സംഭാഷണത്തെയും ആസ്പദമാക്കി എഴുതിയ കുറിപ്പ്.

മഹാമാരിക്കാലം അവധി നൽകിയ സാമൂഹിക സാംസ്ക്കാരിക കൂട്ടായ്മകൾ പ്രവാസലോകത്ത് വീണ്ടും തളിർത്തു തുടങ്ങിയിരിക്കുന്നു. ഈ വർഷത്തെയും, ഭയം കാർന്നുതിന്നിരുണ്ടു നഷ്ടപ്പെട്ട മുൻ വർഷങ്ങളിലെയും ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിഭാഗത്തിൻറെ നേതൃത്വത്തിൽ സെപ്റ്റംബർ മാസം പതിനാറാം തീയതി മസ്ക്കറ്റിലെ അൽ ഫലാജ് ഹോട്ടലിൽ വച്ച് ഗംഭീരമായ ഓണസദ്യയും അനുബന്ധമായി കലാസന്ധ്യയും സംഘടിപ്പിക്കപ്പെട്ടു. കലാപരിപാടികളിൽ മുഖ്യം ജനകീയ ഗായകൻ അലോഷി ആഡംസിൻറെ സംഗീത വിരുന്നായിരുന്നു. മാനുഷരെല്ലാവരും ഒന്നുപോലെ പരിഗണിക്കപ്പെട്ടിരുന്ന സമത്വസുന്ദര, മധുരമനോജ്ഞ ഭൂതകാലത്തിൻറെ മറ്റൊലിയായി അലോഷി നിറഞ്ഞു പാടി. ഒരായിരം ചുവന്ന ഹൃദയങ്ങൾ അതേറ്റു പാടി.

അലോഷിയുടെ സംഗീത പരിപാടി മസ്‌ക്കറ്റിൽ നടന്ന സെപ്റ്റംബർ 16 ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 1973 സെപ്റ്റംബർ 16നാണ് ചിലിയിൽ ഒരു രക്ത താരകം അതിനിഷ്ടൂരമായി കൊലചെയ്യപ്പെടുന്നത്. സഖാവ് വിക്ടർ ഹാര (Victor Jara). അധ്യാപകൻ, കവി, സംഗീതജ്ഞൻ, നാടകപ്രവർത്തകൻ  ഇങ്ങനെ ബഹുമുഖ പ്രതിഭയായ് പന്തമായ് ജ്വലിച്ചു നിന്ന ഹാര. അലെൻഡയോടും ചെ ഗുവേരയോടും തോൾചേർന്ന് മാനവ വിമോചനപ്പോരാട്ട മുന്നണിയിൽ Venceremos പാടി അണിചേർന്നവൻ. 1973 സെപ്റ്റംബർ 11 നാണ് സാൽവദോർ അലെൻഡയുടെ നേതൃത്വത്തിലുള്ള പോപ്പുലർ യൂണിറ്റി ഫ്രണ്ടിനെ, അഗസ്റ്റോ പിനോഷെയുടെ നേതൃത്വത്തിൽ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുന്നത്. സി ഐ എ യുടെ കാർമികത്വത്തിൽ റിഹേഴ്‌സ് ചെയ്യപ്പെട്ട ഈ അട്ടിമറി നാടകം അതുവരെയുള്ള ലോകക്രമ പൊളിച്ചെഴുത്തിന് തുടക്കം കുറിച്ച ഒരു സംഭവമായിരുന്നു. അലെൻഡയെ അട്ടിമറിച്ച് കൊലപ്പെടുത്തി നവഉദാരീകരണത്തിൻറെ ആദ്യ വിത്തുകൾ ചിലിയിൽ വിതച്ച പിനോഷെ, അലെൻഡയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരെയെല്ലാം ഒന്നൊഴിയാതെ  ഭേദ്യം ചെയ്തത് കൊലപ്പെടുത്തി.

ഇരുപത്തിയൊൻപത് വർഷങ്ങൾക്കിപ്പുറമൊരു സെപ്റ്റംബർ പതിനാറിന് പയ്യന്നൂർക്കാരൻ  അലോഷി മസ്‌ക്കറ്റിൽ നിന്നുകൊണ്ട് നൂറുപൂക്കൾ പാടി ലാൽസലാം പറഞ്ഞത് അലെൻഡയ്ക്കും, ഹാരക്കും, നൂറു നൂറു രക്തപുഷ്പങ്ങളായ് മാറിയ ചിലിയൻ സഖാക്കൾക്കും കൂടി ആയിരുന്നു.

തന്റേതായ സംഗീത വഴികളിലൂടെ, തന്റേടത്തോടെ സഞ്ചരിക്കുകയാണ് അലോഷി. സംഗീതം കച്ചവടമായി കാണാതെ, സാംസ്ക്കാരിക വ്യവസായത്തെ തന്നാൽക്കഴിയും വിധം പ്രതിരോധിച്ചു കൊണ്ട്. ഒരു സമൂഹത്തിൽ ആധിപത്യം പുലർത്തുന്ന സംഗീതം, സാഹിത്യം, കല തുടങ്ങിയ മൂർത്ത രൂപങ്ങൾ, അമൂർത്തമായ ചിന്തകൾ, പ്രവണതകൾ, ധാരകൾ, ധാരണകൾ ഇവയെല്ലാംതന്നെ ഏറിയോ കുറഞ്ഞോ, ആ സമൂഹത്തിൽ ആധിപത്യമുള്ള വർഗ്ഗത്തിൻറെ താൽപ്പര്യത്താൽ സ്വാധീനിക്കപ്പെടുന്നുണ്ട്. ആ സ്വാധീന വലയത്തിനുള്ളിൽ നിന്ന് പുറത്തു കടന്ന്, അദൃശ്യമായ അത്തരം ഇടപെടലുകളെ തുറന്നു കാട്ടാൻ, ബദൽ സാധ്യതകൾ ആസൂത്രണം ചെയ്യാൻ സ്വന്തം സിദ്ധികളെ ഉപയോഗപ്പെടുത്തുക എന്നത് ഒരർത്ഥത്തിൽ വിപ്ലവം തന്നെയാണ്. അലോഷി ചെയ്തുകൊണ്ടിരിക്കുന്നതും അതാണ്. പുരുഷാധിപത്യ സമൂഹത്തിൽ ആധിപത്യം നിലനിർത്തുന്നത് പുരുഷ ഗൃഹാതുരത്വം (male chauvinistalgia)  ആയിരിക്കുമെന്നും, അത്തരം കോമാളി വേഷം കെട്ടലുകൾക്ക് മറുപുറത്ത് സാംസ്ക്കാരിക ദേശീയതയുടെയും കച്ചവടതാൽപ്പര്യങ്ങളുടെയും വലിയ ചതിക്കുഴികൾ തയ്യാറായി വരുന്നു എന്നത് തിരിച്ചറിയുക കലാകാരൻറെ സാമൂഹിക ബാധ്യതയാണ്.

ജനപ്രിയതയുടെ മുതലാളിത്ത നിർവചനങ്ങൾ വിപണിയിലേക്ക് വഴി തുറന്ന് പ്രേക്ഷകനെ അവിടേക്ക് തെളിച്ച് അഴിയാക്കുരുക്കിൽപ്പെടുത്തുന്നുണ്ടെന്നും, ഭക്ഷണത്തിനും ഉറക്കത്തിനുമിടയിലെ ഇടവേളയിൽ ആസ്വദിക്കാൻ പാകപ്പെടുത്തിയ സംഗീത ശാസ്ത്രീയതകളേക്കാൾ, അദ്ധ്വാന ലഹരികളിൽ അലിഞ്ഞുചേരുമ്പോഴാണ് ജനപ്രിയവും, ജനകീയവുമായ സംഗീതം ജനിക്കുന്നതെന്നും അലോഷി സാക്ഷ്യപ്പെടുത്തുന്നു. ആഘോഷത്തിൻറെ വർണ്ണപ്പൊലിമകളിലോ, അകത്തളങ്ങളുടെ ഊഷരതകളിലോ അല്ല, കവലകളുടെ, ചേരികളുടെ കല്ലും മുള്ളും നിറഞ്ഞ വഴികളിലാണ് അലോഷി തൻറെ പ്രേക്ഷകനിൽ സംഗീതം പകരുന്നത്. പ്രേക്ഷകനെ സെലിബ്രിറ്റി ആയിക്കണ്ട് അവർക്കൊപ്പമോ, അവർക്കു താഴെയോ നിലകൊള്ളാൻ ശ്രദ്ധിക്കുന്നവനാണയാൾ.

തലയ്ക്ക് മീതെ ശൂന്യാകാശം, താഴെ മരുഭൂമി എന്നു പാടിയ വയലാർ. കടലുകൾക്കപ്പുറം അതേറ്റുപാടിയ ജോൺ ലെനൻ. രാജ്യങ്ങളില്ലാത്ത, അതിർത്തികളില്ലാത്ത, ചൂഷണരഹിതമായ ഏകലോകമെന്ന കമ്യുണിസ്റ്റ് സ്വപ്നത്തെ ലളിതമായ ഭാഷയിൽ സാധാരണ മനുഷ്യനെ പാടിപ്പഠിപ്പിച്ചവരാണവർ. മനുഷ്യനു വേണ്ടി മനുഷ്യരുടെ ഇടയിൽ പാടി ജീവിച്ചവരാണ്. ഇവർ കൊളുത്തി വച്ചു പോയ പന്തമാണ് അലോഷി അവധാനപൂർവ്വം ഏന്തി മുന്നേറുന്നത്. പാർട്ടി അംഗത്വമില്ലെങ്കിലും, കമ്മ്യൂണിസമെന്ന മഹത്തായ ആശയപ്രപഞ്ചത്തിൽ തൻറെ പാട്ടുകൾക്ക് താളം കണ്ടെത്തുന്നവനാണ് അലോഷി. പ്രപഞ്ച കോണിലെവിടെയുമുള്ള സഖാക്കളുടെ സഖാവാണ്. അടിസ്ഥാനവർഗത്തിനായ് അനവരതം പൊരുതുന്നവരോട് ഐക്യപ്പെടുന്നവനാണ്. അതെ, അലോഷി കമ്മ്യൂണിസ്റ്റാണ്.

സ്വത്വ പ്രതിസന്ധി നിരന്തരം അനുഭവിക്കുന്നവരാണ് പ്രവാസികൾ. അവരൊരുതരം ‘No Man’s Land’ ൽ ജീവിക്കുന്നവരാണ്. സ്വന്തം ദേശക്കാർ അവരെ പ്രവാസികൾ എന്ന് മാറ്റി നിർത്തുമ്പോൾ, തദ്ദേശീയർ അവരെ വിദേശികൾ എന്ന് മാറ്റി നിർത്തുന്നു. പോകുന്നിടമെല്ലാം സ്വന്തമിടം എന്ന വിശാല സുന്ദര വീക്ഷണം വച്ചു പുലർത്തുന്നവരുടെ ഉള്ളിൽപ്പോലും, ദേശക്കൂറിൻറെ ജനിതക ബിന്ദുക്കൾ നിരന്തരം അസ്വസ്ഥതയുടെ കുമിളകൾ സൃഷ്ടിച്ചു കൊണ്ടിരിക്കും. അവരിൽ സ്വസ്ഥതയുടെ നൈമിഷക തലോടലുകളായി പെയ്തിറങ്ങുന്നത്; അവരിലൊരുകാലം പ്രണയ നിലാവ് പൊഴിച്ച, അവരെയൊരുകാലം മുഷ്ടി ചുരുട്ടി നടത്തിയ, അവരോടൊപ്പം പട്ടിണി കിടന്ന, കീറപ്പായയിലുറങ്ങിയ അവരുടെ സ്വന്തം പാട്ടുകളായിരിക്കും. അതിന്റെയാശ്വാസത്തിൽ അവർ മതിമറന്നു നൃത്തം ചവിട്ടും. അലോഷിയുടെ പാട്ടുകൾ ഒമാനിലെ മലയാളി പ്രവാസി സമൂഹത്തെ ഓർമകളുടെ മാഞ്ചുവട്ടിൽ കൊണ്ടു  നിർത്തി അക്ഷരാർത്ഥത്തിൽ നൃത്തം ചെയ്യിക്കുക തന്നെ ചെയ്തു. അതിൻറെ ചാരിതാർഥ്യത്തിലും, സഖാക്കളെ, സഹോദരങ്ങളെ പിരിയുന്ന നൊമ്പരത്തിലുമാണ് അലോഷി സുൽത്താൻ നാടിനോട് വിട പറഞ്ഞത്.

അലോഷിയുടെ യൂട്യൂബ് ചാനൽ:

https://www.youtube.com/channel/UCimLJe5GrUk2HZyTLEpZLyA


 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top